നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയോടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. വിഷാദരോഗത്തെ അതിജീവിച്ച കഥകള്‍ ധാരാളം പങ്കുവച്ചിട്ടുള്ള നടി ദീപിക പദുക്കോണ്‍ മുന്നോട്ടു വച്ചിരിക്കുന്ന ക്യാംപയിന്‍ ശ്രദ്ധേയമാവുകയാണ്. #Dobarapoocho(വീണ്ടും ചോദിക്കൂ) എന്ന ഹാഷ്ടാഗോടെയാണ് മാനസികാരോഗ്യത്തിന്റെ പ്രാധാന്യം പങ്കുവെക്കുന്ന വീഡിയോ ദീപിക പോസ്റ്റ് ചെയ്തിരിക്കുന്നത്. 

വിഷാദരോഗമോ സമാനമായ മറ്റെന്തെങ്കിലും മാനസിക വിഷമങ്ങളോ നേരിടുന്നവര്‍ നിങ്ങള്‍ക്കിടയിലുണ്ടോ എന്നു പരിശോധിക്കാന്‍ ആവശ്യപ്പെടുകയാണ് ദീപിക. നാലു വ്യത്യസ്ത കഥകളിലൂടെയാണ് വിഷാദരോഗം അനുഭവിക്കുന്നവരോട് പ്രശ്‌നങ്ങള്‍ തുറന്നുപറയാന്‍ തുടര്‍ച്ചയായി ആവശ്യപ്പെടേണ്ടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് വീഡിയോയില്‍ പങ്കുവെക്കുന്നത്. 

വിഷാദരോഗത്തില്‍ നിന്നും കരകയറിയ അനുഭവങ്ങള്‍ നിരവധി തവണ ദീപിക പങ്കുവച്ചിട്ടുണ്ട്. മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവരെ സഹായിക്കാനായി Live Love Laugh എന്നൊരു സംഘടനയും ദീപിക നടത്തുന്നുണ്ട്. 

സുശാന്തിന്റെ മരണത്തിനു പിന്നാലെയും വിഷാദരോഗം തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ദീപിക പോസ്റ്റ് ചെയ്തിരുന്നു. തുറന്നുപറയുക എന്നത് എളുപ്പമല്ലെന്നും എന്നാല്‍ സംസാരിക്കാനും പങ്കുവെക്കാനും സഹായം തേടാനും ശ്രമിക്കണമെന്നുമാണ് ദീപിക കുറിച്ചത്. ഒറ്റയ്ക്കല്ലെന്ന വിശ്വാസത്തോടെ പ്രതീക്ഷയോടെ മുന്നോട്ടു പോവുകയാണ് വേണ്ടതെന്നും ദീപിക പറഞ്ഞിരുന്നു. 

2015ലാണ് ദീപിക താന്‍ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രചരിപ്പിക്കുന്നതിനെ ആദരിച്ച് ലോകസാമ്പത്തിക ഫോറത്തിന്റെ പുരസ്‌കാരവും ഈ വര്‍ഷമാദ്യം ദീപികയെ തേടിയെത്തിയിരുന്നു.

Content Highlights: Deepika Padukone Launches Campaign To Discuss Mental Health