സ്ത്രീധനവും സ്ത്രീധനപീഡനങ്ങളും ഏറെ ചര്‍ച്ചയാകുന്ന ഈ കാലത്ത് പാലക്കാട്ടുനിന്നൊരു വിവാഹം വ്യത്യസ്തമാകുകയാണ്. പാലക്കാട് കൂടല്ലൂര്‍ സ്വദേശി നീതുവും മണ്ണാര്‍ക്കാട് അലനല്ലൂര്‍ സ്വദേശി അനൂപും തമ്മിലുള്ള വിവാഹം ഒക്ടോബർ 17 ഞായറാഴ്ചയായിരുന്നു. വിവാഹത്തിന് സ്ത്രീധനവും സ്വര്‍ണവും പാടേ ഉപേക്ഷിച്ചു എന്നതുമാത്രമല്ല, സമ്മാനങ്ങളായി പുസ്തകങ്ങള്‍ സ്വീകരിച്ചു എന്നതും ഇവരെ വ്യത്യസ്തരാക്കുന്നു. 

ആദ്യമേ തീരുമാനിച്ചു സ്വര്‍ണം വേണ്ടെന്ന്

പെണ്ണുകാണല്‍ ചടങ്ങ് കഴിഞ്ഞ് ഇരുവര്‍ക്കും വീട്ടുകാര്‍ക്കും ഇഷ്ടമായപ്പോള്‍ തന്നെ നീതുവും അനൂപും തീരുമാനിച്ചു സ്ത്രീധനം വാങ്ങില്ലെന്നും കൊടുക്കില്ലെന്നും. ഇക്കാര്യം വീട്ടുകാരെ അറിയിച്ചപ്പോള്‍ അവര്‍ക്കും പൂര്‍ണസമ്മതം. സ്ത്രീധനത്തിന് പുറമെ ഒരു തരി പോലും സ്വര്‍ണം വിവാഹത്തിന് ഇടില്ലെന്ന തീരുമാനവും നീതു മുന്നോട്ടുവെച്ചു. ''ആദ്യം ഇക്കാര്യം അംഗീകരിക്കാന്‍ ബന്ധുക്കള്‍ക്കു കഴിഞ്ഞിരുന്നില്ല. വിവാഹം ഉറപ്പിച്ചശേഷം അടുത്തുള്ളവരും ബന്ധുക്കളും പെണ്ണിന്റെ സ്വര്‍ണം കാണാന്‍വരുന്ന നാട്ടുനടപ്പുണ്ട്. ഇങ്ങനെ സ്വര്‍ണം കാണാന്‍ വന്ന ബന്ധുക്കളൊക്കെ നിരാശരായി മടങ്ങേണ്ടി വന്നു. അങ്ങനെ ചെയ്യാന്‍ പാടുണ്ടോ എന്നൊക്കെ ചോദിച്ചു. ഒരു തരിപോലും സ്വര്‍ണമിടാതെ എങ്ങനെ വിവാഹത്തിന് ഒരുങ്ങി ഇറങ്ങും സ്വര്‍ണമിടണം എന്നൊക്കെ നിര്‍ബന്ധിച്ചു. അവരോട് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. പതിയെ ഞങ്ങളുടെ തീരുമാനവുമായി പൊരുത്തപ്പെടുകയായിരുന്നു അവര്‍''-നീതു പറഞ്ഞു.

പങ്കാളിയുടെ ഇഷ്ടത്തിന് കൂടെനിന്ന് അനൂപും

നീതുവിന്റെ അതേ അഭിപ്രായമായിരുന്നു അനൂപിനും ഉണ്ടായിരുന്നത്. സ്ത്രീധനത്തോട് താത്പര്യമേ ഉണ്ടായിരുന്നില്ല. വിവാഹജീവിതത്തില്‍ ഭാര്യക്കും ഭര്‍ത്താവിനും തുല്യഅവകാശമാണുള്ളത്. വിവാഹത്തിന് സ്വര്‍ണം ഒഴിവാക്കാമെന്ന് പറഞ്ഞപ്പോള്‍ വീട്ടുകാരും പൂര്‍ണസമ്മതം പറയുകയായിരുന്നു. സാധാരണയുള്ള വിവാഹം പോലെ ആവരുത് തങ്ങളുടേതെന്ന നിര്‍ബന്ധമുണ്ടായിരുന്നു ഞങ്ങള്‍ക്ക്. സ്വര്‍ണം വാങ്ങുക, സ്ത്രീധനം നല്‍കുക തുങ്ങിയ കാര്യങ്ങള്‍ വേണ്ടാ എന്നായിരുന്നു തീരുമാനം. വിവാഹത്തിന് താലി കെട്ടുന്ന ചടങ്ങ് ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, വീട്ടുകാരുടെ ആഗ്രഹവും വികാരങ്ങളും മുന്‍നിര്‍ത്തിയാണ് അതിനു സമ്മതിച്ചത്-അനൂപ് പറഞ്ഞു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യൂണിറ്റ് സെക്രട്ടറിയാണ് അനൂപ്.

