ഞ്ചുവയസ്സുള്ള ആ പെണ്‍കുട്ടിയെ കൂട്ടുകാരികള്‍ കളിയാക്കിയിരുന്നത് പുണ്യാളത്തി എന്നുവിളിച്ചായിരുന്നു. സമപ്രായക്കാര്‍ കുസൃതികാട്ടുമ്പോള്‍ ആ പെണ്‍കുട്ടി അവരെ ശാസിക്കുമായിരുന്നു. ചീത്തവാക്കുകള്‍ പറയുന്ന കൂട്ടുകാരെ ഗുണദോഷിക്കും... വഴക്കാളികളെ ശാസിക്കും, നല്ലത് ചെയ്യാന്‍ സദാ ഉപദേശിക്കും... ഇതൊന്നും അത്ര ഇഷ്ടപ്പെടാത്ത ആശാന്‍ കളരിയിലെ കൂട്ടുകാരികള്‍ അവളുടെ തലവെട്ടം കാണുമ്പോള്‍തന്നെ ആര്‍ത്തുവിളിച്ചു... ദേണ്ടെ... തെറുതി പുണ്യാളത്തി വരുന്നേ...

ഒക്ടോബര്‍ 13ന് ലോകം മുഴുവന്‍ അവളെ പുണ്യാളത്തി എന്ന് വിളിക്കും... വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ മലയാളക്കരയുടെ അഭിമാനമായ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കും. അല്‍ഫോന്‍സാമ്മയ്ക്കും ചാവറയച്ചനും ഏവുപ്രാസ്യാമ്മയ്ക്കും ശേഷം കേരളമണ്ണില്‍നിന്നൊരു പുണ്യവതികൂടി... ഭാരതസഭയ്ക്ക് ആഹ്‌ളാദത്തിന്റെയും അഭിമാനത്തിന്റെയും പുണ്യനിമിഷങ്ങളാണിത്.

മറിയം ത്രേസ്യ ജീവിച്ചിരുന്ന കാലത്തുതന്നെ അടുത്തുപരിചയമുള്ളവര്‍ അവരെ ഒരു പുണ്യവതിയായി കണ്ടിരുന്നു. ഒരു മിസ്റ്റിക്കിനെപ്പോലെ അവര്‍ ജീവിതത്തിലുടനീളം ദൈവത്തെ അനുഭവിച്ചു, ദൈവസ്‌നേഹത്താല്‍ പ്രചോദിതയായി സ്വന്തം വീടുവിട്ട് സമൂഹത്തിലേക്കിറങ്ങി... പ്രാര്‍ഥനയെ പ്രവൃത്തിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ക്രിസ്തുവിനെ ചടങ്ങുകളില്‍നിന്നും ആചാരങ്ങളില്‍നിന്നും മോചിപ്പിച്ച് പരസ്‌നേഹപ്രവര്‍ത്തനത്തിനുള്ള ഉപകരണമാക്കിമാറ്റി.

തൃശ്ശൂര്‍ മാളയ്ക്കടുത്ത് പുത്തന്‍ചിറ ഗ്രാമത്തിലെ ചിറമ്മല്‍ മങ്കിടിയാന്‍ വീട്ടില്‍ കുഞ്ഞിത്തൊമ്മന്റെയും താണ്ടമ്മയുടെയും മൂന്നാമത്തെ സന്താനമായിരുന്നു ത്രേസ്യ. 1876 ഏപ്രില്‍ 26നായിരുന്നു ജനനം. കുഞ്ഞുനാളില്‍ത്തന്നെ അമ്മ, ത്രേസ്യയെ പ്രാര്‍ഥിക്കാന്‍ പഠിപ്പിച്ചു. ബൈബിളിലെ കഥകളും വിശുദ്ധരുടെ ജീവചരിത്രങ്ങളുമെല്ലാം വിടര്‍ന്നകണ്ണുകളോടെ അവള്‍ കേട്ടിരുന്നു. ക്രിസ്തുവിന്റെ പീഡാനുഭവത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ കേള്‍ക്കുമ്പോള്‍ അവള്‍ വിങ്ങിപ്പൊട്ടുമായിരുന്നു. ദിവസവും പള്ളിയില്‍പ്പോയിരുന്ന അവള്‍ രാത്രി ദീര്‍ഘനേരം മുട്ടില്‍നിന്ന് പ്രാര്‍ഥിച്ചു. ഒമ്പതുവയസ്സുള്ളപ്പോള്‍തന്നെ അവള്‍ നിത്യകന്യകയായി ജീവിക്കാനാണ് ഇഷ്ടമെന്ന് അമ്മയോട് തറപ്പിച്ചുപറഞ്ഞു.

