കൂരാച്ചുണ്ടില്‍ വീടിനകത്ത് പന്നി കയറി, രോഷാകുലരായ ജനങ്ങള്‍ വീടിനുള്ളില്‍വച്ചു തന്നെ പന്നിയെ കൊന്നു.... ഇത്തരത്തില്‍ വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതും കര്‍ഷകര്‍ വന്യമൃഗങ്ങള്‍ക്കെതിരെ പോരാടുന്നതും കേസുകളുമെല്ലാം വര്‍ത്തകളില്‍ നിറയാറുണ്ട്.  

വന്യമൃഗങ്ങളെയും വനത്തെയും സംരക്ഷിക്കാനുള്ള നിയമങ്ങളെല്ലാം സര്‍ക്കാര്‍ ശക്തമാക്കിയിട്ടുണ്ട്. വന്യമൃഗങ്ങളെ ആക്രമിച്ചാല്‍ മനുഷ്യനെ ആക്രമിച്ചതുപോലതന്നെ ശിക്ഷ ലഭിക്കും. നല്ല കാര്യമാണ്. കാരണം പ്രകൃതിയുടെ സംതുലിതാവസ്ഥയില്‍ നല്ല പങ്ക് വഹിക്കുന്നവരാണ് വന്യജീവികള്‍. ഏതു ജീവിയുടെ നാശവും മറ്റൊന്നിന്റെ വര്‍ധനവിന് ഇടയാക്കുകയും അത് മറ്റൊരു നാശത്തിന് ഇടയാകുകയും ചെയ്യും. അതിനാല്‍ പന്നിയും ആനയും മാനും എല്ലാം സംരക്ഷിക്കപ്പെടേണ്ട ജീവികളാണ്. പക്ഷേ, അവരുടെ ആക്രമണം അനുഭവിക്കുന്നവരുടെ നിസ്സഹായാവസ്ഥയും അരക്ഷിതാവസ്ഥയുമോ? അത് അനുഭവിച്ചാലേ മനസ്സിലാകൂ.

പാവപ്പെട്ടവന്‍ കടം വാങ്ങിയും ലോണെടുത്തും ഉണ്ടാക്കുന്ന കൃഷി മുഴുവന്‍ ഒന്നിരുട്ടിവെളുക്കുമ്പോള്‍ കാണാതാവുന്ന, നശിച്ചുപോകുന്ന അവസ്ഥ ഒന്നാലോചിച്ചുനോക്കു. ആ സ്ഥിതി ധാരാളമായി കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട് ഞാന്‍. അതിലൊരോര്‍മ്മയാണ് ഇപ്പോള്‍ ഇവിടെ നിങ്ങളോട് പങ്കുവയ്ക്കുന്നത്.

എണ്‍പതുകളിലാണ്, ഞങ്ങളുടെ നാട്ടിലെ പ്രധാന കൃഷി വാഴ, കപ്പ, ചേമ്പ്, ചേന ഇവയൊക്കെയായിരുന്നു...
എല്ലാവരും കുടിയേറ്റ കര്‍ഷകര്‍. ഈ സമയത്താണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍  കര്‍ഷകര്‍ക്ക് സബ്‌സിഡിയോടു കൂടി ലോണ്‍ അനുവദിച്ചുനല്കിയത്. ഇന്ത്യയിലെതന്നെ രണ്ടാമത്തെ കൂട്ടുകൃഷിഫാം നിലവില്‍വന്ന സ്ഥലം. മുഴുവന്‍ കുടുംബാംഗങ്ങളും ആ അവസരം വിനിയോഗിച്ച് കൃഷിയാരംഭിച്ചു. എന്നാല്‍ എല്ലാ സ്വപ്നങ്ങളും തകര്‍ത്തു കൊണ്ട് കാട്ടുപന്നിക്കൂട്ടങ്ങളും ആനക്കൂട്ടവും ഇറങ്ങാന്‍തുടങ്ങി.

പകല്‍ സമയത്തുപോലും യാതൊരു ദയാദാക്ഷണ്യവുമില്ലാതെ പന്നിക്കൂട്ടങ്ങള്‍ ആക്രമണം തുടങ്ങി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ പുറത്തിറങ്ങാന്‍ പേടിയായിത്തുടങ്ങി. എപ്പോള്‍ എവിടെ വേണമെങ്കിലും പന്നിയിറങ്ങാം. രാത്രിയായാല്‍ ആനക്കൂട്ടങ്ങള്‍, വയലുകളില്‍ വെട്ടുകിളികള്‍ എല്ലാം കൂടെ ജീവിതം ദുസ്സഹമായിരുന്നു. രാത്രി മാടത്തിന്റെ മുകളിലാവും പലരും. ആന മാടത്തിന്റെ തൂണ്‍ കുലുക്കുന്ന സംഭവങ്ങളെത്രയോ.

അങ്ങനെയിരിക്കെ ഞങ്ങളൊരു ദിവസം സ്‌കൂള്‍ വിട്ടു വരുമ്പോഴാണ് ദൂരെനിന്നും കുക്കിവിളിയും ഒച്ചയും ആളുകള്‍ ഓടുന്നതും കാണുന്നത്. കുറെ പേര്‍ ഞങ്ങളുടെ അടുത്തേക്ക് ഓടിവന്നു. ഞങ്ങളോട് തിരിഞ്ഞോടി ഏതേലും വീട്ടില്‍ കയറാന്‍ പറഞ്ഞു. കാര്യം അറിയാതെ കുട്ടിപ്പട്ടാളം കരഞ്ഞു വിളിച്ചു പുറകോട്ടോടി.

