പ്രസവശേഷമാണ് ഒരു സ്ത്രീ ശരീരം ഏറ്റവും ദുര്‍ബലമാകുന്നത്. മികച്ച പരിചരണത്തിലൂടെയും ശ്രദ്ധയിലൂടെയും മാത്രമാണ് ആരോഗ്യം തിരിച്ചുപിടിക്കാനാകൂ. തന്റെ പ്രസവകാലത്തെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും ആരോഗ്യം തിരിച്ചുപിടിക്കാന്‍ വര്‍ക്ക്ഔട്ടുകള്‍ സഹായിച്ചതെങ്ങനെയെന്നും വിശദമാക്കുകയാണ് ബോളിവുഡ് നടി സെലിന ജെയ്റ്റ്‌ലി. 

''ഞാന്‍ ആദ്യമായി ഇരട്ടക്കുട്ടികളെ പ്രസവിച്ച സമയത്താണ് അക്കാര്യം മനസ്സിലാക്കിയത്. പ്രസവത്തോടെ ഒരു സ്ത്രീ ശരീരം എത്രമാത്രം ദുര്‍ബലമാവുന്നുണ്ടെന്ന്. ആ സമയത്ത് പ്രത്യേക ശ്രദ്ധ നമുക്ക് ആവശ്യമാണ്. എനിക്ക് വിറ്റാമിന്‍, ശരീരബലം, അസ്ഥി സാന്ദ്രത, കാല്‍സ്യം എന്നിവയൊക്കെ കുറവായിരുന്നു. അതുകൊണ്ട് തന്നെ പ്രസവം കഴിഞ്ഞപ്പോഴേക്കും എന്റെ ശരീരം ആകെ ദുര്‍ബലമായി. 
ഈ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം വേഗത്തില്‍ മുക്തി നേടി ആരോഗ്യം തിരിച്ചുകിട്ടാന്‍ എനിക്ക് സാധിച്ചത് ഗര്‍ഭധാരണത്തിന് ശേഷം ചെയ്ത വെയ്റ്റ് ട്രെയ്‌നിങ് വര്‍ക്ക്ഔട്ടുകളിലൂടെയാണ്. ഇതുവഴി എന്റെ ശരീരം ഫിറ്റായി നിലനിര്‍ത്താന്‍ സാധിച്ചു. 

വെയ്റ്റ് ട്രെയ്‌നിങ് ചെയ്യുന്നതു വഴി ശരീരത്തിലെ പേശികളുടെ അളവ് കൂടാനിടയായി. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഭാരമുയര്‍ത്തല്‍ വ്യായാമങ്ങള്‍ ചെയ്യുന്നത് അസ്ഥി സാന്ദ്രത മെച്ചപ്പെടുത്താന്‍ സഹായിച്ചു. ഇത് ആര്‍ത്രൈറ്റിസ് പ്രശ്‌നങ്ങളെ തടയാനും സഹായിച്ചു. എന്നാല്‍ ഇത് പ്രസവത്തോടെ നിര്‍ത്തരുത്. ഡോക്ടറുടെ ഉപദേശപ്രകാരം പ്രസവശേഷവും ഈ വ്യായാമങ്ങള്‍ ചെയ്യേണ്ടതുണ്ട്. ആരോഗ്യത്തിന് അത്യാവശ്യമാണത്. ഇതാണ് എന്റെ രണ്ട് പ്രസവത്തിനും എന്നെ സഹായിച്ചത്. 

celina

ഫിറ്റായ ശരീരവും മനസ്സും ആത്മാവും ഉണ്ടാകാന്‍ ഫിറ്റ്‌നസ്സ് അത്യാവശ്യമാണ്. വ്യായാമം ചെയ്യുമ്പോള്‍ ഈ മൂന്നു കാര്യങ്ങള്‍ നേടാനാണ് നിങ്ങള്‍ ഫോക്കസ് ചെയ്യേണ്ടത്.- സെലിന പറയുന്നു. 
ഗര്‍ഭധാരണത്തിന് ശേഷമുള്ള വര്‍ക്ക് ഔട്ടിനെക്കുറിച്ചുള്ള 'ഫിറ്റ് ആന്‍ഡ് ഫെയ്മസ്' എന്ന പ്രോഗ്രാം ടാറ്റ സ്‌കൈ ഫിറ്റ്‌നസ്സ് സെലിന ഉടന്‍ ആരംