സ്പത്രി വരാന്തയില്‍ ഭാര്യയുടെ പ്രസവമെടുക്കുന്ന ഭര്‍ത്താവ്, പ്രസവവേദനയാല്‍ മുഖം ചുളിച്ചു നില്‍ക്കുന്ന ഭാര്യ. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ് ഈ ചിത്രങ്ങള്‍. മാന്‍ഹാട്ടനിലെ ക്രിസ്റ്റി ഹോസ്പിറ്റലിലാണ് സംഭവം. 

അര്‍ധരാത്രിയിലാണ് പ്രസവവേദന തോന്നി ജെസ് ഹോഗനും ഭര്‍ത്താവ് ട്രാവിസും ആസ്പത്രിയിലേക്ക് പുറപ്പെടുന്നത്. വേദനയുടെ കാഠിന്യത്താല്‍ ചെരുപ്പിടാന്‍ പോലും ഹോഗന് സാധിച്ചില്ല. എത്രയും പെട്ടെന്ന് ആസ്പത്രിയിലെത്തണം എന്നുമാത്രമായിരുന്നു ഇരുവരുടേയും ചിന്ത. ആശങ്കയിലായ ഹോഗനെ നോക്കി ആ നേരത്തും ട്രാവിസ് പറഞ്ഞത് ഒന്നുമാത്രമാണ്. 'നിന്റെ പ്രസവം ആസ്പത്രിയില്‍ തന്നെ നടക്കും.  പ്രസവത്തിന് മുമ്പേ നിന്നെ ആസ്പത്രിയിലെത്തിക്കും.' 

ആസ്പത്രിയിലെത്തി കാറില്‍ നിന്ന് ഇറങ്ങി എമര്‍ജന്‍സി റൂമിലേക്കുള്ള ചുവടുകള്‍ വെക്കുമ്പോഴേക്കും കുഞ്ഞ് പുറത്തേക്ക് വരുന്നതായി ഹോഗന് തോന്നി. ഉടന്‍ തന്നെ വസ്ത്രമുരിഞ്ഞ് അവള്‍ കൈ കൊണ്ട് സ്പര്‍ശിച്ചു. കുഞ്ഞിന്റെ ശിരസ്സ് പുറത്തെത്തിയിരുന്നു. നഴ്‌സുമാര്‍ ഓടിയെത്തുമ്പോഴേക്കും കുഞ്ഞ് പുറത്തേക്ക് വരാന്‍ തുടങ്ങിയിരുന്നു.

കുഞ്ഞിനെ പിടിക്കണമെന്ന ഹോഗന്‍ ട്രാവിസിന് നിര്‍ദേശം നല്‍കി. യാതൊരു സങ്കോചവും കൂടാതെ ട്രാവിസ് കുഞ്ഞിന്റെ ജനനത്തില്‍ പങ്കാളിയാവുന്നത് അങ്ങനെയാണ്. വരാന്തയില്‍ തന്നെ കിടന്ന് ഹോഗന്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഓടിയെത്തിയ നഴ്‌സുമാരും കുഞ്ഞിനെ പുറത്തെടുക്കാന്‍ ട്രാവിസിനെ സഹായിച്ചു. ട്രാവിസ് തന്നെയാണ് കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി മുറിച്ചത്. അമ്മയേയും കുഞ്ഞിനെയും പിന്നീട് എമര്‍ജന്‍സി റൂമിലേക്ക് മാറ്റി. 

Delivery
Image: Little Leapling Photography

കുഞ്ഞിന് മാക്‌സ്‌വെല്‍ അലക്‌സാണ്ടര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. മാക്‌സ്‌വെല്ലിനെ കൂടാതെ നാലുപെണ്‍മക്കള്‍ കൂടിയുണ്ട് ട്രാവിസ് - ഹോഗന്‍ ദമ്പതിമാര്‍ക്ക്. 

ഒരിക്കല്‍ പോലും ഭാര്യയുടെ പ്രസവമെടുക്കേണ്ടി വരുമെന്ന് താന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് ട്രാവിസ് പറയുന്നു. ഹോഗന് തന്റെ നന്ദിയും കടപ്പാടും എല്ലാം അറിയിക്കുന്നത് ഭര്‍ത്താവിനോടാണ്. കഴിഞ്ഞതെല്ലാം ഒരു സ്വപ്‌നമായാണ് ഇപ്പോള്‍ തോന്നുന്നത്. കുഞ്ഞ് പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നു. എനിക്ക് ട്രാവിസിനോട് നന്ദി പറയാന്‍ വാക്കുകളില്ല. എപ്പോഴും എന്റെയും കുഞ്ഞുങ്ങളുടെയും കാര്യത്തില്‍ ട്രാവിസിന് വലിയ ശ്രദ്ധയാണ്.  അദ്ദേഹം ഒരു നല്ല അച്ഛനും ഭര്‍ത്താവുമാണ്.' ഹോഗന്‍ പറയുന്നു. 

Delivery
Image: Little Leapling Photography

Content Highlights: Dad Delivered His Baby, Jes Hogan, Travis