മ്മമാരുടെ പോരാട്ടത്തെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവാത്തവരാണ് മിക്ക മക്കളും. അത്തരത്തില്‍ ജനനി എന്ന അമ്മയെക്കുറിച്ച് മകള്‍ പങ്കുവച്ച കുറിപ്പാണ് വൈറലാവുന്നത്. അച്ഛന്‍ ഉപേക്ഷിച്ചപ്പോഴും തന്റെ സ്വപ്‌നങ്ങള്‍ പോലും മാറ്റിവച്ച് മകള്‍ക്കായി ജീവിച്ച അമ്മയെക്കുറിച്ചുള്ള കുറിപ്പ് ഹ്യൂമന്‍സ് ഓഫ് ബോംബെ  ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുറത്തുവന്നിരിക്കുന്നത്. വിവാഹത്തിന് പലരും എതിര്‍ത്തിട്ടും കന്യാദാന ചടങ്ങിന് അമ്മയുടെ മടിയില്‍ ഇരിക്കാനുണ്ടായ തീരുമാനത്തെക്കുറിച്ചും കുറിപ്പില്‍ പറയുന്നു. തനിക്കു വേണ്ടി ചെയ്തു തന്നതിനെല്ലാം തിരിച്ച് നല്‍കാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ പ്രതിഫലമായിരുന്നു അതെന്നും കുറിപ്പില്‍ പറയുന്നു. നിരവധി പേരാണ് കുറിപ്പിനു കീഴില്‍ അമ്മയുടെയും മകളുടെയും അപൂര്‍വ സ്‌നേഹത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പിലേക്ക്...

എനിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് എപ്പോഴും ഉപദ്രവിക്കുമായിരുന്ന അച്ഛന്‍ എന്നെയും അമ്മയെയും ഉപേക്ഷിച്ചുപോവുന്നത്. അമ്മയ്ക്ക് വിവാഹത്തിന് മുമ്പ് ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. വിവാഹത്തിന് മുമ്പ് പഠിത്തം പൂര്‍ത്തിയാക്കാമെന്ന് അച്ഛന്‍ സമ്മതിച്ചതുമാണ്. പക്ഷേ പിന്നീട് അനുവദിച്ചില്ല. അമ്മയെ അച്ഛന്‍ ഉപദ്രവിക്കുന്ന ഓര്‍മകള്‍ ഇപ്പോഴും മനസ്സിലുണ്ട്, അങ്ങനെയാണ് അമ്മയുടെ ഒരു കണ്ണിന്റെ കാഴ്ച്ച 50% ശതമാനം നഷ്ടപ്പെട്ടത്. 

അമ്മ അതൊക്കെയും സഹിച്ചത് എനിക്കു വേണ്ടിയായിരുന്നു. എന്നെയും കൊണ്ട് അച്ഛന്‍ പോകുമോ എന്നതായിരുന്നു അമ്മയുടെ പേടി. പക്ഷേ പത്തു വര്‍ഷത്തിനുള്ളില്‍ സ്വന്തംകാലില്‍ നിന്ന് എനിക്ക് പിന്തുണ നല്‍കണമെന്ന് അമ്മ തിരിച്ചറിഞ്ഞു, അങ്ങനെ ഉപരിപഠനത്തിനായി എന്നെ മാമയുടെയും മാമിയുടെയും കൂടെയാക്കി അമ്മ റഷ്യയിലേക്ക് പോയി. 

പക്ഷേ അച്ഛന്‍ അമ്മയെ വഞ്ചിക്കുകയും അമ്മയുടെ സേവിങ്‌സെല്ലാം തീര്‍ക്കുകയും ചെയ്തു. അത് അമ്മ തിരിച്ചറിഞ്ഞതോടെ എന്നെയോര്‍ത്ത് ആശങ്കപ്പെട്ട് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് തിരികെ വന്നു. പക്ഷേ അമ്മ തിരിച്ചെത്തുംമുമ്പ് അച്ഛന്‍ ഹൈദരാബാദിലേക്ക് പോയി, അന്നാണ് അച്ഛനെ ഞാന്‍ അവസാനമായി കാണുന്നത്. 

എനിക്ക് വളരെയധികം കുറ്റബോധം തോന്നിയിരുന്നു, ഞാന്‍ കാരണമാണ് അമ്മയ്ക്ക് തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കഴിയാതിരുന്നത്. പക്ഷേ അമ്മ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല, വൈകാതെ നല്ലൊരു സ്ഥാപനത്തില്‍ ജോലിക്ക് കയറി. മിക്ക ദിവസങ്ങളിലും ഓവര്‍ ടൈം ജോലി ചെയ്യും. ജോലി കഴിഞ്ഞ് അമ്മ എത്തുമ്പോഴേക്കും ഞാന്‍ ഉറങ്ങിക്കാണും. വര്‍ഷങ്ങളോളം ഇങ്ങനെയായിരുന്നു ഞങ്ങളുടെ ജീവിതം. 