Anoop and neethu

''വിവാഹത്തിന് വധുവിനും വരനുമുള്ള സമ്മാനമെന്ന രീതിയില്‍ സ്വര്‍ണവും സ്ത്രീധനവും നല്‍കുന്ന രീതിയുണ്ട് നമ്മുടെ നാട്ടില്‍. അതിന്റെ ആവശ്യം പോലും ഉണ്ടെന്ന് തോന്നുന്നില്ല. സ്ത്രീധനം നല്‍കുന്നത് വലിയൊരു സംഭവമായി കൊണ്ടുനടക്കുന്നവരുണ്ട് നമ്മുടെ നാട്ടില്‍. സ്വര്‍ണമാണ് എല്ലാം എന്ന രീതിയിലാണ് ഇപ്പോഴത്തെ മിക്ക കല്യാണങ്ങളിലും കാണുന്നത്.സ്ത്രീധനത്തിന്റെ പേരില്‍ കുറെ പ്രശ്‌നങ്ങളുണ്ടാകുന്നുണ്ട്. ഇതിനെതിരേ ഒരു സന്ദേശമെന്ന നിലയ്ക്കാണ് സ്വര്‍ണമൊഴിവാക്കാനും സ്ത്രീധനം വേണ്ടെന്ന് വയ്ക്കാനും തീരുമാനിച്ചത്. കുട്ടിയായിരിക്കുമ്പോഴേ സ്വര്‍ണത്തോട് താത്പര്യമുണ്ടായിരുന്നില്ല''-നീതു പറഞ്ഞു.

പുസ്തകങ്ങള്‍ എന്നും കൂട്ട്

വായനയോട് ഏറെ താത്പര്യമുണ്ട് നീതുവിന്. നീതുവാണ് സമ്മാനമായി വിവാഹത്തിന് എത്തുന്ന ബന്ധുക്കളില്‍നിന്ന് പുസ്തകങ്ങള്‍ സമ്മാനമായി വാങ്ങാമെന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. വിവാഹത്തിന് സമ്മാനമായി കിട്ടിയ പുസ്തകങ്ങള്‍ നീതുവിന്റെ വീട്ടില്‍ ലൈബ്രറി തുടങ്ങാനും അനൂപിന്റെ നാട്ടില്‍ പുതിയതായി തുടങ്ങുന്ന ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ നല്‍കാനുമാണ് തീരുമാനം. 

കുട്ടിക്കാലം മറ്റുള്ളവരോട് ഏറെ സഹൂനുഭൂതിയോടെ പെരുമാറുന്ന ആളാണ് നീതുവെന്ന് അച്ഛന്‍ ലക്ഷ്മണന്‍ പറഞ്ഞു. 2018-ലെ പ്രളയകാലത്ത് സ്വന്തം കൈയിലെ സ്വര്‍ണമോതിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നീതു കൈമാറിയിരുന്നു. ആര്‍കിടെക്റ്റായ നീതുവിന് വിദേശത്ത് പോകാനുള്ള അവസരം ഒത്തുവന്നപ്പോഴും അത് നിരസിക്കുകയായിരുന്നു. ചിലവുകുറഞ്ഞ സുരക്ഷിതമായ വീടുകള്‍ നാട്ടിലെ പാവപ്പെട്ടവര്‍ക്കുവേണ്ടി പണിതുനല്‍കണമെന്നാണ് അപ്പോള്‍ നീതു പറഞ്ഞതെന്ന് ലക്ഷ്മണന്‍ കൂട്ടിച്ചേര്‍ത്തു.

നീതുവിന്റെയും അനൂപിന്റെയും വിവാഹത്തിനെത്തിയവർ വിവാഹപന്തലിനു പുറത്തുവെച്ച ബോർഡിൽ തങ്ങൾ സ്ത്രീധനം നൽകില്ലെന്നും വാങ്ങില്ലെന്നും പ്രതി‍ജ്ഞ ചെയ്ത് ഒപ്പുവയ്ക്കുകയും ചെയ്തു. 

പാലക്കാട് നിയോ ക്രാഫ്റ്റ് എന്ന സ്ഥാപനത്തില്‍ ആര്‍കിടെക്റ്റായി ജോലി ചെയ്യുകയാണ് നീതു. അലനല്ലൂര്‍ സര്‍വീസ് സഹകരണബാങ്കിലെ ജീവനക്കാരനാണ് അനൂപ്. 

Content highlights: couples from palakkad receive books as gift  for their marriage