പ്രായത്തിനിണങ്ങാത്ത ആത്മീയചര്യകളായിരുന്നു കുഞ്ഞുത്രേസ്യയുടേത്. ആഴ്ചയില്‍ നാലുദിവസം ഉപവസിക്കും. ക്രിസ്തു സഹിച്ച വേദനകളില്‍ പങ്കുപറ്റാന്‍ ചരല്‍നിറച്ച തലയിണയാണ് ഉപയോഗിച്ചിരുന്നത്, കിടക്കുമ്പോള്‍ പായയ്ക്കടിയില്‍ കല്ലുകള്‍ നിരത്തി...രുചിയുള്ള ഭക്ഷണത്തില്‍ കയ്പുനീര് കലര്‍ത്തിയാണ് കഴിച്ചിരുന്നത്. ശരീരത്തില്‍ സദാ മുള്‍മുടിയും മുള്‍ച്ചട്ടയും ധരിക്കുമായിരുന്നു. ഇവ ശരീരത്തില്‍ തുളച്ചുകയറി രക്തം പൊടിയുമ്പോഴും അവള്‍ ചിരിച്ചു. ലൗകികസുഖങ്ങള്‍ക്ക് താന്‍ അടിമയാകരുതെന്ന വാശിയിലായിരുന്നു അവള്‍. ക്രിസ്തുവിന്റെ ശരീരത്തില്‍ കുരിശുമരണ സമയത്തുണ്ടായ പഞ്ചക്ഷതങ്ങള്‍ പില്‍ക്കാലത്ത് ത്രേസ്യയുടെ ശരീരത്തിലും പ്രത്യക്ഷപ്പെട്ടു. അവര്‍ ധരിച്ചിരുന്ന ചട്ട പലപ്പോഴും രക്തത്തില്‍ കുതിരും. കുഴിക്കാട്ടുശ്ശേരിയിലെ മ്യൂസിയത്തില്‍ രക്തം കട്ടപിടിച്ച ചട്ട സൂക്ഷിച്ചിട്ടുണ്ട്.

ഇത്തരം ഭക്തിപാരവശ്യങ്ങള്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഉള്‍ക്കൊള്ളാനായില്ല. മങ്കിടിയാന്‍ ത്രേസ്യയ്ക്ക് ഭ്രാന്താണെന്നുവരെ സംസാരമായി. അപ്പനും സഹോദരങ്ങളുംവരെ അവളുടെ ചെയ്തികളെ വിമര്‍ശിച്ചു, കൂട്ടുകാര്‍ പരിഹസിച്ചു... പക്ഷേ, അമ്മ താണ്ടയ്ക്കുമാത്രം മകളെ മനസ്സിലായി. അവളാകട്ടെ മറ്റുള്ളവരുടെ പറച്ചിലുകള്‍ക്ക് ചെവികൊടുത്തതുമില്ല. അടുത്ത വീടുകളില്‍ രോഗികളായവരെ സന്ദര്‍ശിക്കാനും സഹായിക്കാനും അവള്‍ ഉത്സാഹിച്ചു. ജീവിതത്തില്‍ തകര്‍ച്ചകള്‍ നേരിട്ടവരെ ദൈവവചനം പങ്കുവെച്ച് സമാശ്വസിപ്പിച്ചു.

ഇക്കാലത്ത് അപ്പന്റെ അമിതമദ്യപാനം മങ്കിടിയന്‍ കുടുംബത്തിലെ സ്വത്തും സ്വസ്ഥതയും നശിപ്പിച്ചു. ആങ്ങള പൊറിഞ്ചുവിന്റെ വിവാഹംകൂടി കഴിഞ്ഞതോടെ കുടുംബത്തില്‍ അസ്വസ്ഥത വര്‍ധിച്ചു. വൈകാതെ താണ്ട രോഗബാധിതയായി. ത്രേസ്യയ്ക്ക് 12 വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. അതവള്‍ക്ക് താങ്ങാനാവാത്ത ആഘാതമായി. കുടുംബത്തില്‍ തന്നെ ഉള്‍ക്കൊണ്ടിരുന്ന വ്യക്തിയുടെ വിടവാങ്ങല്‍ വലിയ ശൂന്യതയിലേക്ക് അവളെ തള്ളിയിട്ടു. അവളുടെ മാര്‍ഗദര്‍ശിയും പ്രചോദകയും ആത്മീയ ഉപദേഷ്ടാവും അധ്യാപികയും അഭയസ്ഥാനവുമൊക്കെ അമ്മയായിരുന്നല്ലോ. പിന്നീടവള്‍ മുറുകെപ്പിടിച്ചത് ദൈവമാതാവായ പരിശുദ്ധ കന്യാമറിയത്തെയാണ്. അവള്‍ തന്റെ സങ്കടങ്ങള്‍ മാതാവിനോട് എണ്ണിപ്പറയും, പുലരുംവരെ ജപമാലചൊല്ലും. അങ്ങനെ താണ്ടയുടെ വേര്‍പാടോടെ മനസ്സിനെ പൊതിഞ്ഞ അനാഥത്വം അവള്‍ മറികടന്നു. പ്രാര്‍ഥനയിലും പരസ്‌നേഹപ്രവൃത്തികളിലും അവള്‍ക്കൊപ്പം മൂന്നുകൂട്ടുകാരികളും ഉണ്ടായിരുന്നു. മാളിയേക്കല്‍ കൂനന്‍ ത്രേസ്യ, മാളിയേക്കല്‍ കൂനന്‍ കൊച്ചുമറിയം, കരിമാലിക്കല്‍ മറിയം എന്നിവരായിരുന്നു അവര്‍.

