ഗ്രഹങ്ങള്‍ക്ക് മുന്നില്‍ പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിക്കുന്ന നിരവധി അനുഭവകഥകള്‍ സമൂഹമാധ്യമത്തില്‍ വൈറലായിട്ടുണ്ട്. എണ്‍പതുകളിലും തൊണ്ണൂറുകളിലും ബിസിനസ് ആരംഭിച്ചതിന്റെയും ഫ്രീക് ഫോട്ടോഷൂട്ടുകള്‍ നടത്തിയതിന്റെയുമൊക്കെ കഥകള്‍ അക്കൂട്ടത്തിലുണ്ട്. ഇപ്പോള്‍ വൈറലാകുന്നതും അത്തരത്തില്‍ പ്രചോദനാത്മകമായ ഒരു വീഡിയോ ആണ്. സ്വയംമറന്ന് നൃത്തം ചെയ്യുന്ന അറുപ്പത്തിരണ്ടുകാരിയുടെ വീഡിയോ ആണത്. 

'ഡോലാ രേ ഡോലാ രേ' എന്ന ഹിന്ദി ഗാനത്തിന് ചുവടുകള്‍ വച്ച് വീണ്ടും സമൂഹമാധ്യമം കീഴടക്കിയത് രവി ബാലാ ശര്‍മ എന്ന വനിതയാണ്. മുമ്പും നിരവധി നൃത്ത വീഡിയോകള്‍ പങ്കുവച്ചിട്ടുള്ള രവി ബാല സമൂഹമാധ്യമത്തില്‍ അറിയപ്പെടുന്നതു തന്നെ ഡാന്‍സിങ് മുത്തശ്ശി എന്നാണ്. പച്ചനിറത്തിലുള്ള സല്‍വാര്‍ ധരിച്ച് നിലത്തിരുന്ന് പ്രായത്തെ വെല്ലും ഭാവപ്രകടനങ്ങളോടെ രവി ബാല നൃത്തം ചെയ്യുന്നത് കാണാന്‍ തന്നെ ഒരു ചേലാണ്. 

കുട്ടിക്കാലം തൊട്ട് തന്റെ മനസ്സില്‍ നൃത്തമായിരുന്നു എന്നും അവര്‍ പറയുന്നു. പഠനത്തേക്കാളുപരി നൃത്തത്തിനും കായിക മേഖലയ്ക്കുമൊക്കെയാണ് താന്‍ പ്രാധാന്യം നല്‍കിയിരുന്നതെന്ന് രവി ബാല പറയുന്നു. പിന്നീട് അക്കാദമിക മേഖലയിലെ സമ്മര്‍ദങ്ങള്‍ നിറഞ്ഞതോടെ നൃത്തത്തിന് പതിയെ പുറകിലേക്കാക്കുകയായിരുന്നു. ഇപ്പോള്‍ വാര്‍ധക്യത്തില്‍ വിശ്രമിച്ചിരിക്കാതെ തന്റെ ഇഷ്ട മേഖലയായ നൃത്തത്തിലേക്ക് വീണ്ടും തിരിഞ്ഞിരിക്കുകയാണ് രവി ബാല. 

ഇന്‍സ്റ്റഗ്രാമില്‍ നിരവധി ആരാധകരും മുത്തശ്ശിക്കുണ്ട്. ക്ലാസിക്കല്‍ മാത്രമല്ല ഫാസ്റ്റ് നമ്പറുകള്‍ക്ക് വരെ ചുവടുവച്ച മുത്തശ്ശിയുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. മകനൊപ്പം സ്വയംമറന്ന് നൃത്തം ചെയ്യുന്ന വീഡിയോ വരെ  മുത്തശ്ശി പങ്കുവെച്ചിട്ടുണ്ട്. 

Content Highlights: Dancing Dadi Ravi Bala Sharma Shows Off Her Killer