'മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും. 'കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഗൃഹാതുര സ്മൃതികളുണര്‍ത്തുന്ന വരികള്‍ ...
ബി.എഡ് പഠനം പൂര്‍ത്തിയായപ്പോള്‍ സുഹൃത്ത് ഓട്ടോഗ്രാഫില്‍ കുറിച്ചിട്ട ഈ വരികളുടെ ഇരട്ടിമധുരം നുണഞ്ഞ് പതുക്കെപ്പതുക്കെ ഗതകാലത്തിലേക്ക് ഊളിയിട്ടു. സമൃദ്ധമായ വിഷുവോര്‍മകള്‍  കൊന്ന പൂത്തപോലെ , മത്താപ്പു കത്തിച്ച പോലെ ... ഒളിമങ്ങാതെ സ്മരണയില്‍ തെളിഞ്ഞു. 
തറവാട്ടിലെ നടുമുറ്റത്ത്, പച്ചക്കുട നിവര്‍ത്തിയതു പോലെ നില്‍ക്കുന്ന ചക്കര മാവിന്‍ കൊമ്പിലിരുന്ന് വിഷുപ്പക്ഷി പാടി ...
'വിത്തും കൈക്കോട്ടും
കള്ളന്‍ ചക്കേട്ടു
കണ്ടാല്‍ മിണ്ടണ്ട
കൊണ്ടോയ് തിന്നോട്ടെ. '
വിളകള്‍ നിറഞ്ഞ കിഴക്കേത്തൊടിയും മേക്കാട്ടുപറമ്പും... 
 കാര്‍ഷികോത്സവത്തിന് അരങ്ങൊരുക്കിക്കൊണ്ട് മേട വിഷു വന്നണയും. പഞ്ചാര മാവ്, മൂവാണ്ടന്‍ മാവ്, പുളിച്ചി, കിളിക്കൊക്കന്‍ , ഗോമാവ്, നീളന്‍ , ചകിരി ... എന്തിനു പറയുന്നു ! പൂക്കാത്ത മച്ചി പോലും കിഴക്കേത്തൊടിയില്‍ മാങ്ങ വീഴ്ത്തി മത്സരിക്കുന്നുണ്ടാവും. പ്ലാവായ പ്ലാവെല്ലാം ചക്ക തിങ്ങി നിറഞ്ഞ് സുന്ദരിയായി അണിഞ്ഞൊരുങ്ങി നില്‍ക്കും.

അമ്മമ്മയും ചെറിയമ്മയും  ഓട്ടുരുളിയും നിലവിളക്കുകളും തേച്ചുമിനുക്കി വിഷുക്കണിയ്ക്കുള്ള തയ്യാറെടുപ്പുകള്‍ തകൃതിയായി നടത്തുകയാണ്. വിഷുത്തലേന്ന് പൂമുഖം വൃത്തിയാക്കി ഓട്ടുരുളിയില്‍ കണിവെള്ളരി, കസവുമുണ്ട് , വാല്‍ക്കണ്ണാടി,  ഉടച്ച നാളികേര മുറി, നാണയം, സിന്ദൂരം , പഴുത്ത അടയ്ക്ക , വെറ്റില എല്ലാം ക്രമീകരിക്കും.കൊന്നപ്പൂവിനൊപ്പം അമ്മയുടെ തങ്കപ്പതക്കമുള്ള സ്വര്‍ണ മാലയും ഫലങ്ങളും ധാന്യങ്ങളും  കൃഷ്ണ വിഗ്രഹവും ഉജ്ജ്വല പ്രഭ വിതറുന്ന പ്രകാശവും എല്ലാവരും ചേര്‍ന്ന് ആഘോഷമായി ഒരുക്കും. കുട്ട്യേടത്തിക്ക് അല്പം സാഹിത്യവാസനയുള്ളതിനാല്‍ കവിതയായി കഥയായി ഐതിഹ്യങ്ങളായി വിഷു ഞങ്ങളുടെയിടയില്‍ ചിറകുവിരിച്ച് പറക്കും. വിഷുപ്പടക്കത്തിന്റെ അലയൊലികള്‍ മുഴങ്ങി കേട്ടുകൊണ്ടിരുന്നത് പതിയെപ്പതിയെ മന്ദഗതി പ്രാപിക്കുമ്പോള്‍ വിഷു ചിത്രങ്ങള്‍ പൂര്‍ണമാവാതെയുള്ള വിഷമത്തില്‍ ഉറങ്ങാന്‍ കിടന്നിട്ടുണ്ടാകും. 

