പെൺമക്കൾക്ക് അമ്മയേക്കാൾ അടുപ്പം അച്ഛനോടാകുമെന്ന് പറയാറുണ്ട്. അത്തരത്തിൽ അച്ഛനെക്കുറിച്ച് എത്ര പറഞ്ഞാലും മതിവരാത്തൊരു മകളാണ് റിച്ചി ആൻ കാസ്റ്റിലോ. അച്ഛന്റെ പിറന്നാൾ ദിനത്തിൽ മകളായ റിച്ചി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്. അച്ഛനെക്കുറിച്ച് മക്കൾ സാധാരണ പങ്കുവെക്കാറുള്ള അനുഭവങ്ങളല്ല റിച്ചിക്ക് പറയാനുള്ളത്. പകരം ഡൗൺസിൻഡ്രം ബാധിച്ച അച്ഛനെ ഒരുകാലത്ത് തന്റെ ജീവിതത്തിൽ നിന്ന് ഒളിപ്പിക്കുകയും ഇന്ന് അതേ അച്ഛനെയോർത്ത് അഭിമാനിക്കുകയും ചെയ്യുന്ന മകളാണ് റിച്ചി. 

അച്ഛനെ കാണുമ്പോൾ സഹപാഠികൾ കളിയാക്കിയ ഓർമകളാണ് റിച്ചിക്കുള്ളത്. പതിയെ അവളും ഭീരുവായി മാറുകയായിരുന്നു. എന്നാൽ അത്തരം പരിഹാസങ്ങളെയെല്ലാം പ്രതിരോധിക്കാൻ പ്രാപ്തമായപ്പോഴാണ് അച്ഛനിലെ മഹത്വവും റിച്ചി തിരിച്ചറിയുന്നത്. ഇന്ന് അച്ഛനെയോർത്ത് അഭിമാനിക്കുന്ന മകളാണ് താനെന്നു പറയുന്നു റിച്ചി. അച്ഛന്റെ അമ്പതാം പിറന്നാളിന് ആശംസകളറിയിച്ച് റിച്ചി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലേക്ക്....

പ്രിയപ്പെട്ട അച്ഛാ, 

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും സവിശേഷവും അത്ഭുതകരവുമായ ദിനമാണിന്ന്. ഇന്ന് അമ്പതു വയസ്സു തികഞ്ഞിരിക്കുന്നു. ഇത്രയേറെ നീണ്ടകാലം ജീവിച്ചതിന് ഞാൻ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഡോക്ടർമാരും ഇക്കാര്യത്തിൽ അത്ഭുതപ്പെട്ടിരിക്കുകയാണ്. അച്ഛൻ ഇതു വായിക്കുമോ എന്നെനിക്കറിയില്ല, പക്ഷേ എന്റെ അച്ഛനെയോർത്ത് ഞാൻ എത്ര അഭിമാനിക്കുന്നുവെന്ന് ലോകം മുഴുവനുമറിയണം.

മുമ്പ് ഒരുപാടു വർഷമെടുത്താണ് ഞാൻ എല്ലാവരെയും അഭിമുഖീകരിക്കാനുള്ള ധൈര്യം കൈവരിച്ചത്. കാരണം എല്ലാവർക്കും സത്യം അറിയണമെന്നില്ല. സ്കൂൾ കാലത്ത് നിങ്ങൾ വ്യത്യസ്തനാണെന്നു പറഞ്ഞ് എന്നെയേറെ ഒറ്റപ്പെടുത്തിയവരുണ്ട്. കുട്ടിയെന്ന നിലയിൽ എനിക്ക് നിങ്ങൾ വ്യത്യസ്തനായിരുന്നില്ല, എന്റെ അച്ഛനായിരുന്നു. അവരെല്ലാം എന്നെ കളിയാക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലായിരുന്നില്ല. വൈകാതെ ഞാനതു മനസ്സിലാക്കി, അതെന്നെ ഭീരുവാക്കുകയും ചെയ്തു. എന്നെപ്പോലൊരു ഭീരുവായ മകളേക്കാൾ നിങ്ങൾ പലതും അർഹിക്കുന്നു, സ്നേഹവും, മനസ്സിലാക്കലും ക്ഷമയും സ്വീകരിക്കലും തുടങ്ങി ഏതൊരു ഡൗൺ സിൻഡ്രമുള്ള വ്യക്തിയും അർഹിക്കുന്നവ. 