ധ്യാനം, തുടര്‍ജീവിതം

1902 മാര്‍ച്ചില്‍ പുത്തന്‍ചിറ പള്ളിയില്‍നടന്ന ധ്യാനം അവളുടെ ജീവിതത്തിലെ വഴിത്തിരിവായി. അവിടെ കുമ്പസാരം കേള്‍ക്കാന്‍വന്ന മാള പള്ളിവികാരിയായിരുന്ന ഫാ. ജോസഫ് വിതയത്തിലിനോട് അവള്‍ തന്റെ ആത്മീയാനുഭവങ്ങളും അഭിവാഞ്ഛകളും തുറന്നുപറഞ്ഞു. ഭൗതികപ്രലോഭനങ്ങള്‍ വലിഞ്ഞുമുറുക്കുന്നതിനെക്കുറിച്ച് വിലപിച്ചു. അച്ചന് അവളെ മനസ്സിലാക്കാന്‍ കഴിഞ്ഞു. അന്നുമതല്‍ അച്ചന്‍ ?േത്രസ്യയുടെ ആത്മീയ പിതാവായിമാറി. പിന്നീട് അച്ചന്‍ പുത്തന്‍ചിറ പള്ളിയില്‍ വികാരിയായി ചുമതലയേറ്റു. ത്രേസ്യയുടെ സവിശേഷമായ ആത്മീയജീവിതവും നിഷ്ഠകളും അച്ചന്‍ അക്കാലത്തുതന്നെ രൂപതാ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മെത്രാനച്ചന് വിതയത്തിലച്ചന്‍ എഴുതിയ കത്തുകളും അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളും ഇതിന് സാക്ഷ്യം പറയുന്നുണ്ട്. ത്രേസ്യ ജീവിച്ചിരുന്നപ്പോള്‍ത്തന്നെ ഒരു വിശുദ്ധയാണെന്ന് തിരിച്ചറിഞ്ഞ ആ വൈദികനാണ് പിന്നീടുള്ള അവളുടെ ജീവിതത്തെ ക്രമപ്പെടുത്തിയത്. സഹനവഴിയില്‍ ത്രേസ്യയെ കൈപിടിച്ചുനടത്തിയ ആ വൈദികനും വിശുദ്ധപദവിയിലേക്കുള്ള പ്രയാണത്തിലാണ്. ഫ്രാന്‍സിസ് പാപ്പ 2015 ഡിസംബര്‍ 14ന് അദ്ദേഹത്തെ ധന്യനായി പ്രഖ്യാപിച്ചു.

ഇക്കാലത്ത് ത്രേസ്യയുടെയും കൂട്ടുകാരികളുടെയും പ്രവര്‍ത്തനമേഖല വിപുലമായി. ജാതിമതഭേദമന്യേ അവര്‍ വീടുകള്‍ സന്ദര്‍ശിച്ചു. പിണങ്ങിപ്പിരിഞ്ഞിരിക്കുന്ന ദമ്പതികളെക്കണ്ട് സംസാരിച്ച് ഒരുമിപ്പിക്കുക അവരുടെ മുഖ്യദൗത്യമായിരുന്നു. കുടുംബത്തിലെ അസമാധാനം സൃഷ്ടിക്കുന്ന വ്യഥകള്‍ ത്രേസ്യ നന്നായി മനസ്സിലാക്കിയിട്ടുണ്ടല്ലോ. ഇന്നത്തെ കുടുംബകൗണ്‍സലിങ്ങിന്റെ ആദ്യരൂപമായിരുന്നു ഇവരുടെ പ്രവൃത്തി. മാറാരോഗികളെ പരിചരിക്കാനും പ്രാര്‍ഥനയിലൂടെ അവരെ സമാശ്വസിപ്പിക്കാനും പ്രത്യേക വരം ത്രേസ്യയ്ക്ക് ലഭിച്ചിരുന്നു. 1909ല്‍ പുത്തന്‍ചിറയില്‍ വസൂരി പടര്‍ന്നുപിടിച്ചപ്പോള്‍ ശുശ്രൂഷിക്കാന്‍ ത്രേസ്യയും കൂട്ടുകാരികളും മുന്നിട്ടിറങ്ങി. ഒടുവില്‍ രോഗത്തിന്റെ വിഹിതവും വേദനകളും ത്രേസ്യയ്ക്കും കിട്ടിയെങ്കിലും അവള്‍ സന്തോഷവതിയായിരുന്നു. അമ്മ മരിച്ച് അനാഥരായ കുഞ്ഞുങ്ങളോട് സവിശേഷമായൊരു വാത്സല്യം അവള്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, അവിവാഹിതയായ പെണ്‍കുട്ടി വീടുവിട്ടിറങ്ങി സമൂഹസേവനത്തിനുപോകുന്നത് വീട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല.

