മൂന്ന് പതിറ്റാണ്ടിന് ശേഷം കുടുംബത്തില്‍ ഒരു പെണ്‍കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം. അതും പതിനാല് ആണ്‍മക്കള്‍ക്ക് ശേഷം. മിഷിഗണ്‍ സ്വദേശിനിയായ കെയ്റ്റ്‌റി ഷ്വാന്‍ഡെറ്റിനാണ് വ്യാഴാഴ്ച പെണ്‍കുഞ്ഞ് പിറന്നത്. 

മാഗി ജെയിന്‍ എന്ന് പേരിട്ട കുഞ്ഞിന് 3.4 കിലോഗ്രാം ഭാരമുണ്ട്. ആരോഗ്യവതിയാണ് കുഞ്ഞെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചതായി എ.പി റിപ്പോര്‍ട്ട് ചെയ്തു. പതിനാല് സഹോദരങ്ങളും വളരെ സന്തോഷത്തോടെയാണ് തങ്ങളുടെ കുഞ്ഞിപ്പെങ്ങളെ വരവേറ്റത്.

'ഞങ്ങള്‍ വളരെയധികം സന്തോഷത്തിലാണ്, മാഗി ജെയിന്‍ ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥിയായി എത്തുന്നതില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്...'  കെയ്റ്റ്‌റിയുടെ ഭര്‍ത്താവ് ജെയ് പറയുന്നു. ഈ വര്‍ഷം മറക്കാനാവാത്തതാണ് പലകാരണങ്ങള്‍ കൊണ്ടും, എന്നാല്‍ മാഗി ഞങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണെന്നും ജെയ്.

അംഗങ്ങളുടെ എണ്ണം കൊണ്ട് ജെയുടെ കുടുംബം പ്രസിദ്ധമാണ് മിഷിഗണില്‍. മാത്രമല്ല 14 Outdoorsmen എന്നൊരു ലൈവ്‌സ്ട്രീമിങ് പ്രോഗ്രാമും ഇവര്‍ നടത്തിയിരുന്നു. പ്രോഗ്രാമിന്റെ പേര് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. 

'എന്റെ മാതാപിതാക്ക് മകള്‍ വേണം എന്ന് വലിയ ആഗ്രഹമായിരുന്നു. 14 ആണ്‍മക്കള്‍ക്ക് ശേഷം ഇനി മകള്‍ ഉണ്ടാവുമെന്ന് അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നുമില്ല. എനിക്ക് ഓര്‍മയുള്ള കാലം മുതല്‍ അമ്മയുടെ കൈയില്‍ പിങ്ക് നിറമുള്ള ഒരു വസ്ത്രം പോലും ഞാന്‍ കണ്ടിട്ടില്ല...' മാഗിയുടെ മൂത്തസഹോദരനായ 28 വയസ്സുകാരന്‍ ടെയ്‌ലര്‍ സഹോദരിയുടെ വരവിനെ പറ്റി പറയുന്നത് ഇങ്ങനെ. ടെയിലറിന്റെ വിവാഹം കഴിഞ്ഞ മാസമായിരുന്നു. 

ജെയും കെയ്റ്റ്‌റിയും ഹൈസ്‌കൂള്‍ കാലം മുതലേ പ്രണയത്തിലായിരുന്നു. കോളേജില്‍ ചേരുന്നതിന് മുമ്പേ 1993 ല്‍ അവര്‍ വിവാഹിതരായി. ഇരുവരുടെയും ബിരുദകോഴ്‌സ് കഴിയുന്നതിന് മുമ്പേയാണ് ആദ്യ മകനായ ടെയ്‌ലറിന്റെ ജനനം. 

Content Highlights: Couple welcomes their first daughter after 14 boys