അച്ഛാ ഞാൻ കണ്ടതിൽ വച്ചേറ്റവും ശക്തനും ധീരനുമായ മനുഷ്യനാണ് നിങ്ങൾ. ജീവിതത്തിലുടനീളം ഡോക്ടർമാർ നിങ്ങളിൽ സൂചിയിറക്കി, അവിടവിടെയായി സർജറികൾ ചെയ്തു, ഡയാലിസിസ് ചെയ്തു, ഒപ്പം നീണ്ട പരിമിതികളും, പക്ഷേ നിങ്ങളൊരിക്കലും പരാതിപ്പെട്ടില്ല. ഓരോ സർജറികൾ കഴിയുമ്പോഴും എനിക്ക് ഭയമില്ല ദൈവം കൂടെയുണ്ടെന്നു പറഞ്ഞു പുഞ്ചിരിച്ചു. നിങ്ങളുടെ മോശം അവസ്ഥയും ഞാൻ കണ്ടിട്ടുണ്ട്. ക്ഷീണിതനായെന്നും വേദനിക്കുന്നുവെന്നും പറഞ്ഞു കരയുമ്പോൾ നിങ്ങളുടെ വേദന മാത്രമേ എനിക്ക് അനുഭവപ്പെടാതിരുന്നുള്ളൂ, അച്ഛന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ആ വേദന അച്ഛൻ സഹിക്കേണ്ടി വരുമായിരുന്നില്ലല്ലോ എന്നാ​ഗ്രഹിച്ചു. പല്ലുകൾ നഷ്ടപ്പെട്ടപ്പോഴും അങ്ങ് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാതിരുന്നില്ല. 

അച്ഛന് വേണ്ട സമയത്ത് കൂടെയില്ലാതിരുന്നതിൽ ഞാനെത്ര വിഷമിക്കുന്നുണ്ടെന്നു പറയാൻ വാക്കുകളില്ല. ബീച്ചിലേക്ക് ഇടയ്ക്ക് കൊണ്ടുപോവാതിരുന്നതിനും പ്രിയപ്പെട്ട ഭക്ഷണം വാങ്ങിത്തരാതിരുന്നതിനും കൂടെക്കൂടെ വരാതിരുന്നതിനുമൊക്കെ മാപ്പ്. ഇന്ന് ഞാൻ ഖേദിക്കുന്നത് ഒരേയൊരു കാര്യത്തിൽ മാത്രമാണ്, അത് അച്ഛനെ എന്റെ ജീവിതത്തിൽ നിന്നും ഒളിപ്പിച്ചു നിർത്തിയല്ലോ എന്നോർത്താണ്. കാരണം അപ്പോഴും ഞാൻ കളിയാക്കലുകളെ ഭയന്നിരുന്ന ആ കൊച്ചുപെൺകുട്ടി തന്നെയായിരുന്നു. പക്ഷേ അച്ഛൻ കരുതുന്നതിനേക്കാൾ ഞാൻ സ്നേഹിക്കുന്നുണ്ട്. 

എല്ലാവരും അച്ഛനെ ആദരിക്കുന്നുണ്ട്. എല്ലാവരിലും ചിരിയുണർത്താനുള്ള കഴിവ് അച്ഛനുണ്ട്. ചിലപ്പോൾ വളരെയേറെ ശല്യപ്പെടുത്താറുമുണ്ട്, എങ്കിലും ഞങ്ങളെല്ലാം അച്ഛനെ സ്നേഹിക്കുന്നു. അച്ഛനെക്കുറിച്ച് ഇനിയും ഏറെ പറയാനുണ്ട്. പക്ഷേ അതിവിടിയൊന്നും തീരില്ല. ഇപ്പോൾ ഞാൻ കളിയാക്കലുകളെയെല്ലാം പ്രതിരോധിക്കാൻ പ്രാപ്തമായെന്ന് കരുതുന്നു... അച്ഛൻ കാരണം ഞാൻ ഏറെ ധീരയും ശക്തയുമായിട്ടുണ്ട്... 

Content Highlights: Daughter Touching  Letter To Her Dad With Down Syndrome