സന്ന്യാസജീവിതം കൊതിച്ച ത്രേസ്യയെ വീട്ടുകാര്‍ അന്നത്തെ തൃശ്ശൂര്‍ മെത്രാന്‍ ജോണ്‍ മേനാച്ചേരിയുടെ അനുമതിയോടെ ഒല്ലൂരിലെ കര്‍മ്മലീത്താ മഠത്തിലാക്കി. എന്നാല്‍, താന്‍ ആഗ്രഹിക്കുന്ന താപസജീവിതത്തിനുള്ള ഇടം അതല്ലെന്ന് അവള്‍ തിരിച്ചറിഞ്ഞു. അന്ന് അവിടെ വിശുദ്ധജീവിതം നയിച്ചിരുന്ന ?എവുപ്രാസ്യാമ്മയോട് തന്റെ മനസ്സിലെ സംഘര്‍ഷങ്ങള്‍ അവള്‍ പങ്കുവെച്ചു. അങ്ങനെ രണ്ടുമാസം കഴിഞ്ഞപ്പോള്‍ അവള്‍ പുത്തന്‍ചിറയിലെ വീട്ടിലേക്ക് മടങ്ങി. അവളുടെ ജീവിതം സംഘര്‍ഷകലുഷിതമായിരുന്നു.

അവള്‍ക്ക് പ്രാര്‍ഥനാജീവിതം നയിക്കാന്‍ ഒരു ഭവനം അത്യാവശ്യമാണെന്ന് ആത്മീയപിതാവായ വിതയത്തിലച്ചന്‍ തിരിച്ചറിഞ്ഞു. അദ്ദേഹം മുന്‍കൈയെടുത്ത് നാട്ടില്‍ ഒരു ചെറുഭവനം അവള്‍ക്കായി പണിതു. മാളിയേക്കല്‍ കൂനന്‍ കുഞ്ഞുവറീതെന്നയാള്‍ ഇതിനുള്ള സ്ഥലം ദാനമായിനല്‍കി. 1913 സെപ്റ്റംബര്‍ 23ന് മെത്രാനച്ചന്റെ സെക്രട്ടറി ഊക്കന്‍ യോഹന്നാനച്ചന്‍ ഭവനം ആശീര്‍വദിച്ചു. ത്രേസ്യയും മൂന്നുകൂട്ടുകാരികളും ഈ വീട്ടില്‍ താമസിച്ച് പ്രാര്‍ഥനാജീവിതവും സമൂഹസേവനവും തുടര്‍ന്നു. ഉപദേശങ്ങള്‍ക്കും പ്രാര്‍ഥനയ്ക്കുമായി ദൂരദേശങ്ങളില്‍നിന്നുപോലും ആളുകള്‍ ത്രേസ്യയെ തേടിവന്നു. മരണാസന്നരെ ശുശ്രൂഷിച്ചുകൊണ്ട് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന് തുടക്കമിടാനും അവര്‍ക്കായി. മദ്യപാനത്തിന് അടിമകളായവരെ കണ്ടെത്തി അതിന്റെ ദൂഷ്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പ്രത്യേകം മനസ്സുവെച്ചു. അങ്ങനെ അവരുടെ പ്രവര്‍ത്തനമേഖല വികസിച്ചു.

1914 മേയ് 13ന് മേനാച്ചേരി പിതാവ് പുത്തന്‍ചിറയിലെ ഭവനത്തില്‍ അപ്രതീക്ഷിതമായെത്തി. ത്രേസ്യയുടെ ഭവനം ഒരു ആശ്രമമാക്കിമാറ്റാനുള്ള ആഗ്രഹം അദ്ദേഹം വിതയത്തിലച്ചനെ അറിയിച്ചു. പിറ്റേന്ന് 14ന് കുര്‍ബാനമധ്യേ ഹോളി ഫാമിലി കോണ്‍ഗ്രിഗേഷന്‍ എന്നറിയപ്പെടുന്ന തിരുകുടുംബ സന്ന്യാസസഭയ്ക്ക് ഔപചാരിക തുടക്കമായി. ത്രേസ്യയ്ക്ക് മറിയം ത്രേസ്യ എന്ന് നാമകരണം ചെയ്ത് സഭാവസ്ത്രം നല്‍കുകയും സഭയിലെ ശ്രേഷ്ഠത്തിയായി നിശ്ചയിക്കുകയും ചെയ്തു. ആ വര്‍ഷം ജൂലായ് 22ന് മേനാച്ചേരി പിതാവ് തന്നെ സന്ന്യാസിനീസമൂഹത്തിനായി ഒരു നിയമാവലിയും തയ്യാറാക്കിനല്‍കി.

മഠത്തിന്റെ വളര്‍ച്ച

നാട്ടുകാരുടെ സഹകരണത്തോടെ ബാലാരിഷ്ടതകള്‍ താണ്ടി തിരുകുടുംബ സന്ന്യാസിനീസഭ വളര്‍ന്നു. 1915 മേയ് 30ന് കോട്ടയം മെത്രാനായിരുന്ന മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍, ചങ്ങനാശ്ശേരി മെത്രാനായിരുന്ന മാര്‍ തോമസ് കുര്യാളശ്ശേരി എന്നിവര്‍ മേനാച്ചേരി പിതാവിനൊപ്പം മഠം സന്ദര്‍ശിക്കുകയും ഇവരുടെ ജീവിതരീതികളും കര്‍മരംഗങ്ങളും കണ്ട് സന്തോഷം അറിയിക്കുകയും ചെയ്തു. ഇത് അവര്‍ക്ക് വലിയ അംഗീകാരവും പ്രോത്സാഹനവുമായി. ഇക്കാലത്താണ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി മഠത്തിനോടുചേര്‍ന്ന് സ്‌കൂള്‍ തുടങ്ങുന്നത്. പെണ്‍കുട്ടികളുടെ പഠനത്തിന് മറിയം ത്രേസ്യ സവിശേഷപ്രാധാന്യം നല്‍കിയിരുന്നു. സഭയുടെ പ്രവര്‍ത്തനമണ്ഡലം വിപുലമായതോടെ അയല്‍ദേശങ്ങളില്‍നിന്നെല്ലാം മഠത്തില്‍ച്ചേരാനായി പെണ്‍കുട്ടികള്‍ താത്പര്യപ്പെട്ട് വന്നുതുടങ്ങി.

