മനഃസാക്ഷിയെ മുറിവേൽപ്പിച്ചതായിരുന്നു കോവിഡ് രോഗബാധിതയായ പെൺകുട്ടി ചികിത്സാകേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെ ആംബുലൻസിൽ പീഡനത്തിനിരയായ വാർത്ത. വേദനകളെ മറികടന്ന് അവൾ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണ്. അവൾ ഇതാദ്യമായി മനസ്സ് തുറക്കുന്നു 

മ്മയ്ക്കും സഹോദരങ്ങള്‍ക്കും വൃദ്ധനായ മുത്തച്ഛനുമൊപ്പം പത്തൊന്‍പതുകാരിയായ ആ പെണ്‍കുട്ടി കഴിയുന്ന വീടാണിത്. അവരുടെ ജീവിതത്തിന് ആമുഖങ്ങള്‍ ആവശ്യമില്ല. ദളിതരാണ്. വിവേചനങ്ങളെ അതിജീവിച്ചവരാണ്. സംഭവിച്ചതെന്താണെന്ന് അവള്‍ പറഞ്ഞു തുടങ്ങുമ്പോള്‍ അവള്‍ക്കു പിന്നില്‍ ചുവരില്‍ മറ്റൊരു ചിത്രം കാണാം. കൂട് തുറന്ന് വിശാലമായ ആകാശത്തേക്ക് പറന്നകലുന്ന പക്ഷിയുടെ ചിത്രം. ''ആ പക്ഷി, അത് ഞാനാണ്'' അതിലേക്ക് വിരല്‍ ചൂണ്ടി അവള്‍ തുടര്‍ന്നു...

''ആ സംഭവത്തിനുശേഷം ഞാന്‍ ആത്മഹത്യ ചെയ്യാനുറപ്പിച്ചിരുന്നു. പക്ഷേ അവിടെയും തോറ്റു. ആരൊക്കെയോ ചേര്‍ന്ന് ഒരു ഇടുങ്ങിയ കൂട്ടിലെന്നെ അടച്ചുപൂട്ടിയതുപോലെ എനിക്ക് തോന്നി. പക്ഷേ, എനിക്ക് കടക്കണമായിരുന്നു. ആ കൂട് തുറന്ന് ഞാന്‍ പുറത്തേക്കു പറന്നു. മരണത്തിലേക്കല്ല ജീവിതത്തിലേക്ക്. തെറ്റ് ചെയ്തത് ഞാനല്ല. എനിക്കൊന്നും നഷ്ടപ്പെട്ടിട്ടുമില്ല. ഇന്നെനിക്ക് ലക്ഷ്യങ്ങളുണ്ട്. നന്നായി ജീവിക്കണം. അക്രമി ശിക്ഷിക്കപ്പെടുന്നത് എനിക്ക് കാണണം. എനിക്ക് സംഭവിച്ചത് ഇനിയൊരു പെണ്‍കുട്ടിയുടെയും ജീവിതത്തില്‍ ആവര്‍ത്തിക്കപ്പെടരുത്.

grihalakshmi
ഗൃഹലക്ഷ്മി വാങ്ങാം

ആരെങ്കിലും എന്റെ ദേഹത്ത് അറിയാതൊന്നു തൊട്ടാല്‍പോലും പ്രതികരിക്കുന്ന ആളായിരുന്നു ഞാന്‍. അയാളെ വെറുതെ വിട്ടല്ലോ എന്നായിരുന്നു അപ്പോഴത്തെ വിഷമം. അങ്ങനെ കേസായി. എഫ്.ഐ.ആര്‍. തയ്യാറാക്കി. അമ്മ നിര്‍ത്താതെ കരയുകയാണ്. പിറ്റേന്ന് രാവിലെ മുതല്‍ പൊടിപ്പും തൊങ്ങലും വച്ച കഥകള്‍ കേട്ടു തുടങ്ങി.