അഞ്ചാം ക്ലാസ്സിലാണോ ആറിലാണോ എന്ന് കൃത്യമായി ഓര്‍മ്മയില്ല. ഞാന്‍ ഓട്ടത്തിനിടയില്‍ കല്ലില്‍ത്തട്ടി വീണ് മുട്ടില്‍നിന്നും ചോരയൊലിക്കുന്നു. കൂടെയുള്ളവരെല്ലാം ഓടി ഓരോ വീടുകളില്‍ കയറി. ഒപ്പം വന്നവരെല്ലാം രക്ഷപ്പെട്ടുകഴിഞ്ഞു. എനിക്ക് ഓടാന്‍ പറ്റുന്നില്ല. കാലിന് നല്ല വേദന, ഞങ്ങളോട് തിരിച്ചുപോകാന്‍ പറഞ്ഞ മുതിര്‍ന്നവരും മുന്നോട്ട് പോയിരുന്നു. .

ഞാന്‍ അവിടെ എന്റെ പകുതി പൊക്കമുള്ള ഒരു പാറ കണ്ടു. അതിന്റെ മുകളിലേക്ക് വലിഞ്ഞുകയറി, അതിനിടക്ക് കരയുന്നുമുണ്ട്. അന്ന് പുസ്തകവും ചോറുപാത്രവും സ്‌കൂളില്‍ കൊണ്ടുപോകുന്നത് ഒരു അലുമിനിയം പെട്ടിയിലാണ്. പാറയ്ക്കു മുകളില്‍ വലിഞ്ഞുകയറിയപ്പോള്‍ പെട്ടി താഴെ വീണു. പുസ്തകവും പാത്രവുമെല്ലാം ചിതറി. അതെടുക്കാന്‍ നോക്കുമ്പോഴേക്കും പാറയുടെ താഴേക്കൂടി കാട്ടുപന്നികള്‍ ഓടിപ്പോകുന്നു. വലുതും ചെറുതുമുണ്ട്. ഞാന്‍ പേടിച്ച് കരഞ്ഞു തുടങ്ങി. ശബ്ദം കേട്ട് അവയെന്നെ അക്രമിച്ചാലോ എന്നായിരുന്നു പേടി. കൂടെയുള്ള കുട്ടികളെല്ലാം പല വീടുകളിലാണ്. ഞാന്‍ ഒറ്റപ്പെട്ടു വഴിയിലായ വിവരം ആരും അറിഞ്ഞിട്ടില്ല.

അപ്പോള്‍ വീണ്ടും ഒച്ചയും ബഹളവും കേട്ടു. ആളുകള്‍ കുന്നിറങ്ങി ഓടിവരുന്നു. എല്ലാവരുടെയും കൈയില്‍ വടിയും വാക്കത്തിയുമുണ്ട്. ഞാന്‍ കരച്ചില്‍ നിര്‍ത്തി ആകാംക്ഷയിലായി. വലിയൊരു ഒറ്റയാന്‍ പന്നിയുടെ പിറകെയാണ് എല്ലാരും. പന്നി മുന്നിലോടുന്നു.

ഏറ്റവും മുന്നില്‍ വലിയ വടിയുമായി ചോയിയേട്ടനാണ്. പന്നി നല്ല വേഗത്തിലാണ് ഓടുന്നത്. പെട്ടെന്ന് പന്നി തിരിഞ്ഞോടി, ചോയിയേട്ടന്റെ നേരെ. ഞാന്‍ കണ്ണ് ഇറുക്കിയടച്ചു. പിന്നെ സംഭവിച്ചതെന്താണെന്നറിയില്ല. കണ്ണ് തുറന്നുനോക്കുമ്പോള്‍ ചോയിയേട്ടന്‍ പന്നിയുടെ പുറത്താണ് ബാക്കി എല്ലാവരും പിന്നാലെ കൂക്കിവിളിച്ചു കൊണ്ട് വരുന്നു. ഈ സമയത്ത് ഞാന്‍ പാറപ്പുറത്തു നിന്നിറങ്ങി വീടിനു നേരെ ഓടി.

പിന്നെയുള്ള സംഭവം പറഞ്ഞറിഞ്ഞതാണ്. പന്നി ഓടി ഒരു പന്നിക്കുഴിയില്‍ വീണു. അന്ന് പുഴയരികില്‍ പന്നികളെ വീഴിക്കാന്‍ പന്നിക്കുഴികള്‍ കുഴിക്കുമായിരുന്നു. കൂട്ടത്തില്‍ പന്നിപ്പുറത്തുള്ള ചോയിയേട്ടനും. വീഴ്ചയിൽ ചോയിയേട്ടനു ഒരു വേരിൽ പിടിത്തം കിട്ടി. അള്ളിപ്പിടിച്ചു കിടന്നു. താഴെ പന്നിക്കുഴിയിൽ ഒറ്റയാൻ ചീറ്റുന്നു. കുറച്ചു മുകളിലായി വേരിൽ തൂങ്ങി ജീവൻ പണയം വച്ച ചോയി ഏട്ടൻ.ആളുകൾ എല്ലാം ഓടിക്കൂടി.  ഇതെല്ലാം സ്വപ്നമോ സത്യമോ എന്നറിയാതെ നാട്ടുകാർ !! .ഒടുവിൽ കയറിട്ടു കൊടുത്ത് ചോയി ഏട്ടനെ കരയ്ക്ക് കയറ്റി...

Content Highlights: Childhood memories about wild animals attack crops and farmers