വൈകാതെ തൃശ്ശൂര്‍ രൂപതാ വൈദികനായിരുന്ന അമ്പൂക്കന്‍ യോഹന്നാന്‍ കുഴിക്കാട്ടുശ്ശേരിയില്‍ തനിക്കുണ്ടായിരുന്ന എട്ടേക്കര്‍ സ്ഥലവും 1000 രൂപയും മഠത്തിന് സംഭാവനയായിനല്‍കി. 1917ല്‍ ഇവിടെ മഠം പണിയാന്‍ തറക്കല്ലിട്ടെങ്കിലും സാമ്പത്തിക പരാധീനതകള്‍മൂലം മുന്നോട്ടുപോയില്ല. പണിപൂര്‍ത്തീകരിക്കാന്‍ നാടുതോറും സഹായംതേടി മറിയം ത്രേസ്യയും മറ്റും അലഞ്ഞു. നാട്ടുകാര്‍ സേവനസന്നദ്ധരായി രംഗത്തുവന്നു. ഒരു ദിവസം മറിയം ത്രേസ്യ തൃപ്പൂണിത്തുറയില്‍പ്പോയി കൊച്ചിരാജാവിനെക്കണ്ട് സഹായം അഭ്യര്‍ഥിച്ചു. ത്രേസ്യയുടെ സേവനപ്രവര്‍ത്തനങ്ങളെക്കുറിച്ച് കേട്ടറിവുണ്ടായിരുന്ന രാജാവ് മഠത്തിന്റെ നിര്‍മാണത്തിനാവശ്യമായ തേക്കുംതടി സൗജന്യമായി നല്‍കി.

ഹോളി ഫാമിലി സഭയുടെ പ്രവര്‍ത്തനമേഖലകള്‍ പെട്ടെന്ന് വികാസം പ്രാപിച്ചു. കുടുംബങ്ങളുടെ വിശുദ്ധീകരണം, സ്ത്രീശാക്തീകരണം, രോഗീപരിചരണം, അനാഥരുടെ പരിപാലനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവെക്കാന്‍ സഭയ്ക്കായി. ഇതിനുവേണ്ട ആത്മീയചൈതന്യം പകര്‍ന്ന് മറിയം ത്രേസ്യ സദാ ഓടിനടന്നു. രോഗപീഡകളാല്‍ വലഞ്ഞപ്പോള്‍ അവര്‍ ക്രിസ്തുവിന്റെ കുരിശിനെ ചേര്‍ത്തുപിടിച്ചു. വളര്‍ച്ചയ്‌ക്കൊപ്പം പ്രതിസന്ധികളും ഏറെയുണ്ടായി. എല്ലാറ്റിനെയും ആത്മീയചൈതന്യത്തോടെയും അനുസരണയോടെയും അവര്‍ സമീപിച്ചു.

1926 മേയ് 10ന് തുമ്പൂരില്‍ മൂന്നാമത്തെ ഭവനം വെഞ്ചരിച്ചു. അന്ന് ഏഴുപേര്‍ വ്രതവാഗ്ദാനം ചെയ്ത് സന്ന്യാസിനികളായി. ഒപ്പം പുതുതായി ചേര്‍ന്ന ആറുപേര്‍ക്ക് ശിരോവസ്ത്രവും നല്‍കി. ഏറെ ജനങ്ങള്‍ പങ്കെടുത്ത ചടങ്ങിലെ തിരക്കിനിടയില്‍ മുട്ടുകുത്തി പ്രാര്‍ഥിച്ചുകൊണ്ടുനിന്ന മറിയം ത്രേസ്യയുടെ കാലിലേക്ക് ക്രാസിക്കാലുകളിലൊന്ന് ഒടിഞ്ഞുവീണു. മുറിവും ചതവും കാര്യമാക്കാതെ അവര്‍ തന്റെ തിരക്കേറിയ ജോലികളില്‍ വ്യാപൃതയായി. വൈകാതെ ഇത് പഴുക്കുകയും ഇന്‍ഫെക്ഷന്‍ ശരീരത്തെ ബാധിക്കുകയും ചെയ്തു. ജൂണ്‍ ആറിന് ചാലക്കുടിയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ ചെയ്‌തെങ്കിലും ഗുണമുണ്ടായില്ല. ജൂണ്‍ ഏഴിന് വിതയത്തിലച്ചനില്‍നിന്നും അന്ത്യകൂദാശ കൈക്കൊണ്ട അവര്‍ എട്ടാം തീയതി രാത്രി പത്തുമണിയോടെ തന്റെ സ്‌നേഹനാഥന്റെ പക്കലേക്ക് യാത്രയായി.