തെളിവെടുപ്പിന്റെ ഭാഗമായ ശാരീരിക പരിശോധനയായിരുന്നു ഏറ്റവും വേദനിപ്പിച്ചത്. ആരും എന്നോട് ദയ കാട്ടിയില്ല. നടന്ന കാര്യങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു പറയേണ്ടി വന്നു. ദേഹപരിശോധനയ്ക്ക് വഴങ്ങാനുള്ള മാനസികാവസ്ഥ ആയിരുന്നില്ല. അതിനും കേട്ടു ഒരുപാട് പഴി. ശരീരം അനക്കാന്‍ വയ്യാത്ത അവസ്ഥയില്‍ തുടരെ അപമാനിക്കപ്പെടുന്നപോലെ എനിക്കു തോന്നി. ഒപ്പമുണ്ടായിരുന്ന പോലീസുകാരിപോലും എന്നെ വഴക്ക് പറഞ്ഞു. പരിശോധനയ്ക്ക് തയ്യാറാവാന്‍ വേണ്ടി അവര്‍ ബലം പ്രയോഗിച്ചു. ഒടുവില്‍ ഏതോ ഒരു പോലീസുദ്യോഗസ്ഥന്‍ എന്നെ ഫോണില്‍ വിളിച്ചു. അദ്ദേഹം കരുതലോടെയാണ് സംസാരിച്ചത്. മോളേ, കേസ് നിലനില്‍ക്കണമെങ്കില്‍ തെളിവ് വേണം. അതിന് ഇതേയുള്ളൂ വഴി എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഞാനതിന് തയ്യാറായി.

അതിനിടെ വാര്‍ത്ത പുറത്തെല്ലാമറിഞ്ഞു. പലരും സംശയത്തോടെ എന്റെ നേരെ വിരല്‍ ചൂണ്ടി. എന്തുവന്നാലും ഒപ്പം കാണുമെന്ന് വിചാരിച്ചവര്‍പോലും കൈയ്യൊഴിഞ്ഞതോടെ ഞാന്‍ തളര്‍ന്നു. പീഡിപ്പിച്ചവനെ എനിക്ക് മുമ്പേ അറിയാമായിരുന്നെന്നും ഞാനും അയാളും തമ്മില്‍ അടുപ്പത്തില്‍ ആയിരുന്നെന്നുമൊക്കെ ആരൊക്കെയോ കഥകള്‍ പ്രചരിപ്പിച്ചു. ഇതേകാര്യം പറഞ്ഞ് അയാളുടെ പാര്‍ട്ടിക്കാരെന്ന് സ്വയം പരിചയപ്പെടുത്തി ചിലര്‍ വിളിച്ചുകൊണ്ടേയിരുന്നു.

പിന്നെ തുടര്‍ചികിത്സയ്ക്കായി അമ്മയ്ക്കും അനിയത്തിക്കും ചേച്ചിക്കുമൊപ്പം കോട്ടയം മെഡിക്കല്‍കോളേജില്‍ എത്തി. പലയിടത്തുനിന്നും കുറ്റപ്പെടുത്തല്‍. ഞാന്‍ കാരണം എല്ലാവര്‍ക്കും നാണക്കേടായെന്ന് ഒപ്പമുള്ളവര്‍കൂടി പറഞ്ഞതോടെ എനിക്ക് നിലതെറ്റി. കോവിഡ് മൂര്‍ഛിച്ചു. മാനസിക സമ്മര്‍ദം വര്‍ധിച്ചതിനെത്തുടര്‍ന്നാവാം പ്രമേഹവും പിടിപെട്ടു. ഒപ്പം നില്‍ക്കാന്‍ ആരുമില്ല. ഇത്രയൊക്കെ തെളിവുകള്‍ കൈയില്‍ ഉണ്ടായിട്ടും എല്ലാവരും കുറ്റപ്പെടുത്തിയതോടെ ഇനി ജീവിക്കണ്ട എന്നുറപ്പിച്ചു. അങ്ങനെ ആസ്പത്രി മുറിയിലെ ഫാനില്‍ കുടുക്കിട്ടു. പക്ഷേ, മുറിയിലെ ജനാലയിലൂടെ ആരോ ഇതു കണ്ടു. അവരെന്നെ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തി.

അഭിമുഖം പുതിയ ലക്കം ഗൃഹലക്ഷ്മിയില്‍ പൂര്‍ണമായി വായിക്കാം

Content Highlights: covid-19 patient molested by ambulance driver opens up