സൗന്ദര്യകാര്യത്തിലെന്ന പോലെ ആരോഗ്യകാര്യത്തിലും ഏറെ ശ്രദ്ധാലുക്കളാണ് സിനിമാതാരങ്ങള്‍. മിക്കപ്പോഴും തങ്ങളുടെ വര്‍ക്ക് ഔട്ട് ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമത്തില്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ബോളിവുഡ് നടി ദീപികാ പദുക്കോണും തന്റെ വര്‍ക്ക് ഔട്ട് വീഡിയോ പങ്കുവെച്ചിരുന്നു. തനിക്ക് വര്‍ക്ക് ഔട്ട് ചെയ്യുന്നത് ഇഷ്ടമാണെന്നും എന്നാല്‍, താന്‍ പൊതുവേ മടിച്ചിയാണെന്നും വീഡിയോയില്‍ താരം പറയുന്നു.

പക്ഷേ, വീഡിയോയ്ക്ക് ഒപ്പം ദീപിക നല്‍കിയ രസകരമായ കാപ്ഷനാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 'ഉള്ളത് പറയാമല്ലോ, ഞാന്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നു, കാരണം എനിക്ക് കൂടുതല്‍ കേക്ക് കഴിക്കാമല്ലോ' എന്നതായിരുന്നു വീഡിയോയുടെ ക്യാപ്ഷന്‍. 

വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ പത്ത് ലക്ഷത്തില്‍ അധികം പേരാണ് വീഡിയോ കണ്ടത്. വീഡിയോയുടെ ക്യാപ്ഷന്‍ തന്നെ പ്രചോദിപ്പിക്കുന്നതായി ഒരാള്‍ കമന്റ് ചെയ്തു. 

മുമ്പും സമാനമായ വര്‍ക്ക് ഔട്ട് വീഡിയോകള്‍ രസകരമായ ക്യാപ്ഷനോടുകൂടെ ദീപിക സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ദീപിക വര്‍ക്ക് ഔട്ട് ചെയ്യുന്നതിന്റെ വീഡിയോ അവരുടെ ഫിറ്റ്‌നെസ് ട്രെയ്‌നറായ യാസ്മിന്‍ കറാച്ചിവാലയും നേരത്തെ പങ്കുവെച്ചിട്ടുണ്ട്.

Content highlights: deepika padukone workout video, Fitness video