ഒമ്പതാം തീയതി വന്‍ജനാവലിയാണ് മറിയം ത്രേസ്യയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒത്തുകൂടിയത്. ഭാവിയില്‍ വിശുദ്ധയാകുമെന്ന് മനസ്സിലാക്കിയവര്‍ കൊന്തയും വെന്തീഞ്ഞയുമൊക്കെ ആ പുണ്യശരീരത്തില്‍ തൊടുവിച്ച് തിരുശേഷിപ്പായി സൂക്ഷിക്കാന്‍ തിരക്കുകൂട്ടി. പുത്തന്‍ചിറയിലെ പലവീടുകളിലും മറിയം ത്രേസ്യയുടെ പുണ്യസ്മരണയ്‌ക്കൊപ്പം ഈ തിരുശേഷിപ്പുകളും ഇന്നും സൂക്ഷിക്കപ്പെടുന്നു.

താന്‍ ജീവിച്ച കാലത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ക്രിസ്തുവിന് സാക്ഷ്യംവഹിക്കുക വഴിയാണ് മറിയം ത്രേസ്യയുടെ ജീവിതം അസാധാരണതലത്തിലേക്ക് ഉയരുന്നത്. 1963ല്‍ ബിഷപ്പ് ജോര്‍ജ് ആലപ്പാട്ടാണ് മറിയം ത്രേസ്യയെ വിശുദ്ധയാക്കുന്ന നടപടികള്‍ക്ക് തുടക്കമിടുന്നത്. 1964 ജൂണ്‍ എട്ടിന് വിതയത്തിലച്ചന്‍ മരിക്കുന്നതിന് മുമ്പുതന്നെ മറിയം ത്രേസ്യയുമായി ബന്ധപ്പെട്ട രേഖകള്‍ അരമനയ്ക്ക് കൈമാറിയിരുന്നു. 1972 ജൂണിലാണ് ഔദ്യോഗികമായി വത്തിക്കാനിലേക്ക് അപേക്ഷനല്‍കിയത്. 1974 ഡിസംബര്‍ മൂന്നിന് ഇത് സ്വീകരിക്കപ്പെടുകയും മറിയം ത്രേസ്യയെ ദൈവദാസിയായി പ്രഖ്യാപിക്കുകയും ചെയ്തു. 1981 ജനുവരി രണ്ടിന് അവരുടെ കല്ലറ തുറന്ന് പരിശോധിച്ചു. 1983 മേയ് 14നാണ് നാമകരണ നടപടികള്‍ക്കുള്ള ട്രിബ്യൂണല്‍ സ്ഥാപിതമായത്. ട്രിബ്യൂണല്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച് 1985 നവംബര്‍ എട്ടിന് നാമകരണ നടപടികള്‍ അംഗീകരിച്ചു. തുടര്‍ന്ന് 1999 ജൂണ്‍ 28ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അവരെ ധന്യയായി ഉയര്‍ത്തി.

മറിയം ത്രേസ്യയുടെ പ്രാര്‍ഥനാ മധ്യസ്ഥതയില്‍ പി.ഡി. മാത്യു എന്നയാള്‍ക്ക് ലഭിച്ച രോഗശാന്തി വത്തിക്കാന്‍ അംഗീകരിക്കുകയും 2000 ഏപ്രില്‍ ഒമ്പതിന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പതന്നെ അവരെ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ക്രിസ്റ്റഫര്‍ ജോഷ്വ എന്ന ബാലനുണ്ടായ രോഗശാന്തിയാണ് വിശുദ്ധപദവി പ്രഖ്യാപനത്തിലേക്ക് വഴിതെളിച്ചത്. 2019 ഏപ്രില്‍ ഒമ്പതിനാണ് വത്തിക്കാന്‍ ഇത് അദ്ഭുത രോഗശാന്തിയായി അംഗീകരിച്ചത്.

മറിയം ത്രേസ്യ സ്ഥാപകയും ഫാ. ജോസഫ് വിതയത്തില്‍ സഹസ്ഥാപകനുമായ ഹോളി ഫാമിലി കോണ്‍ഗ്രിഗേഷന്‍ ഇന്ന് ഇന്ത്യകൂടാതെ ഇറ്റലി, ജര്‍മനി, അമേരിക്ക, ഘാന, കെനിയ, സൗത്ത് സുഡാന്‍, കാനഡ, ഇക്വഡോര്‍ തുടങ്ങിയ രാജ്യങ്ങളിലും തങ്ങളുടെ സേവനദൗത്യം തുടരുന്നു. 62 രൂപതകളിലായി 248 ഭവനങ്ങളും 1990 അംഗങ്ങളുമുണ്ട്. കൂടാതെ സന്ന്യാസാര്‍ഥിനികളായി 200 പേരുമുണ്ട്. തൃശ്ശൂര്‍ മണ്ണുത്തിയാണ് ആസ്ഥാനം. കോളേജുകളടക്കം 200ലധികം വിദ്യാഭ്യാസസ്ഥാപനങ്ങളും മൂന്ന് ആശുപത്രികള്‍ ഉള്‍പ്പെടെ 25ഓളം ആതുരശുശ്രൂഷാലയങ്ങളും സഭയ്ക്കുണ്ട്. കൂടാതെ അനാഥര്‍ക്കും അംഗപരിമിതര്‍ക്കും വയോജനങ്ങള്‍ക്കുമായി 50ഓളം സ്ഥാപനങ്ങളും നടത്തുന്നു.

