വിവാഹബന്ധം വേര്‍പ്പെടുത്തുന്നതും പുനര്‍വിവാഹം ചെയ്യുന്നതുമെല്ലാം ഇന്നും ഒരു നിഷിദ്ധകാര്യമായി കരുതുന്നവരാണ് നമ്മുടെ സമൂഹത്തില്‍ ഏറെയും. വേദനാജനകമായ ബന്ധം അവസാനിപ്പിച്ച് വീണ്ടും വിവാഹം ചെയ്യുന്ന സ്ത്രീകളെ വളരെ മോശമായി ചിത്രീകരിക്കുന്നവര്‍ ഇന്നുമുണ്ട്. ഇതിനെയെല്ലാം അതിജീവിച്ച് പുതിയൊരു ജീവിതത്തിന് തുടക്കം കുറിക്കുന്നവര്‍ അസാധാരണമായ ധൈര്യം കാണിക്കേണ്ട സാഹചര്യമാണ് ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നത്.  

എന്നാല്‍, സമൂഹത്തിന്റെ ചിന്താഗതികളെയെല്ലാം പൊളിച്ചടുക്കിയ ഒരമ്മയെയും മകളെയും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. 

ആല്‍ഫാവൈഫ് എന്ന പേരിലുള്ള ട്വിറ്റര്‍ ഉപയോക്താവാണ് അമ്മയുടെ വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ട്വീറ്റില്‍ പങ്കുവെച്ചത്. വിവാഹത്തിന് മുന്നോടിയായുള്ള മെഹന്തിച്ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ് യുവതി പങ്കുവെച്ചത്. 

പുതിയ ജീവിതത്തില്‍ അമ്മ സന്തോഷവതിയാണെന്നും അമ്മയുടെ വിവാഹമോതിരം കൈമാറുന്ന ചടങ്ങ് കഴിഞ്ഞപ്പോള്‍ തന്റെ കണ്ണുകള്‍ നിറഞ്ഞുപോയെന്നും തന്റെ പുതിയ പങ്കാളിക്കൊപ്പം നില്‍ക്കുമ്പോള്‍ അമ്മ ഏറെ സുന്ദരിയാണെന്നും യുവതി കുറിച്ചു. അവരെ എന്റെ അമ്മയായി കിട്ടിയതില്‍ ഞാന്‍ ഭാഗ്യവതിയാണ്. അമ്മ വീണ്ടും വിവാഹിതയാകുന്നതില്‍ ഏറ്റവും അധികം സന്തോഷിക്കുന്ന കുട്ടിയാണ് ഞാന്. എന്റെ കണ്ണുകള്‍ നിറയുന്നു-അവര്‍ പറഞ്ഞു. താനും തന്റെ 16 വയസ്സുകാരനായ സഹോദരനും തങ്ങളുടെ കുടുംബത്തില്‍ ഒരു പുരുഷനെ അംഗീകരിക്കാത്ത ഒരു കാലമുണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ വളരെ സന്തോഷത്തോടു കൂടി ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരാളെ സ്വാഗതം ചെയ്യുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

15 വര്‍ഷം മുമ്പാണ് അമ്മ ആദ്യത്തെ വിവാഹബന്ധം അവസാനിപ്പിച്ചത്. ഒരു പതിറ്റാണ്ടിനുശേഷമാണ് പുതിയൊരു ജീവിതം തുടങ്ങുന്നതിനുള്ള ധൈര്യം നേടിയത്-യുവതി പറഞ്ഞു. 

17-ാം വയസ്സില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് വിവാഹിതയായതാണ് എന്റെ അമ്മ. എന്നാല്‍, മക്കള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള പണം പോലും അച്ഛന്‍ നല്‍കിയിരുന്നില്ല. എനിക്ക് രണ്ട് വയസ്സുള്ളപ്പോള്‍ ആണ് അച്ഛനുമായുള്ള വിവാഹബന്ധം അമ്മ വേര്‍പ്പെടുത്തുന്നത്. അതിനുശേഷം കഷ്ടപ്പാടുകള്‍ മാത്രമായിരുന്നു ബാക്കി. എന്റെ കുട്ടികാലത്തെക്കുറിച്ച് സംസാരിക്കാന്‍ എനിക്കിഷ്ടമാണ്. കാരണം, അവയാണ് എന്നെ ഇന്നത്തെ രൂപത്തിലാക്കിയത്-അവര്‍ പറഞ്ഞു. അച്ഛനുമായുള്ള ബന്ധം പിരിഞ്ഞതോടെ അമ്മയ്ക്ക് പുരുഷന്മാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. അമ്മ വീണ്ടും മറ്റൊരാളെ തിരഞ്ഞെടുക്കാന്‍ സമ്മതം കാട്ടിയതില്‍ താന്‍ ഏറെ സന്തോഷവതിയാണ്-അവര്‍ പറഞ്ഞു. വിവാഹത്തിന് താന്‍ അമ്മയ്ക്ക് സമ്മാനിച്ച മോതിരത്തിന്റെ ചിത്രവും യുവതി ട്വീറ്റ് ചെയ്തിട്ടുണ്ട്. 

ഒട്ടേറെപ്പേരാണ് യുവതിയുടെ അമ്മയ്ക്ക് ആശംസ അറിയിച്ച് കമന്റ് ചെയ്തിരിക്കുന്നത്. മാതാപിതാക്കളുടെ പുനര്‍വിവാഹത്തിന് മക്കള്‍ പിന്തുണ നല്‍കുന്ന കാഴ്ച എന്ത് മനോഹരമാണെന്ന് ഒരാള്‍ പറഞ്ഞു. വിവാഹബന്ധം വേര്‍പ്പെടുത്തുന്നത് ഒരു സാധാരണ സംഭവമാണെന്നും എല്ലാ സ്ത്രീകള്‍ക്കും സ്വപ്‌നങ്ങളുണ്ടെന്നും എല്ലാവിധ ആശംസകള്‍ നേരുന്നുവെന്നും മറ്റൊരാള്‍ ട്വീറ്റ് ചെയ്തു.

Content highlights: daughter shares pictures of her mothers second marriage, mother and daughter are so happy, social media sends wishes