മുലയൂട്ടലിനെ പറ്റിയും ഫോര്‍മുല മില്‍ക്കിനെ പറ്റിയും അമേരിക്കന്‍ മോഡലായ ക്രിസ്സി ടെയ്‌ഗെന്‍ പങ്കുവച്ച ട്വീറ്റുകള്‍ ശ്രദ്ധേയമാകുന്നു. മുലയൂട്ടല്‍ പോലെ തന്നെ വളരെ സാധാരണ കാര്യമാണ് കുട്ടികള്‍ക്ക് ഫോര്‍മുല മില്‍ക്ക് നല്‍കുന്നതെന്നാണ് ക്രിസ്സി ടെയ്‌ഗെന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചത്. ' മുലയൂട്ടല്‍ ഒരു സാധാരണ കാര്യമായി എല്ലാവരും കാണുന്നതുപോലെ കുഞ്ഞിന് ഫോര്‍മുലമില്‍ക്ക് നല്‍കുന്നതും സാധാരണമാവണം. കുഞ്ഞിന് നല്‍കാനുള്ള മുലപ്പാല്‍ ഇല്ലാതിരുന്നപ്പോഴും ഫോര്‍മുല മില്‍ക്കു പോലുള്ളവ നല്‍കാന്‍ എനിക്ക് വലിയ നാണക്കേടായിരുന്നു. വിഷാദവും മറ്റ് ശാരീരിക അസ്വസ്ഥതകളും എല്ലാമായിരുന്നു എനിക്ക് പാല് കുറയാന്‍ കാരണമായത്.' രണ്ട് മക്കളുടെ അമ്മയായ ക്രിസ്സി കുറിക്കുന്നത് ഇങ്ങനെ. 

വാടകഗര്‍ഭത്തിലൂടെ ജനിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ക്ക് പലപ്പോഴും കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ കഴിയാറില്ല. അവര്‍ക്കും ആശ്രയിക്കാനാവുക ഫോര്‍മുലമില്‍ക്കാണ്. മാത്രമല്ല പല പുതിയ അമ്മമാര്‍ക്ക് പാലുണ്ടാകാനും മുലയൂട്ടാന്‍ ശീലമാകാനും അല്‍പം സമയം വേണ്ടിവരും, ഇത് അവരെ വിഷാദത്തിലേക്ക തള്ളിവിടും. ഇത്തരം പ്രശ്‌നങ്ങള്‍ മറികടക്കാന്‍ കുഞ്ഞിന് ഫോര്‍മുല മില്‍ക്ക് നല്‍കാം  എന്നാണ് ക്രിസ്സിയുടെ അഭിപ്രായം. 

തനിക്ക് വളരെ കുറച്ച് പാല്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും, എന്നാല്‍ കൃത്രിമ പാല്‍ നല്‍കാന്‍ തനിക്ക് മടിയായിരുന്നുവെന്നും ക്രിസ്സി കുറിക്കുന്നു. 'മുലപ്പാല്‍ നല്‍കാന്‍ കഴിയാത്തതിന്റെ കുറ്റബോധം വലുതായിരുന്നു. എന്തുകൊണ്ടാണ് തനിക്ക് ഇങ്ങനെയൊരു വേദന വന്നതെന്നായിരുന്നു അപ്പോള്‍ ചിന്ത. ആ ഓര്‍മകളാണ് കുഞ്ഞിന് വേണ്ടി ശരിയായ തീരുമാനങ്ങളെടുക്കൂ എന്ന് ഓരോ അമ്മമാരോടും പറയാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. ' ക്രിസ്സി തുടരുന്നു. 

നിരവധിപ്പേരാണ് ക്രിസ്സിയെ അനുകൂലിച്ചുകൊണ്ട് ട്വിറ്ററില്‍ മറുപടികളുമായി എത്തിയത്. കുഞ്ഞിന് മുലപ്പാല്‍ തന്നെ നല്‍കണമെന്നു വാശിപിടിക്കുകയും അതിന് കഴിയില്ലെങ്കില്‍ അമ്മയെ കുറ്റപ്പെടുത്തുന്നതും സമൂഹത്തിലെ മോശം ശീലങ്ങളില്‍ ഒന്നാണെന്നാണ് ചിലരുടെ അഭിപ്രായം.  

മുലപ്പാല്‍ നല്‍കുന്നത് വളരെ നല്ലകാര്യമാണ്, ഫോര്‍മുലമില്‍ക്കാണ് നല്‍കുന്നതെങ്കില്‍ അതും നല്ലകാര്യം എന്നാണ് ഒരു നഴ്‌സ് നല്‍കിയ കമന്റ്. മാതൃത്വം ഒരു സാധാരണകാര്യമാണ്, അതിനെ ഇത്തരത്തില്‍ മഹത്വവത്ക്കരിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. അമ്മയായി എന്നതുകൊണ്ട് സ്ത്രീകളെടുക്കുന്ന എല്ലാതീരുമാനങ്ങളെയും വിമര്‍ശിക്കേണ്ടതില്ല എന്നാണ് ഒരാളുടെ മറുപടി.

Content Highlights: Chrissy Teigen shares struggles with breastfeeding