മറിയം ത്രേസ്യ

സമര്‍പ്പിതജീവിതമായിരുന്നു മറിയം ത്രേസ്യയുടേത്. ദൈവത്തിലും മനുഷ്യസ്‌നേഹത്തിലും സമര്‍പ്പിച്ച ആ ജീവിതംകണ്ട്്് ത്രേസ്യയെ ലോകം പുണ്യാളത്തി എന്നുവിളിച്ചു. അശരണരുടെ ഏറ്റവും വലിയ ആലംബമായി അവര്‍. ഒക്ടോബര്‍ 13ന് വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കും. അല്‍ഫോന്‍സാമ്മയ്ക്കും ചാവറയച്ചനും ഏവുപ്രാസ്യാമ്മയ്ക്കും ശേഷം കേരളമണ്ണില്‍നിന്നൊരു പുണ്യവതികൂടി

സുകൃത ജീവിതം കൊണ്ട് ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതി നേടിയവരെയാണ് സാധാരണ ക്രൈസ്തവ സഭ വിശുദ്ധരായി പ്രഖ്യാപിക്കുന്നത്. അവരുടെ ജീവിതം മറ്റുള്ളവര്‍ക്ക് മാതൃകയും പ്രചോദനവുമാകുവാന്‍ വേണ്ടിയാണിത്. വത്തിക്കാനില്‍ വിശുദ്ധരുടെ നാമകരണത്തിന് മാത്രമായി ഒരു ഡിപ്പാര്‍ട്ട്‌മെന്റുണ്ട്. വിശുദ്ധര്‍ക്കുള്ള തിരുസംഘം എന്നാണിത് അറിയപ്പെടുന്നത്. വിശുദ്ധനാ യി പ്രഖ്യാപിക്കാനുള്ള അധികാരം മാര്‍പ്പാപ്പക്കാണ്. ഒരാളെ വിശുദ്ധനായി ഉയര്‍ത്തിയ ശേഷം മാത്രമേ സാര്‍വത്രികമായി ആ വ്യക്തിയുടെ തിരുനാളുകള്‍ ആഘോഷിക്കാനും തിരുസ്വരൂപങ്ങള്‍ പ്രതിഷ്ഠിച്ച് വണങ്ങാനും സാധിക്കൂ.
കൃത്യമായ മാര്‍ഗരേഖകള്‍ പ്രകാരം വിവിധ ഘട്ടങ്ങളായാണ് ഒരാളെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്. സാധാരണ ഗതിയില്‍ ഒരാള്‍ മരിച്ച് അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് നാമകരണ നടപടികള്‍ തുടങ്ങുക. എന്നാലിതില്‍ പോപ്പിന് ഇളവുകള്‍ നല്‍കാം. മദര്‍ തെരേസ, ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ തുടങ്ങിയവരെ വിശുദ്ധരാക്കിയപ്പോള്‍ ഇളവുകള്‍ നല്‍കിയിരുന്നു. വിശുദ്ധര്‍ക്കായുള്ള തിരുസംഘത്തിന്റെ അനുവാദം വാങ്ങിവേണം നാമകരണ നടപടികള്‍ തുടങ്ങാന്‍. അനുമതി ലഭിച്ചാല്‍ മെത്രാന്‍ ഇതിനായി സമിതിയെ നിയോഗിക്കണം. ഇതിന്റെ തലവന്‍ പോസ്തുലത്തോര്‍ എന്നാണറിയപ്പെടുക. സമിതി വ്യക്തിയുടെ ജീവിതവും പുണ്യങ്ങളും പരിശോധിച്ച് വിശുദ്ധപദവിയിലേക്ക് ഉയര്‍ത്താമെന്ന് കണ്ടെത്തിയാല്‍ അയാളെ ദൈവദാസനായി പ്രഖ്യാപിക്കും. നാമകരണ നടപടിയിലെ ആദ്യ പടിയാണിത്.

തുടര്‍ന്ന് ഈ വ്യക്തിയുടെ ജീവിതവും പുണ്യപ്രവൃത്തികളുമടങ്ങിയ രേഖകള്‍ വത്തിക്കാനിലെ തിരുസംഘത്തിന് കൈമാറും. ഇതുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ ഒരു പോസ്ത്തുലത്തോറെ ചുമതലപ്പെടുത്തണം. ഇദ്ദേഹത്തെ സഹായിക്കാന്‍ പ്രാദേശികമായി വൈസ് പോസ്ത്തുലത്തോറെയും നിയമിക്കാറുണ്ട്. പ്രാദേശിക തലത്തില്‍ നടത്തിയ പരിശോധനകള്‍ വീണ്ടും നടത്തി അംഗീകാരം നല്‍കിയാല്‍ രണ്ടാമത്തെ പടിയായ ധന്യന്‍ എന്ന പദവിയിലേക്ക് ഉയര്‍ത്തും. ധന്യനായി പ്രഖ്യാപിച്ചാല്‍ ആ വ്യക്തിയുടെ ചിത്രങ്ങളും പ്രാര്‍ഥനകളും അച്ചടിക്കാം.