അമ്മ കടന്നുപോയതെല്ലാം കണ്ടതോടെ ഒരു പങ്കാളിയില്‍ എന്താണ് തേടേണ്ടതെന്ന വ്യക്തമായ ബോധ്യം എനിക്കുണ്ടായിരുന്നു. അങ്ങനെ ഏബനുമായി ആദ്യമായി സംസാരിച്ചപ്പോള്‍ തന്നെ ഞാന്‍ ശ്രദ്ധിച്ച കാര്യം അദ്ദേഹം എന്റെ അച്ഛന്റെ നേരെ എതിര്‍സ്വഭാവമായിരുന്നു, സത്യസന്ധനും വിശാല ഹൃദയനുമായിരുന്നു. അമ്മയ്ക്കും ഏബനെ ഏറെയിഷ്ടമായി, 2017ല്‍ ഞങ്ങള്‍ വിവാഹിതരായി. 

പക്ഷേ ഞാന്‍ തമിഴ് ബ്രാഹ്മിണും ഏബന്‍ ക്രിസ്ത്യാനിയും ആയതിന്റെ ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായിരുന്നു. അങ്ങനെ അമ്മ കേരളത്തില്‍പ്പോയി അദ്ദേഹത്തിന്റെ മാതാപിതാക്കളെ കണ്ട് സംസാരിച്ചു. അതും ഫലം കാണാതെ വന്നതോടെ നിങ്ങള്‍ക്കിരുവര്‍ക്കും സന്തോഷമാണെങ്കില്‍ ഞാന്‍ നിങ്ങളെ വിവാഹം കഴിപ്പിച്ചു തരാം എന്ന് പറഞ്ഞു. അമ്മയുടെ സമ്പാദ്യം ഞങ്ങളുടെ വിവാഹത്തിനായി ചെലവഴിക്കാമെന്നും പറഞ്ഞു. പക്ഷേ വൈകാതെ ഏബന്റെ വീട്ടുകാര്‍ക്കും സമ്മതമായി. 

“My abusive father left me and Amma when I was 12. Amma always wanted to become a doctor– before marriage, Appa had...

Posted by Humans of Bombay on Wednesday, November 4, 2020

വിവാഹം സംബന്ധിച്ച പദ്ധതികള്‍ നടത്തുകയായിരുന്നു. തമിഴ് ബ്രാഹ്മണ വിവാഹത്തില്‍ കന്യാദാന സമയത്ത് വധു പിതാവിന്റെ മടിയിലാണ് ഇരിക്കുക. ഒരു ബന്ധു പറഞ്ഞത് ഞാന്‍ അമ്മാവന്റെ മടിയില്‍ ഇരുന്നോട്ടെ എന്നാണ്. പക്ഷേ ഞാനെതിര്‍ത്തു. എന്റെ ജീവിതത്തിലുടനീളം അമ്മയാണ് എനിക്ക് അമ്മയും അച്ഛനുമായത്. ആര്‍ക്കെങ്കിലും എന്റെ കന്യാദാനം നടത്താന്‍ അവകാശമുണ്ടെങ്കില്‍ അത് അമ്മയ്ക്ക് മാത്രമാണ്. 

അഞ്ചോളം പുരോഹിതര്‍ ഞങ്ങളെയും ഈ ആശയത്തെയും എതിര്‍ത്തു. അത് നമ്മുടെ സംസ്‌കാരപ്രകാരം ശരിയല്ലെന്നതായിരുന്നു അവരെല്ലാം പറഞ്ഞത്. പക്ഷേ ഞാന്‍ വഴങ്ങിയില്ല. ആഴ്ച്ചകളെടുത്ത് ഇതിന് അനുകൂലം പ്രകടിപ്പിച്ച ഒരു പുരോഹിതനെ കണ്ടെത്തി. കന്യാദാന സമയത്ത് ഞാനും അമ്മയും പരസ്പരം നോക്കി, പുണര്‍ന്നു, പൊട്ടിക്കരഞ്ഞു. അതു ഞങ്ങളുടെ നിമിഷമായിരുന്നു. എനിക്ക് ചെയ്തതിനെല്ലാം, കടന്നുപോയിക്കൊണ്ടിരിക്കുന്നതിനെല്ലാം തിരിച്ച് നല്‍കാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ ബഹുമാനമാണിത്. അതിജീവിച്ചവളാണ്, പോരാളിയാണ്, എന്റെ സംരക്ഷകയാണ് എന്റെ അമ്മ..

Content Highlights: Daughter's viral facebook note about mother Humans of Bombay