സെലിബ്രിറ്റികൾ പ്ലാസ്റ്റിക് സർജറിക്ക് വിധേയരാകുന്നത് പുതുമയുള്ള കാര്യമല്ല. ബോളിവുഡ് താരം ശ്രീദേവി പ്ലാസ്റ്റിക് സർജറിയുടെ പേരിൽ ഏറെ വാർത്തയിൽ നിറഞ്ഞുനിന്ന താരമാണ്. ഇപ്പോഴിതാ പ്രശസ്ത ഹോളിവുഡ് താരം ഡെമി മൂറിന് പിന്നാലെയാണ് പ്ലാസ്റ്റിക് സർജറി വിവാദങ്ങൾ കൊഴുക്കുന്നത്. പാരീസ് ഫാഷൻ വീക്കിൽ പങ്കെടുത്ത ഡെമിയുടെ ചിത്രങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാപ്പരാസികൾ വിവാദങ്ങൾ പെരുപ്പിക്കുന്നത്.
ബുധനാഴ്ച നടന്ന പാരീസ് ഫാഷൻ വീക്ക് വേദിയിൽ പങ്കെടുത്ത അമ്പത്തിയെട്ടുകാരിയായ ഡെമിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. കറുപ്പു നിറത്തിലുള്ള സിൽക്കിന്റെ ഓഫ്ഷോൾഡർ വസ്ത്രമാണ് ഡെമി ധരിച്ചിരുന്നത്. എന്നാൽ പരിപാടിക്ക് വന്ന താരത്തെ കണ്ട് അന്ധാളിച്ചിരിക്കുകയാണ് ആരാധകരിലേറെയും. ഇത് തങ്ങൾ ആരാധിക്കുന്ന ഡെമി മൂർ അല്ലെന്നു പറഞ്ഞാണ് പലരും പ്ലാസ്റ്റിക് സർജറി ചർച്ചകൾക്ക് തുടക്കമിട്ടത്.
Demi Moore appears in Paris looking nothing like Demi Moore. pic.twitter.com/bZo8Wgbqhx
— Mike Sington (@MikeSington) January 28, 2021
താരത്തെ തിരിച്ചറിയാനാവുന്നില്ല എന്നു പറഞ്ഞാണ് ക്യാറ്റ് വാക്ക് ചിത്രങ്ങൾ പലരും പ്രചരിപ്പിക്കുന്നത്. ഡെമി മൂറിനെപ്പോലെ തോന്നാതെയാണ് പാരീസ് ഫാഷൻ വീക്കിൽ ഡെമി മൂർ പങ്കെടുത്തത് എന്നും ചിലർ പറയുന്നു. ഡെമി മൂറിന്റെ മുൻകാല ചിത്രങ്ങളും ഇപ്പോഴത്തേതും ചേർത്തുവച്ചാണ് പലരും വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
നേരത്തേയും ഡെമി മൂറിനെതിരെ പ്ലാസ്റ്റിക് സർജറി ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ താനിതുവരെയും പ്ലാസ്റ്റിക് സർജറിക്ക് വിധേയയാട്ടില്ലെന്നായിരുന്നു ഡെമി അന്നെല്ലാം പ്രതികരിച്ചത്. തുടർച്ചയായുള്ള ഈ ചോദ്യങ്ങൾ തന്നെ അലോസരപ്പെടുത്തുന്നുവെന്നും ഡെമി പറഞ്ഞിരുന്നു. തന്റെ ചർമത്തിൽ സുരക്ഷിതയാണെന്നും തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് അതെന്നും ഡെമി പറഞ്ഞിരുന്നു. നിലവിൽ താൻ എങ്ങനെയിരിക്കുന്നോ അതിൽ സന്തുഷ്ടയും സംതൃപ്തയുമാണെന്നും ഡെമി പറഞ്ഞിരുന്നു.
Content Highlights: Demi Moore Sparks Plastic Surgery Rumours After Fendi Show Appearance