തുടര്‍ന്ന് ഈ വ്യക്തിയുടെ മധ്യസ്ഥതയില്‍ ഒരു അദ്ഭുതം നടന്നതായി തെളിയിക്കപ്പെട്ടാല്‍ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയര്‍ത്തും. ഒമ്പത് ദൈവശാസ്ത്രജ്ഞന്‍മാര്‍ വിശദമായി പരിശോധിച്ചും തര്‍ക്കിച്ചുമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഭൂരിഭാഗം വോട്ട് ലഭിച്ചാല്‍ ഇക്കാര്യം കര്‍ദിനാള്‍മാരും മെത്രാന്‍മാരും അടങ്ങുന്ന സമിതി വീണ്ടും പരിശോധിക്കും. ഈ സമിതിയിലും ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ സഭ വ്യക്തിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയുള്ളൂ. വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പുള്ള ഘട്ടമാണിത്.

വാഴ്ത്തപെടുത്തിയാല്‍ പ്രാദേശികമായി തിരുനാളുകള്‍ ആഘോഷിക്കാനും അള്‍ത്താരയില്‍ വണങ്ങുവാനും അനുമതിയാകും. തുടര്‍ന്ന് ഈ വ്യക്തിയുടെ മധ്യസ്ഥതയില്‍ വീണ്ടും ഒരു അദ്ഭുതം നടന്നതായി തെളിയിക്കപ്പെട്ടാല്‍ മാത്രമാണ് വിശുദ്ധനായി പ്രഖ്യാപിക്കുകയുള്ളൂ. അപ്പോഴും വിവിധ സംഘങ്ങള്‍ പരിശോധിച്ച് ഭൂരിപക്ഷം അനുകൂല അഭിപ്രായം രേഖപ്പെടുത്തിയിരിക്കണം. രക്തസാക്ഷികളായി മരിക്കുന്നവര്‍ക്ക് ഇതില്‍ ഇളവുകള്‍ ലഭിക്കാറുണ്ട്. വിശ്വാസത്തിനായുള്ള രക്തസാക്ഷിത്വം ജീവിത വിശുദ്ധിയുടെ അടയാളമായി പരിഗണിച്ച് ഇത്തരക്കാരെ ചുരുങ്ങിയ സമയം കൊണ്ട് വിശുദ്ധരായി നാമകരണം ചെയ്യാറുണ്ട്.

ഭാരതത്തിലെ വിശുദ്ധര്‍

ക്രിസ്തു ശിഷ്യനായ സെയ്ന്റ് തോമസ്, ഫ്രാന്‍സീസ് സേവ്യര്‍, ജോണ്‍ ബ്രിട്ടോ, മദര്‍ തെരേസ എന്നിവര്‍ വിദേശികളാണെങ്കിലും ഭാരതഭൂമിയില്‍ കര്‍മം ചെയ്ത് വിശുദ്ധപദവിയിലേക്ക് ഉയര്‍ന്നവരാണ്. എ.ഡി. 52ല്‍ ഇന്ത്യയിലെത്തിയെന്ന് വിശ്വസിക്കപ്പെടുന്ന സെയ്ന്റ് തോമസ് എ.ഡി.72 ഡിസംബര്‍ 21ന് മദ്രാസിലെ മൈലാപ്പൂരില്‍ രക്തസാക്ഷിയായെന്നാണ് കരുതപ്പെടുന്നത്.

സ്‌പെയിന്‍കാരനായ വി. ഫ്രാന്‍സീസ് സേവ്യര്‍ 1542ലാണ് പ്രേഷിതനായി ഇവിടെ എത്തിയത്. 1552 ഡിസംബര്‍ മൂന്നിന് ദിവംഗതനായി. 1622 മാര്‍ച്ച് 25ന് ഗ്രിഗറി പതിനഞ്ചാമന്‍ പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. പോര്‍ച്ചുഗീസുകാരനായ ഈശോ സഭാംഗമാണ് വി. ജോണ്‍ ബ്രിട്ടോ. 1673ല്‍ മിഷണറിയായി ഭാരതത്തിലെത്തി. 1693 ഫെബ്രുവരി മധുരക്കടുത്ത് വെച്ച് രക്തസാക്ഷിയായി. 1947 ജൂണ്‍ 22ന് പീയൂസ് പന്ത്രണ്ടാമന്‍ പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. അല്‍ബേനിയയില്‍ ജനിച്ച് കൊല്‍ക്കത്തയിലെത്തി മിഷണറീസ് ഓഫ് ചാരിറ്റീസ് സ്ഥാപിച്ച അഗതികളുടെ അമ്മയായ മദര്‍ തെരേസയെ 2016 സെപ്റ്റംബര്‍ നാലിനാണ് ഫ്രാന്‍സിസ് പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചത്.