കണ്ണൂർ: കണ്ണൂരിൽ ഇപ്പോൾ ജനകീയ ഹോട്ടലുകൾ കൂടുതലായി രംഗത്ത് വരികയാണെങ്കിലും സമൂഹ അടുക്കള വേണമെന്ന ആവശ്യത്തിനും ശക്തിയേറുന്നു. തൊഴിലിടങ്ങളിലും വീടുകളിലും സ്ത്രീകളുടെ ഇരട്ടജോലിഭാരം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പൊന്നാനിയിലും ബാലുശ്ശേരിയിലും മറ്റും തുടങ്ങിയ സമൂഹ അടുക്കളയുടെ മാതൃക കണ്ണൂരിലും വേണമെന്ന ആവശ്യമുയരുന്നത്. ജില്ലാപഞ്ചായത്ത് ഇക്കാര്യം പരിഗണിക്കുന്നുണ്ട്.

പച്ചക്കറിയുടെയും പലവ്യഞ്ജനങ്ങളുടെയും വിലക്കയറ്റം, സ്ത്രീകൾക്ക് വീട്ടുജോലിയുടെയും ഇരട്ടജോലിയുടെയും കനത്ത ഭാരം, പ്രായാധിക്യം കാരണം അവശരായ സ്ത്രീകളുടെ തൊഴിൽപ്രയാസം എന്നിവ കണക്കിലെടുത്താണ് സമൂഹ അടക്കുളയുടെ സാധ്യത പലരും പറയുന്നത്‌.

ചോറ്, രണ്ട് ഒഴിച്ചുകറി, ഒരു തോരൻ, അച്ചാർ എന്നിവ ഉൾപ്പെടുന്ന ഊൺ 20 രൂപയ്ക്ക് കൊടുക്കുന്ന രീതിയാണ് ജനകീയ ഹോട്ടൽ സംവിധാനത്തിന്. അഞ്ചംഗങ്ങളുള്ള കുടുംബത്തിന് ഒരിക്കലും 100 രൂപയ്ക്ക് ഇത്രയും ഭക്ഷണം പാകംചെയ്തെടുക്കാൻ കഴിയില്ല. അതോടൊപ്പം അധ്വാനം, പാചകവാതകം, വൈദ്യുതി എന്നിവയുടെ ചെലവും. വീടുകളിൽ മാലിന്യവുമുണ്ടാകുന്നില്ല. ഈ ജനകീയ ഹോട്ടൽ സംവിധാനം സമൂഹ അടുക്കളയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ജില്ലയിലെ 88 ജനകീയ ഹോട്ടലുകളിൽനിന്നായി ദിവസേന 18,000-ത്തിലധികം പേർക്ക് ചുരുങ്ങിയ ചെലവിൽ ഊൺ നൽകുന്നുണ്ട്.

ജയിൽ ഭക്ഷ്യസംസ്കരണ യൂണിറ്റുമായി സമൂഹ അടുക്കളയെ ബന്ധപ്പെടുത്തിയാൽ കൂടുതൽ ലാഭമുണ്ടാകും. ജയിൽ ചിക്കൻ കറികളും ചപ്പാത്തിയും വൈകുന്നേരങ്ങളിൽ വ്യാപകമായി വീടുകളിലേക്ക് സ്ത്രീകൾ വാങ്ങിക്കൊണ്ടുപോകുന്നുണ്ട്.

സമൂഹ അടുക്കളയെ വീടുകളിലെ അടുക്കളത്തോട്ടങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യാം. വീട്ടിലുണ്ടാക്കുന്ന പച്ചക്കറികളും കായകളും മറ്റും ഭക്ഷണവിതരണകേന്ദ്രത്തിലേക്ക് വിൽക്കാൻ പറ്റും. ഇത്തരം കേന്ദ്രങ്ങളിൽനിന്ന് ഓഫീസുകളിലേക്കും മറ്റും ഭക്ഷണം പാർസലായി കൊടുക്കാനും പറ്റും.

എന്താണ് സമൂഹ അടുക്കള ?

ഒരുകൂട്ടം ആളുകൾക്കോ കുടുംബങ്ങൾക്കോ ഭക്ഷണം ഒന്നിച്ച് പാചകം ചെയ്ത്‌ വിതരണം ചെയ്യുന്നതാണ് സമൂഹ അടുക്കള എന്ന സങ്കല്പം. അടുക്കളയിൽ സ്ത്രീകളുടെ നിരന്തരവും കഠിനവുമായ ജോലിഭാരം ഇല്ലാതാക്കുകയാണ് പ്രധാനം. അൻപതോ നൂറോപേർ ഉൾക്കൊള്ളുന്ന കുടുംബങ്ങളിലേക്ക് മൂന്നുനേരവും കുറഞ്ഞ വിലയിൽ ഭക്ഷണം പാകം ചെയ്ത് എത്തിക്കുക. ചോറ്, ചപ്പാത്തി, കറികൾ, മറ്റു പലഹാരങ്ങൾ എന്നിവ നൽകാം. ഇപ്പോൾ പലയിടങ്ങളിലും വീടുകളിൽനിന്ന് രാവിലത്തെ പലഹാരങ്ങളും നാലുമണി പലഹാരങ്ങളും ഉണ്ടാക്കി വീടുകളിൽനിന്ന്‌ ഹോട്ടലുകളിൽ എത്തിക്കുന്നുണ്ട്.

അടുക്കളയില്ലാത്ത ഹോട്ടലുകളാണ് നഗരത്തിൽ പലയിടത്തും. ഷോപ്പിങ്‌ കോംപ്ലക്സിലെയും മാളുകളിലെയും മറ്റും ഹോട്ടലുകളിൽ അടുക്കളയില്ല. പുറമെനിന്ന് കൊണ്ടുവരുന്ന ഭക്ഷണം വിതരണംചെയ്യുക മാത്രമാണ്. നഗരങ്ങളിലെ ചെറിയ തട്ടുകടകളിലെ സ്ഥിതിയും ഇങ്ങനെത്തന്നെ.

സ്ത്രീകളുടെ ജോലിഭാരക്കുറവിനു പുറമെ കുടുംബബജറ്റിൽ വലിയ ലാഭവുമായിരിക്കും സമൂഹ അടുക്കള യാഥാർഥ്യമാകുന്നതോടെ വീടുകളിൽ വൈദ്യുതി, ഗ്യാസ്, അല്ലെങ്കിൽ വിറക്, വെള്ളം, പാത്രം കഴുകുന്ന ഡിറ്റർജന്റുകൾ, ഒന്നും കാര്യമായി വേണ്ടിവരുന്നില്ല. ഫ്രിഡ്ജിൽ ഭക്ഷണം സൂക്ഷിച്ചുവെക്കുകയും പിന്നിട് പാഴായിപ്പോകുമെന്ന പേടിയും വേണ്ട. കുടുംബശ്രീ പോലുള്ള സംഘങ്ങൾക്ക് തൊഴിലുമാകും. ഒരുമാസത്തെ കുടുംബബജറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ ലാഭം ഇത്തരം സമൂഹ അടുക്കള വഴി വിതരണംചെയ്യുമ്പോൾ ലഭിക്കുമെന്നതാണ് യാഥാർഥ്യം.

Content Highlights: community kitchen, community kitchen kerala, community kitchen near me