ക്ഷിണേഷ്യയിൽനിന്ന്‌ ഗൾഫ് മേഖലയിലേക്ക് തൊഴിൽ ലക്ഷ്യമാക്കി നടത്തുന്ന കുടിയേറ്റങ്ങളിൽ ഏകദേശം 39 ശതമാനം സ്ത്രീകളാണ്. കഴിഞ്ഞ പതിറ്റാണ്ടുകളിൽ സ്ത്രീ പ്രവാസിത്തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്. ഇന്ത്യയിൽനിന്ന്‌ കേരളം, തമിഴ്‍നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള സ്ത്രീത്തൊഴിലാളികളാണ്‌ എണ്ണത്തിൽ കൂടുതൽ.

ഇവരെ പ്രധാനമായും രണ്ട് വിഭാഗങ്ങളായി പരിഗണിക്കാം. നഴ്‌സുമാർ, ആരോഗ്യമേഖലയിലെ മറ്റുദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപ്പെടുന്ന വിദഗ്ധ തൊഴിലാളികളും വീട്ടുജോലി, ക്ളീനിങ്‌, സെയിൽസ് (വിൽപ്പന) ജോലികൾ, സലൂണുകൾ, ഫാക്ടറി എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടുന്ന അവിദഗ്ധതൊഴിലാളികളും. അവരിൽത്തന്നെ വീട്ടുജോലിക്കാരായ സ്ത്രീതൊഴിലാളികളാണ് ഏറ്റവും അരക്ഷിതർ. അവർ അനുഭവിക്കുന്ന സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയാണ് ഇതിനുള്ള പ്രധാനകാരണം. തൊഴിൽദായകരുടെ പൂർണ നിയന്ത്രണത്തിലുള്ള തൊഴിലിടങ്ങളിൽ അവർ നേരിടുന്ന അന്യായവും അനീതിയും പുറംലോകം കാണാതെ പോകുന്നു. തൊഴിലുമായി ബന്ധപ്പെട്ട് ഇവരനുഭവിക്കുന്ന പ്രശ്നങ്ങൾ നോർക്ക, മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫയേഴ്‌സ് തുടങ്ങിയവയിൽ പരാതികളായി രേഖപ്പെടുത്തിയിട്ടുണ്ട്. ഗൾഫ് പ്രവാസികളായ സ്ത്രീതൊഴിലാളികളുടെ പ്രശ്നങ്ങൾ കോവിഡ് കാലത്ത് കൂടുതൽ സങ്കീർണമായിട്ടേയുള്ളൂ. ഇവ വിശകലനം ചെയ്യാനാണ് ഈ ലേഖനം ശ്രമിക്കുന്നത്.

വിദഗ്ധമേഖലയിലെ അവസ്ഥ

കോവിഡ് മഹാമാരിയുടെ കാലത്ത് ഗൾഫ് ആരോഗ്യമേഖലയിൽ ജോലിചെയ്തിരുന്ന മലയാളി നഴ്‌സുമാർക്ക് തൊഴിൽനഷ്ടം സംഭവിച്ചിട്ടില്ല എന്നത് ആശ്വാസമാണെങ്കിലും അവർ അഭിമുഖീകരിക്കേണ്ടിവന്ന പ്രശ്നങ്ങൾ ഒട്ടേറെയാണ്. ജോലിഭാരം കൂടി. എന്നാൽ, ഇതിന് ആനുപാതികമായ ശമ്പളവർധനയോ മറ്റാനുകൂല്യമോ, എന്തിന് സ്വന്തം സുരക്ഷ ശ്രദ്ധിക്കാനുള്ള സാഹചര്യംപോലും ആശുപത്രികൾ ഒരുക്കിക്കൊടുത്തില്ല. കുവൈത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ ജോലിചെയ്യുന്ന നഴ്സ് അവരുടെ അനുഭവം പങ്കുവെക്കുന്നത് ഇങ്ങനെ: സർക്കാർ ആശുപത്രികളിലെ നഴ്‌സുമാരെ കോവിഡ് സെന്ററുകളിലേക്ക് മാറ്റി നിയമിച്ചത് ജോലിഭാരം കൂടാൻ കാരണമായി. കോവിഡ് ചികിത്സ സർക്കാർ ആശുപത്രികളിലായി പരിമിതപ്പെടുത്തിയ സാഹചര്യത്തിൽ സ്വകാര്യാശുപത്രികളിലെ നഴ്സുമാരോട് ശമ്പളമില്ലാത്ത അവധിയിൽ പോകാനാവശ്യപ്പെട്ടു.

തദ്ദേശീയരായ തൊഴിലാളികളെ മാറ്റിനിർത്തിയ സാഹചര്യത്തിൽ സ്ത്രീതൊഴിലാളികളാണ്‌ കോവിഡ് ചികിത്സയിൽ സുരക്ഷിതമല്ലാത്ത പല ജോലികളും വഹിച്ചത്. ഈ കാലയളവിൽ ജോലിസമയം എട്ട് മണിക്കൂറിൽനിന്ന്‌ 12 മണിക്കൂറാക്കി ഉയർത്തിയപ്പോൾ നൽകിയ ശമ്പളവർധനയും ആനുകൂല്യങ്ങളും എന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ല. മാത്രമല്ല, താത്‌കാലിക വേതനാടിസ്ഥാനത്തിൽ അടിയന്തര സാഹചര്യം മറികടക്കുന്നതിനായി നിയമിച്ച ആളുകളെ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിചരിക്കുന്നതിന് നിയോഗിച്ചത് പ്രശ്നങ്ങൾ സൃഷ്ടിച്ചു.

