വിഷാദരോ​ഗത്തോട് മല്ലിട്ടതിനെക്കുറിച്ചും അതിനെ അതിജീവിച്ചതിനെക്കുറിച്ചുമൊക്കെ ബോളിവുഡ് താരം ദീപിക പദുക്കോൺ നേരത്തേ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കോൻ ബനേ​ഗാ ക്രോർപതിയുടെ പുതിയ എപ്പിസോഡിൽ അക്കാലത്തെക്കുറിച്ച് വീണ്ടും ഓർക്കുകയാണ് ദീപിക. 2014ൽ വിഷാദരോ​ഗം തന്നെ പിടിമുറുക്കിയതിനെക്കുറിച്ചും അതിനെ അതിജീവിച്ചത് എങ്ങനെയെന്നും അവതാരകനും നടനുമായ അമിതാഭ് ബച്ചനോട് പങ്കുവെക്കുകയായിരുന്നു ദീപിക. 

2014ലാണ് വിഷാദരോ​ഗം ഉണ്ടെന്ന് അറിയുന്നത്. ആളുകൾ അതേക്കുറിച്ച് സംസാരിക്കാൻ മടിക്കുന്ന കാലമായിരുന്നു. അതൊരു സ്റ്റി​ഗ്മയായി കണക്കാക്കുകയും ആളുകൾക്ക് അതേക്കുറിച്ച് അധികം ധാരണയും ഇല്ലായിുന്നു. താൻ അങ്ങനെ അനുഭവിക്കുന്നെങ്കിൽ എത്രപേർ വിഷാദരോ​ഗത്തിലൂടെ കടന്നുപോവുന്നുണ്ടാവും എന്ന ചിന്തയാണ് എല്ലാം തുറന്നു പറയാൻ പ്രേരിപ്പച്ചത്. ഒരാളുടെ ജീവനെങ്കിലും തന്റെ തുറന്നു പറച്ചിലിലൂടെ രക്ഷിക്കാൻ സാധിച്ചെങ്കിൽ എന്നായിരുന്നു മനസ്സിൽ. ഇന്ന് ആ അവസ്ഥയിൽ നിന്നും സമൂഹം ഏറെ മുന്നോട്ടുവന്നുവെന്നും ദീപിക. 

എങ്ങനെയാണ് വിഷാദരോ​ഗം ഉണ്ടെന്ന് തിരിച്ചറിഞ്ഞത് എന്ന ബച്ചന്റെ ചോദ്യത്തിനും ദീപിക കൃത്യമായി ഉത്തരം നൽകി. തന്റെ ഉള്ളിൽ ഒരു ശൂന്യത നിറഞ്ഞതുപോലെ വിചിത്രമായ തോന്നലാണ് ഉണ്ടായിരുന്നതെന്ന് ദീപിക പറഞ്ഞു. ജോലിക്ക് പോകാനോ ആരെയെങ്കിലും കാണാനോ തോന്നിയിരുന്നില്ല. പുറത്തേക്ക് പോകാൻ മടിയായി. ഒന്നും ചെയ്യാൻ തോന്നുന്നുണ്ടായിരുന്നില്ല. പലതവണ ജീവിക്കണോ എന്നു പോലും തോന്നിപ്പോയി. ജീവിതത്തിൽ ഒരു ലക്ഷ്യമില്ലാത്ത അവസ്ഥയായിരുന്നു- ദീപിക പറയുന്നു. 

മാതാപിതാക്കൾ‌ തന്റെ അവസ്ഥ തിരിച്ചറിഞ്ഞതിനെക്കുറിച്ചും ചികിത്സ തേടിയതിനെക്കുറിച്ചും താരം പങ്കുവെച്ചു. ബെം​ഗളൂരുവിൽ നിന്ന് തന്നെ കാണാനായി മുംബൈയിലേക്ക് വന്നതായിരുന്നു അവർ. തിരികെ പോവുന്നതിനിടെ എയർപോർട്ടിൽ വച്ച് താൻ വിങ്ങിപ്പൊട്ടി. അമ്മയ്ക്ക് അതു കണ്ടതും എന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലായി. അതൊരു സാധാരണ കരച്ചിൽ അല്ലെന്ന് അമ്മയ്ക്ക് തോന്നി. താൻ കരഞ്ഞത്, ഒരു സഹായത്തിനായുള്ള കരച്ചിലായിരുന്നു. അങ്ങനെയാണ് അമ്മ സൈക്യാട്രിസ്റ്റിനെ കാണാൻ‌ ആവശ്യപ്പെടുന്നത്. അങ്ങനെ ചെയ്യുകയും മാസങ്ങൾക്കുള്ളിൽ വിഷാദത്തെ അതിജീവിക്കുകയും ചെയ്തു. 

അന്നുതൊട്ട് ഇന്നോളം മാനസികാരോ​ഗ്യ രം​ഗത്ത് സജീവമായി പ്രവർത്തിക്കുന്നയാളാണ് ദീപിക. മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കായി പിന്നീട് ലിവ് ലവ് ലോഫ് ഫൗണ്ടേഷൻ എന്ന സംഘടനയ്ക്ക് തുടക്കമിടുകയും ചെയ്തു ദീപിക.

Content Highlights: Deepika Padukone On Her Battle With Depression