രണവാര്‍ത്ത കേള്‍ക്കുന്നത് ആര്‍ക്കും അത്ര ഇഷ്ടമുള്ള കാര്യമൊന്നുമല്ല. ആരെങ്കിലും മരിച്ചാല്‍ അവരെ പറ്റി നല്ല രണ്ട് വാക്ക് എഴുതുകയും ബന്ധുക്കളുടെയും മറ്റും പേരുകള്‍ നീളത്തില്‍ നല്‍കുകയും ചെയ്യുന്നതാണ് നമ്മുടെ മരണവാര്‍ത്തകള്‍. എന്നാല്‍ മരിക്കുന്നതിന് മുമ്പേ സ്വന്തം മരണക്കുറിപ്പ് സ്വയം എഴുതിയാലോ.. 

ചെന്നൈ സ്വദേശിയായ ഇജി കെ. ഉമാമഹേഷ് എഴുതിയ ചരമക്കുറിപ്പ് ഈയിടെ വൈറലായിരുന്നു. മരിക്കുന്നതിന് മുമ്പ് അയാള്‍ അത് ബന്ധുക്കളെ ഏല്‍പ്പിച്ചിരുന്നു. ഇതിനോട് സാമ്യമുള്ള മറ്റൊരു ചരമക്കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചിക്കാഗോ സ്വദേശിനിയായ സ്റ്റാസി ലൂയിസ് ഒലിവറാണ് ഈ മരണക്കുറിപ്പിന് പിന്നില്‍. ഓരോ നിമിഷവും മനോഹരമായി ജീവിക്കൂ എന്നാണ് സ്റ്റാസിയുടെ മരണക്കുറിപ്പ് നമ്മളോട് പറയുന്നത്. ഒക്ടോബര്‍ ആറിന് നാഡീവ്യൂഹത്തെ ബാധിക്കുന്ന മാരകരോഗം ബാധിച്ച് സ്റ്റാസി ലോകത്തോട് വിടപറഞ്ഞു. സ്റ്റാസിയുടെ മരണത്തിന് ശേഷം ചിക്കാഗോ ട്രൈബ്യൂണ്‍ ഈ മരണക്കുറിപ്പ് പ്രസിദ്ധീകരിച്ചു. 

രോഗബാധിതയായപ്പോള്‍ തന്നെ തന്റെ ചലനശേഷികള്‍ നഷ്ടമാകുമെന്ന് സ്റ്റാസിക്ക് അറിയാമായിരുന്നു. അതിനുമുമ്പേ തന്നെ സ്റ്റാസി മണക്കുറിപ്പ് എഴുതി ഭര്‍ത്താവായ ജെഫ് ഒലിവറിന് നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയിലും മറ്റും നല്‍കണമെന്നായിരുന്നു അവരുടെ ആവശ്യം. 

മരണക്കുറിപ്പില്‍ ഭര്‍ത്താവിനെ തന്റെ ഏറ്റവും അടുത്ത സുഹൃത്തെന്നാണ് സ്റ്റാസി വിശേഷിപ്പിക്കുന്നത്. അതുപോലെ ജീവിതം മനോഹരമായി ജീവിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും സ്റ്റാസി കുറിക്കുന്നുണ്ട്. 

'ഞാന്‍ നിങ്ങള്‍ എന്ത് ചെയ്യണം എന്ന് പറയില്ല, എങ്ങനെ ചെയ്യാം എന്നതിനെ പറ്റിയാണ് പറയുന്നത്. നിങ്ങളുടെ ശരീരത്തെ പറ്റി ആശങ്കപ്പെടേണ്ട. പോയി നമ്മളായി ജീവിക്കു. പുഞ്ചിരിക്കൂ, ആളുകളുടെ മനസ്സ് നിറയുന്നത് വരെ.ഓരോ നിമിഷവും ആസ്വദിക്കൂ, ഇനിയവ വീണ്ടും ലഭിക്കില്ല. ചെയ്യണമെന്ന് ആഗ്രഹിക്കുന്നവയെല്ലാം ചെയ്യൂ, പരിശ്രമിക്കൂ, രുചിക്കൂ, ഇഷ്ടമുള്ളിടത്ത് പോകൂ... ഡാനിഷ് ഭക്ഷണം (Danish cuisine) കഴിക്കൂ, സിനിമയ്ക്ക് പോകൂ, ഉറക്കെ ചിരിക്കൂ. പരസ്പരം സ്‌നേഹിക്കൂ.. അങ്ങനെയെങ്കില്‍ ജീവിതത്തില്‍ നിങ്ങള്‍ക്കു വേണ്ടത് നിങ്ങള്‍ കണ്ടെത്തും.' സ്റ്റാസി തന്റെ മരണക്കുറിപ്പിന്റെ അവസാന വരികളില്‍ പറയുന്നത് ഇങ്ങനെയാണ്. 

നിരവധിപ്പേരാണ് സ്റ്റാസിക്ക് പ്രാര്‍ത്ഥനകളും മറ്റുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്. രോഗത്തിന്റെ ആദ്യം മുതലേ ഇനി അധികകാലമില്ല എന്ന് അവള്‍ക്കറിയാമായിരുന്നു, അവള്‍ക്ക് പറയാനുള്ളതെല്ലാം അവള്‍ വേഗത്തില്‍ കുറിച്ചു വച്ചു എന്നാണ് ഭര്‍ത്താവായ ജെഫ് ഒലിവര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 

Content Highlights: Chicago woman's self-written obituary reminds people to 'enjoy the moment'