ജോലിഭാരം കാരണമുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ മറികടക്കുന്നതിന് ഡ്യൂട്ടി റൊട്ടേഷൻ ആവശ്യപ്പെട്ടെങ്കിലും സർക്കാർ ആശുപത്രികളിൽവരെ അധികാരികൾ അത് നിരസിച്ചു. അവധിയെടുക്കാനുള്ള അവകാശംപോലും നിഷേധിക്കപ്പെട്ടു. പി.പി.ഇ. കിറ്റ്, മാസ്ക് തുടങ്ങിയ അത്യാവശ്യ ഉപകരണങ്ങൾ വാർഡിലുള്ളവർക്കുമാത്രമായി ചുരുക്കി. രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയതും സാമൂഹിക അകലം പാലിക്കാത്തതും ഇവരിൽ പലർക്കും രോഗം വന്നു.

താമസസ്ഥലത്തേക്കുള്ള ഒരു വഴി മാത്രമാണ് തുറന്നിരുന്നത്. അതുപയോഗിച്ച് ആശുപത്രിയിലെത്തി രോഗികളുമായും രോഗികളല്ലാത്തവരുമായും സമ്പർക്കത്തിലേർപ്പെട്ട് ഒരു സുരക്ഷാ സംവിധാനവുമില്ലാതെ വീട്ടിലെത്തി കുട്ടികളുൾപ്പെടെയുള്ളവരോട് ഇടപഴകുകയും ചെയ്യേണ്ടിവന്നു എന്നാണ് സൗദി അറേബ്യയിലെ സ്ത്രീതൊഴിലാളിയുടെ സാക്ഷ്യം.

അവിദഗ്ധമേഖല

അവിദഗ്ധമേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ കൂടുതൽ സങ്കീ൪ണമായിരുന്നു. സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തിലാണ് ജോലിചെയ്തത്. ആരോഗ്യപ്രശ്നങ്ങൾ നേരിട്ടവരെ ജോലിയിൽനിന്ന്‌ പിരിച്ചുവിട്ടു. ദുബായിലെ സ്വകാര്യകമ്പനിയിൽ ജോലിചെയ്ത സ്ത്രീതൊഴിലാളികളിൽ പലർക്കും കോവിഡ് ആരംഭത്തിൽ (ഏപ്രിൽ 2020) തന്നെ ജോലിയും താമസസ്ഥലവും നഷ്ടപ്പെട്ടു. വീട്ടുജോലിക്കാരിൽ പലർക്കും നാട്ടിലേക്ക് മടങ്ങി. 2006 മുതൽ ജോലിചെയ്യുന്ന മറ്റൊരാൾക്ക് 2020 മാർച്ചിനുശേഷം ശമ്പളമില്ലാതെ ജോലി ചെയ്യാമെങ്കിൽമാത്രം അവിടെ തുടരാനാണ് തൊഴിൽദാതാവ് നിർദേശിച്ചത്. കൃത്യമായ പാസ്പോർട്ട്‌, വിസ എന്നിവയില്ലാതെ നിയമവിരുദ്ധമായി ജോലിചെയ്തിരുന്നവർ നേരിട്ട പ്രശ്നങ്ങൾ ഒട്ടേറെയാണ്. പാർട്ട് ടൈം വ്യവസ്ഥയിൽ പല വീടുകളിലും ജോലിചെയ്തിരുന്നവർക്കും ജോലി നഷ്ടപ്പെട്ടു.

സൗദി അറേബ്യയിൽ സ്ത്രീതൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന സാമൂഹികപ്രവർത്തകയായ മഞ്ജുവിന്റെ അഭിപ്രായത്തിൽ, പല സ്ത്രീകളും കോവിഡ് കാലത്ത് മാനസിക സംഘർഷങ്ങൾക്കുപുറമേ ശാരീരികപീഡനങ്ങൾക്കും വിധേയരായി. രണ്ട് ജോലികൾ ചെയ്തിട്ട് ഒരു ജോലിക്കുമാത്രം ശമ്പളം നൽകുക, കേസിൽ കുടുക്കും എന്നുപറഞ്ഞു ഭീഷണിപ്പെടുത്തി പണിയെടുപ്പിക്കുക തുടങ്ങിയവ അനുഭവിക്കേണ്ടിവന്നവരിൽ ചിലർക്ക് ജോലിനിർത്തി പോകേണ്ടിവന്നു. കുടുംബത്തോടുപോലും വേണ്ടസമയത്ത് ആശയവിനിമയം നടത്താൻ കഴിയാത്തവരുമുണ്ട്. ഈ വിഷയത്തിൽ കൂടുതൽ ചർച്ചകളും പഠനവും തൊഴിലിടങ്ങളിലെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്‌കരണവും ആവശ്യമാണ്‌..

(ഡോ. ജിനു സക്കറിയ ഉമ്മൻ കേരള പബ്ലിക് സർവീസ് കമ്മിഷൻ അംഗമാണ്.)

(അനു എബ്രഹാം ഐ.ഐ.ടി. മദ്രാസിലെ ഡോക്ടറൽ സ്കോളറും മുംബൈയിലെ NMIMS യൂണിവേഴ്സിറ്റിയിൽ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ അസിസ്റ്റൻറ് പ്രൊഫസറുമാണ്)

Content Highlights: covid and pravasi women, pravasi women abuse at workplace, immigrant women,