വിഷുത്തലേന്ന് ഉറങ്ങാന്‍ പോകുമ്പോള്‍ പെണ്‍കുട്ടികള്‍ നെറ്റിയില്‍ വട്ടപ്പൊട്ട് തൊട്ടിരിക്കണമെന്ന നിര്‍ബന്ധം അമ്മമ്മയ്ക്കുണ്ടായിരുന്നു. സുന്ദരമായ മുഖം കണ്ണാടിയില്‍ പ്രതിഫലിക്കണമത്രെ. പുലര്‍ച്ചെ കണി കാണാനായി മിഴികള്‍ പൊത്തി ഗോവണിപ്പടികളിറക്കിക്കൊണ്ടുവന്ന് പൂമുഖത്തെ സ്വര്‍ണ പ്രഭയിലേക്ക് എത്തിക്കുന്നതും അമ്മമ്മ തന്നെയാണ്. മുകളിലെ അറ്റത്തറയില്‍ കിടന്നുറങ്ങുന്ന പെണ്‍കുട്ടികളെ ആറ് അറ പിന്നിട്ട് കോണിപ്പടികളിറക്കി അമ്മമ്മ താഴെ കൊണ്ടുവരുന്നു. അതിനിടയില്‍ നിര്‍ത്താതെ പറയുന്നുണ്ടാവും... 'കണ്‍നിറയെ കാണണം കുട്ട്യേ... മനസ്സു നിറഞ്ഞ് പ്രാര്‍ത്ഥിക്കണം കണ്ണനെ... വിഷുക്കണി ചുറ്റും നോക്കി കണ്ടോളണം ട്ടൊ. നാളികേര മുറീലുള്ള നാണയോം സ്വര്‍ണ മോതിരോം കണ്ണില്‍ തൊട്ട് വെച്ചോളു. '

women
 വര- മദനന്‍

കണ്‍ തുറക്കുമ്പോള്‍ മിഴികളില്‍ മനസ്സുകളില്‍ പ്രതീക്ഷയുടെ വെട്ടം തെളിയുകയായി. സമ്പല്‍ സമൃദ്ധിയുടെ പൊന്‍കതിര്‍ തൂകി കൃഷ്ണമയമായ മേട വിഷു . തിരിയിട്ടു തെളിയിച്ച നിലവിളക്കുകളും കത്തിച്ച ചന്ദനത്തിരിയുടെ സുഗന്ധ പൂരിതമായ അന്തരീക്ഷവും..വിഷുക്കണി കണ്ടുണരുമ്പോള്‍ പുതിയൊരു ജീവിതത്തിലേയ്ക്കുള്ള ,  ഐശ്വര്യത്തിലേയ്ക്കുള്ള കാല്‍ വെപ്പ് ആരംഭിക്കുകയായി. 

ഗൃഹനാഥനായ മുത്തച്ഛന്റെ കയ്യില്‍ നിന്ന് വിഷുക്കൈനീട്ടം ലഭിക്കുന്നതോടെ സന്തോഷത്തിന്റെ പൂത്തിരി കത്തുകയായി.  അമ്മാവന്‍മാരില്‍ നിന്ന് കൈനീട്ടം വാങ്ങി കുടുക്ക നിറയ്ക്കുന്നത് ഒരു അവകാശം പോലെ ചെയ്തുപോന്നിരുന്നു. 

