ടെലിവിഷന്‍ ചാനലുകളില്‍ വാര്‍ത്താ അവതാരകരുടെ പ്രാധാന്യം വലുതാണ്. ഓരോ ചാനലുകളിലേയും വാര്‍ത്താ അവതാരകര്‍ക്ക് വ്യത്യസ്തമായ അവതരണശൈലിയായിരിക്കും ഉണ്ടാവുക. ഇത് പ്രേക്ഷകരുടെ വാര്‍ത്താ ആസ്വാദനത്തെ സ്വാധീനിക്കാറുമുണ്ട്. അതുകൊണ്ട് തന്നെ മനുഷ്യനല്ലാത്ത വാര്‍ത്താ അവതാരകരെക്കുറിച്ച് ചിന്തിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ നിര്‍മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി വാര്‍ത്ത വായിക്കുന്ന ആദ്യത്തെ വാര്‍ത്താ അവതാരകയെ സൃഷ്ടിച്ചിരിക്കുകയാണ് ചൈന. 

ചൈന തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് ഷിന്‍ ഷൗമെങ് എന്ന അവതാരകയെ. യഥാര്‍ഥ അവതാരകരെ പോലെ തന്നെ വാര്‍ത്തകള്‍ വിശകലനം ചെയ്ത് സംസാരിക്കാനും വിവരങ്ങള്‍ കൂട്ടിച്ചേർക്കാനും സാഹചര്യമനുസരിച്ച് വിവരങ്ങള്‍ പറയാനുമൊക്കെ ഷിന്‍ ഷൗമെങ്ങിനു കഴിയും. നിലവില്‍ ചൈനീസ് ദേശീയ അസംബ്ലിയിലെ പ്രതിനിധികളുമായും രാഷ്ട്രിയക്കാരുമായും ഷിന്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. മാര്‍ച്ചിലായിരിക്കും ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിക്കുക. മാര്‍ച്ചില്‍ നടക്കുന്ന രണ്ടു രാഷ്ട്രീയ സെഷനുകളുടെ വാര്‍ത്ത ഷിനായിരിക്കും പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിക്കുക. 

women
ച്യൂമെങും ഷിന്‍ ഷൗമെങും 

സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയില്‍ നിന്നുള്ള ച്യുമെങ് എന്ന മാധ്യമ പ്രവര്‍ത്തകയെ മോഡലാക്കിയാണ് ഷിന്‍ ഷൗമെങിനെ സൃഷ്ടിച്ചിരിക്കുന്നത്. രണ്ടുപേരും തമ്മില്‍ കാഴ്ചയില്‍ വലിയ വ്യത്യാസമില്ല. ച്യു ഹാവോ എന്ന ആദ്യ പുരുഷ യന്ത്ര വാർത്താ അവതാരകനെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ചതും സിന്‍ഹുവ തന്നെയാണ്. ച്യൂയ് ഹാവോയുടെ മാറ്റങ്ങള്‍ വരുത്തി കുറച്ചുകൂടി സ്വാഭാവികമായ രൂപത്തിലുള്ള അവതാരകരെ ഉടന്‍ തന്നെ ഇവര്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.  ഇതോടെ ഓരേസമയം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിർമിച്ച രണ്ട് അവതാരകർ വാര്‍ത്താ ലോകത്തേയ്ക്ക് ഇറങ്ങിവരുന്ന കാഴ്ചയാകും കാണാന്‍ കഴിയുക.

Content Highlights: China Unveils World’s First AI Female News Anchor, And She Looks Eerily Realistic