സമത്വം, വൈവിധ്യം തുടങ്ങിയ വിഷയങ്ങളില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്ന സമയമാണിത്. ഒരു ദിവസത്തെയോ ഒരാഴ്ചയത്തെയോ ചര്‍ച്ചകള്‍ക്കൊണ്ട് സമൂഹത്തില്‍ വലിയതോതിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞേക്കില്ല. അതിന് നാളുകള്‍ നീണ്ട ബോധവത്കരണവും ചര്‍ച്ചയും നടക്കേണ്ടതുണ്ട്.

കറുത്ത വര്‍ഗക്കാരനും മെഡിക്കല്‍ വിദ്യാര്‍ത്ഥിയും മെഡിക്കല്‍ ഇല്ലുസ്‌ട്രേറ്ററുമായ ചിഡിബെരെ ഐബിഇ വരച്ച ഗര്‍ഭസ്ഥ ശിശുവിന്റെ ചിത്രമാണ് ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥിയുടെ ഇല്യൂസ്‌ട്രേഷന്‍ സോഷ്യല്‍ മീഡിയയില്‍ വളരെപ്പെട്ടെന്നാണ് വൈറലായത്. മെഡിക്കല്‍ ഫീല്‍ഡിലും സമൂഹത്തിലും സമത്വവും വൈവിധ്യം കൊണ്ടുവരാന്‍ നടത്തിയ ശ്രമത്തിന് നിരവധി പേരാണ് അഭിനന്ദനമറിയിച്ചത്. 

ഇരുണ്ട നിറമുള്ള അമ്മയുടെ വയറ്റില്‍ കിടക്കുന്ന ഇരുണ്ട നിറമുള്ള ഗര്‍ഭസ്ഥശിശുവിന്റെ ചിത്രമാണ് ചര്‍ച്ചാ വിഷയം. വളരെ സാധാരണമായ ഒരു കാഴ്ചയായിട്ടും എന്തുകൊണ്ട് ഇതുവരെയും ആരും ഇതിനെക്കുറിച്ച് ശ്രദ്ധിക്കാതിരുന്നതെന്നും വരയ്ക്കാതിരുന്നതെന്നും ചിത്രം റീട്വീറ്റ് ചെയ്ത് ട്വിറ്ററില്‍ അനേകം പേർ ചോദിച്ചു. 

വളരെ സാധാരണമായ കാഴ്ച ആയിരുന്നിട്ടു കൂടി നമ്മള്‍ പഠിച്ച ഒരൊറ്റ ബയോളജി പുസ്തകത്തില്‍ പോലും ഇരുണ്ടനിറമുള്ള ഗര്‍ഭസ്ഥശിശുവിനെ കാണാന്‍ സാധിച്ചിട്ടില്ല. വെളുത്ത നിറത്തോടുള്ള നമ്മുടെ അഭിനിവേശം യാര്‍ത്ഥ്യത്തില്‍നിന്ന് നമ്മെ അകറ്റിയിരിക്കുകയാണെന്ന് പലരും അഭിപ്രായപ്പെട്ടു. 

ഇതുവരെയും കാണാന്‍ കഴിയാതിരുന്ന കാഴ്ച കാണിച്ചു തന്നതിന് ഒട്ടേറെപ്പേര്‍ ചിഡിബെരെയ്ക്ക് നന്ദി അറിയിച്ചു. വളരെ മനോഹരമായി ചിത്രം വരച്ചുവെന്നും ഭ്രൂണത്തില്‍ എപ്പോഴാണ് ചര്‍മ്മത്തിന് നിറം വയ്ക്കുകയെന്ന് അറിയില്ലായിരുന്നുവെന്നും മറ്റൊരാള്‍ കമന്റു ചെയ്തു.

Content highlights: dark coloured foetus illustration discuiion on social media