കൊച്ചി: കാപ്പി ഇഷ്ടപ്പെടാത്തവര്‍ ആരാണുള്ളത്...? ആഗ്രഹം തോന്നുമ്പോഴൊക്കെ കുടിക്കാനായി കൈയില്‍ ഗുളിക പോലെ കാപ്പി സൂക്ഷിച്ചുവെച്ചാലോ? എന്താണിതെന്ന് ആലോചിക്കാന്‍ വരട്ടെ, ഇതാണ് എറണാകുളം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൊച്ചുമിടുക്കികള്‍ തയ്യാറാക്കിയ 'കാപ്പിഫൈല്‍'.

ഇതിപ്പോള്‍ ലോക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. യുവ സംരംഭകര്‍ക്കായി അമേരിക്ക ആസ്ഥാനമായ ടൈ ഗ്ലോബല്‍ നടത്തിയ മത്സരത്തില്‍ ജനപ്രീതിയുള്ള ഉത്പന്നമായി 'കാപ്പിഫൈല്‍'. വിദ്യാര്‍ത്ഥികളുടെ ടീമിന് പോപ്പുലര്‍ ചോയ്സ് അവാര്‍ഡും ലഭിച്ചു. രാജ്യത്തിനു തന്നെ അഭിമാനമാണ് ഈ കുട്ടികളുടെ വിജയം.

എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളായ വി. സൗന്ദര്യലക്ഷ്മി, എലീഷ അനോറി കടുത്തൂസ്, വി. ഡിംപല്‍, ശിവനന്ദന എന്നിവരാണ് കാപ്പിഫൈലിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. പരിപാടിക്കായി കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്തു പരിശീലിപ്പിച്ചത് 'ടൈ കേരള'യാണ്. ഒന്‍പതു മുതല്‍ 12-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി ക്ലാസ് റൂം സെഷനുകള്‍, മെന്ററിങ്, ബിസിനസ് പ്ലാന്‍ മത്സരം എന്നിവയിലൂടെ സംരംഭകത്വവും നേതൃത്വപരമായ കഴിവുകളും വികസിപ്പിച്ച് മികച്ച സംരംഭകരെ വളര്‍ത്തിയെടുക്കുകയെന്നതായിരുന്നു ടൈ കേരള പദ്ധതി. അത്തരത്തില്‍ പരിശീലിപ്പിച്ചെടുത്ത ടീമാണ് കാപ്പിഫൈലിനു പിന്നില്‍.

ഇത് പോപ്പുലര്‍ ചോയ്സ്

ഫില്‍റ്റര്‍ കോഫി ഗുളികരൂപത്തില്‍ തയ്യാറാക്കുന്ന നവ സംരംഭമാണ് ഈ കുട്ടികള്‍ അവതരിപ്പിച്ചത്. ഇത് ലോകത്താകമാനമുള്ള ബിസിനസ് ഗ്രൂപ്പുകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ഏറ്റവും ജനപ്രീതിയുള്ള ഉത്പന്നമായി 'കാപ്പിഫൈല്‍' തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുകയായിരുന്നു. അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ വിവിധ രാജ്യങ്ങളിലെ ടീമുകളുമായി മത്സരിച്ചാണ് വിദ്യാര്‍ത്ഥികള്‍ ഈ നേട്ടം കൈവരിച്ചത്

Content Highlights: coffee tablets prepared by the little ones at Ernakulam Girls Higher Secondary School