പേര് വ്യക്തമാക്കാത്ത ഒരു വസ്ത്രബ്രാന്‍ഡിന്റെ ഇ മെയില്‍ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്. തങ്ങളുടെ പുതിയ വസ്ത്രശേഖരത്തെ പ്രചരിപ്പിക്കാന്‍ ഒരെഴുത്തുകാരിയെ സമീപിച്ചതായിരുന്നു പ്രസ്തുത ബ്രാന്‍ഡ്. പക്ഷേ എഴുത്തുകാരി മരിച്ച് രണ്ടുവര്‍ഷം കഴിഞ്ഞെന്ന് തിരിച്ചറിയുന്നത് അവരുടെ സമൂഹമാധ്യമം കൈകാര്യം ചെയ്യുന്ന അംഗങ്ങളുടെ മറുപടി വന്നപ്പോള്‍ മാത്രം.
അമേരിക്കന്‍ എഴുത്തുകാരിയായ ഉര്‍സുല കെ ലെ ഗ്വിന്നിനെയാണ് വസ്ത്രബ്രാന്‍ഡ് പ്രചാരണത്തിന് സമീപിച്ചത്. തങ്ങളുടെ വസ്ത്രത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആകുമോ എന്നതായിരുന്നു അഭ്യര്‍ഥന. ഉര്‍സുല മരിച്ചെന്ന വിവരം അറിയാതെയായിരുന്നു മെയില്‍ അയച്ചത്. ഒടുവില്‍ ഉര്‍സുലയുടെ ട്വിറ്റര്‍ കൈകാര്യം ചെയ്യുന്നവര്‍ മെയില്‍ പരസ്യമാക്കിയതോടെയാണ് സംഗതി പുറത്താവുന്നത്.
I don't think this will work out the way you hope, Laura.
— Ursula K. Le Guin (@ursulakleguin) December 8, 2020
Oh social media. pic.twitter.com/49m1UWnVzl
പ്രശസ്ത ഫാഷന്‍ ബ്രാന്‍ഡിന്റെ പിആര്‍ ആണെന്നു പറഞ്ഞ് ലോറ എന്ന യുവതിയാണ് മെയില്‍ അയച്ചത്. ഉര്‍സുലയുടെ ഇന്‍സ്റ്റഗ്രാം പേജ് കാണാന്‍ ഇടയായെന്നും സ്റ്റൈല്‍ ഇഷ്ടമായെന്നും മെയിലില്‍ പറയുന്നു. തങ്ങളുടെ പുതിയ ശേഖരത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ഉര്‍സുല ആകണമെന്ന് ആഗ്രഹിക്കുന്നുവെന്നും അതിന്റെ ഭാഗമായി ഒരു ജോഡി ലെഗ്ഗിങ്‌സ് സൗജന്യമായി നല്‍കുകയും അവ ധരിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ഉര്‍സുലയെത്തേടി വസ്ത്ര ബ്രാന്‍ഡിന്റെ അംബാസിഡറാവാന്‍ ക്ഷണം ലഭിച്ച മെയില്‍ വന്നതോടെ സോഷ്യല്‍ മീഡിയ മാനേജര്‍ അത് പങ്കുവെക്കുകയായിരുന്നു. ഇതു നിങ്ങള്‍ പ്രതീക്ഷിക്കുന്നതു പോലെ നടക്കുമെന്നു തോന്നുന്നില്ല എന്നു പറഞ്ഞായിരുന്നു മെയിലിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചത്. 2018ല്‍ എണ്‍പത്തിയെട്ടാം വയസ്സിലാണ് ഉര്‍സുല മരണപ്പെടുന്നത്. എന്നാല്‍ ഉര്‍സുലയുടെ ആരാധകരുടെ ബാഹുല്യം മൂലം സമൂഹമാധ്യമ അക്കൗണ്ടുകള്‍ സജീവമായി നിലനില്‍ക്കുന്നുണ്ടായിരുന്നു.
Content Highlights: Clothing brand asks dead author to endorse new collection