നിറത്തിന്റെ പേരിലുള്ള വിവേചനങ്ങള്‍ കാലമിത്ര കഴിഞ്ഞിട്ടും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. അവ ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത് അഭിനയം, മോഡലിങ് തുടങ്ങിയ മേഖലകളിലുമാണ്. ഇപ്പോഴിതാ അത്തരത്തിലൊരു അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടിയും മോഡലുമായ ചിത്രാംഗദ സിങ്. 

നേരത്തെ കാസ്റ്റിങ് കൗച്ച് നേരിട്ടിട്ടുണ്ടെന്ന് പറഞ്ഞ നടിയാണ് ചിത്രാംഗദ. ഇപ്പോള്‍ വ്യക്തിപരമായും പ്രൊഫഷണലിലും ഇരുണ്ട നിറമായതിനാല്‍ താന്‍ തിരസ്‌കരിക്കപ്പെട്ടതിനെക്കുറിച്ച് പങ്കുവെക്കുകയാണ് ചിത്രാംഗദ. ''ഇരുണ്ട നിറക്കാരിയായ ജീവിക്കുമ്പോഴുള്ള അനുഭവം നന്നായി അറിയാം. ഇതൊരിക്കലും ആളുകള്‍ നിങ്ങളുടെ മുഖത്തു നോക്കി നേരിട്ടു പറയില്ല. പക്ഷേ നിങ്ങള്‍ക്കത് തിരിച്ചറിയാന്‍ കഴിയും. അത്തരം പക്ഷപാതങ്ങള്‍ക്ക് ഞാന്‍ ധാരാളം ഇരയായിട്ടുണ്ട്, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ വളരുമ്പോള്‍.''-ചിത്രാംഗദ പറയുന്നു. 

നിറത്തിന്റെ പേരില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതിനെക്കുറിച്ചും ചിത്രാംഗദ പറയുന്നു. പല മോഡലിങ് അവസരങ്ങളും ഇരുണ്ട നിറമായതിനാല്‍ നഷ്ടപ്പെട്ടു. കരിയറിന്റെ തുടക്കത്തില്‍ പരസ്യങ്ങള്‍ ഇതുമൂലം നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ വൈകാതെ ഭാഗ്യം തുണച്ചതിനെക്കുറിച്ചും ചിത്രാംഗദ പങ്കുവെക്കുന്നു. ''ഞാന്‍ ഒരു ഉത്പന്നത്തിനു വേണ്ടി ചെയ്ത ഓഡിഷന്‍ ഗുല്‍സാര്‍ സാബ് കാണുകയും അദ്ദേഹത്തിന്റെ മ്യൂസിക് വീഡിയോയില്‍ അവസരം നല്‍കുകയും ചെയ്തു. എല്ലാവരും വെളുത്ത നിറക്കാരെ തേടിപ്പോകുന്നവരല്ല എന്ന് അന്ന് തിരിച്ചറിഞ്ഞു.''- ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രാംഗദ പങ്കുവച്ചു. 

നേരത്തെയും നിരവധി അഭിനേതാക്കാള്‍ നിറത്തിന്റെ പേരിലുള്ള വിവേചനങ്ങളെക്കുറിച്ച് പങ്കുവെച്ചിരുന്നു. ബിപാഷ ബസു, ശാന്തിപ്രിയ, നവാസുദ്ദീന്‍ സിദ്ധിഖി എന്നിവര്‍ വിവേചനങ്ങളെ അതിജീവിച്ച് ഇന്‍ഡസ്ട്രിയില്‍ പിടിച്ചു നിന്നതെങ്ങനെ എന്നു പറഞ്ഞിരുന്നു. 

Content Highlights: Chitrangda On Discrimination Due To Dusky Complexion