മുന്‍ സൗന്ദര്യ റാണി സെലീന ജെയ്റ്റ്‌ലി വേള്‍ഡ് പ്രീ മച്യൂരിറ്റി ദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ആരുടെയും കണ്ണു നനയ്ക്കുന്നതാണ്. മാസം തികയാതെ പിറക്കുന്ന കുഞ്ഞുങ്ങളെ പറ്റി അവബോധം നല്‍കുന്നതിനാണ് ഈ ദിനം ആഘോഷിക്കുന്നത്. 2017ലാണ് സെലീനയ്ക്ക് തന്റെ കുഞ്ഞിനെ നഷ്ടമാകുന്നത്. സെലീനയുടെ ഇരട്ടകുട്ടികളായ ഷംഷേറും ആര്‍തറും മാസം തികയാതെയാണ് ജനിച്ചത്. ഷെഷേറിന് ജന്മനാ തന്നെ ഹൃദയത്തിന് തകരാറുണ്ടായിരുന്നു. ഇതായിരുന്നു മരണകാരണം. രണ്ടാമത്തെ കുഞ്ഞായ ആര്‍തര്‍ മാസങ്ങളോളം എന്‍.ഐ.സി.യുവിലും. 

'ഒരു കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍, ഒരാളുടെ മരണാനന്തര ചടങ്ങുകളുടെ ഒരുക്കവും. ഹൃദയം നുറുങ്ങുന്ന വേദനയിലൂടെയാണ് ഞങ്ങള്‍ കടന്നു പോയത്. എന്നാല്‍ തീവ്രപരിചരണവിഭാഗത്തിലെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും വാക്കില്‍ ഞങ്ങള്‍ വിശ്വാസമര്‍പ്പിച്ചു, ആ പ്രതീക്ഷയാണ് ഞങ്ങളെ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ പ്രേരിപ്പിച്ചത്.' സെലീന കുറിക്കുന്നു.

ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്ന മാതാപിതാക്കള്‍ക്കുള്ള സന്ദേശവും സെലീന പറയുന്നുണ്ട്. 'മാസം തികയാതെ ജനിക്കുന്ന പല കുഞ്ഞുങ്ങളും ജീവന് ഭീഷണിയായ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നുണ്ടെങ്കിലും പലരും പൂര്‍ണ്ണമായും ആരോഗ്യമുള്ള വ്യക്തികളായി വളരുന്നു, ചിലര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ എന്നിവരോ എന്റെ സ്വന്തം ആര്‍തര്‍ ജെയ്റ്റ്ലി ഹാഗിനെപ്പോലെയോ പ്രസിദ്ധരാവുന്നു. ആര്‍തറിനായി നിങ്ങളുടെ സ്‌നേഹവും അനുഗ്രഹങ്ങളും ഇനിയും പ്രതീക്ഷിക്കുന്നു, കൂടാതെ മാസം തികയാതെ കുഞ്ഞുങ്ങള്‍ ജനിക്കുന്നത് എങ്ങനെ തടയാം, അങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങളെ എങ്ങനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാം എന്നും എല്ലാവരും അറിഞ്ഞിരിക്കണം.' 

സെലീനയും ഭര്‍ത്താവ് പീറ്റര്‍ ഹാഗും 2011 ലാണ് വിവാഹിതരായത്. 2012 ലാണ് ഇരട്ടകുട്ടികളായ വിരാജും വിന്‍സ്റ്റണും പിറന്നത്. അഞ്ച് വര്‍ഷത്തിന് ശേഷം ഷംഷേറും ആര്‍തറും. 

Content Highlights: Celina Jaitly Opens Up About Losing A Baby on World Prematurity Day