വിഷുവിന്റന്ന് പണിക്കര് വിഷു ഫലവും, പാടത്ത് വിത്തിറക്കാനുള്ള നല്ല ദിവസവും കുറിച്ച് പനയോല കൊണ്ടുവരും. തറവാട്ടിലെ കര്‍ഷകര്‍ക്ക് അമ്മമ്മ നെല്ലും അരിയും വാഴക്കുലയും നാളികേരവും സമ്മാനിക്കും. അന്ന് അതൊരു അവകാശമായിരുന്നു . കൃഷിയുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും എന്നും ചെയ്തു വന്നിരുന്നത് അപ്പു മാമയും, മധു മാമയുമായിരുന്നു. കിഴക്കോറത്ത് തൊഴുത്തിനോട് ചേര്‍ന്ന്, കഴുകി മണ്‍കളഞ്ഞ് പുത്തനാക്കിയ കൈക്കോട്ട് കര്‍ണ്ണികാരം കൊണ്ട് തോരണം തൂക്കി ചുറ്റും അരിമാവ് കൊണ്ടലങ്കരിച്ച് പൂജിക്കും. കൈക്കോട്ടില്‍ ചന്ദനം തൊടുവിച്ച് തുളസി, തെച്ചി , കൊന്നപ്പൂ തുടങ്ങിയ പൂക്കള്‍ ഉപയോഗിച്ച് അപ്പുമാമ പൂജ നടത്തും.പൂജ കഴിഞ്ഞാല്‍  കനലില്‍ ചുട്ടെടുത്ത ഉപ്പില്ലാത്ത അട  നിവേദ്യമായി കിട്ടും. എല്ലാ വിഷുവിനും കൈക്കോട്ടു ചാല്‍പൂജ ഒരു മുറ പോലെ ചെയ്തു വന്നിരുന്നത് അപ്പു മാമ തന്നെയായിരുന്നു.ആ കൈക്കോട്ടുപയോഗിച്ച് പച്ചക്കറി വിത്തുകള്‍ കുഴികുഴിച്ച് നടുമ്പോള്‍ കാര്‍ഷിക സമൃദ്ധിയുടെ സ്വപ്നമാണ് പൂവണിയുന്നത്. തറവാടിന്റെ പടിഞ്ഞാറ് ഭാഗത്ത് അമ്മിക്കൊഴ വെച്ച് പൂജിക്കുന്ന സമ്പ്രദായവും നിലനിന്നിരുന്നു. കന്നിനെ കുളിപ്പിച്ച് നെറ്റിയില്‍ അരിമാവു കൊണ്ട് കുറിയിട്ട് നുകവും കരിയും ഉപയോഗിച്ച് വയലില്‍ രണ്ട് ചാല് ഉഴുത് കുറച്ച് വിത്തിടും. 

women
 വര- മദനന്‍

അതുപോലെ കൃഷിയായുധങ്ങള്‍ എല്ലാം കഴുകി വൃത്തിയാക്കി  കൊട്ടിലില്‍ നിരത്തിവെയ്ക്കുന്നത് മധു മാമയാണ്.വിഷു സദ്യയും കെങ്കേമമാണ്. ചക്കയും മാങ്ങയും കൊണ്ടുള്ള വിഭവങ്ങളുടെ പൂരം . ചെറിയമ്മ പാകമായ മാങ്ങ കോമ്പലയോടെ പൊട്ടിച്ചെടുക്കും. മധുമാമ ചക്ക വെട്ടി മുളഞ്ഞ് കളഞ്ഞ് പരമ്പില്‍ തുണ്ടമാക്കി വെച്ചു കഴിഞ്ഞാല്‍ സ്ത്രീകളും പെണ്‍കുട്ടികളും ചുറ്റും കൂടിയിരുന്ന് ചുള പറിച്ചിടും. വേനലവധിക്കാലത്ത് തറവാട്ടിലെ കിഴക്കോറത്ത് ചക്കയില്ലാത്ത ദിവസങ്ങള്‍ വിരളമായിരുന്നു ! വല്യമ്മമ്മ പറയുമായിരുന്നു...ഐശ്വര്യവുംതേജസ്സും ദൃഢനിശ്ചയവും ഊര്‍ജ്ജസ്വലതയും ലക്ഷ്യബോധവും സഫലമാക്കുന്ന യാത്രയുടെ തുടക്കമാണ് വിഷുവെന്ന് .

ഇന്ന് ഇത്തരം വിഷു ആചാരങ്ങള്‍ പുതു തലമുറ കേട്ടുകേള്‍വിയില്‍ പോലും അറിഞ്ഞു കാണില്ല . കാലത്തിനനുസരിച്ച് വിഷു ആഘോഷത്തിന് മാറ്റം സംഭവിച്ചാലും ഈ ദിനത്തിലെ ഫലങ്ങള്‍ ആ കൊല്ലം നീണ്ടു നില്‍ക്കുന്നു എന്നാണല്ലോ വിശ്വസിക്കുന്നത്. മനസ്സു നിറയെ നന്‍മയുടെ നിറനിലാവും പ്രതീക്ഷയുടെ പൊന്‍കിരണങ്ങളും വിരിയിച്ച് ഈ വര്‍ഷത്തെ വിഷുവിനെ വരവേല്‍ക്കാം. വെല്ലുവിളികളെ അതിജീവിച്ച് മുന്നേറാന്‍ നമ്മെ പ്രാപ്തരാക്കുന്ന വിഷുക്കാലമാണിത്.
'കാലമിനിയുമുരുളും, വിഷു വരും, വര്‍ഷം വരും ....' യാത്രകള്‍ സഫലമാക്കാം.

Content Highlights: Childhood Vishu memories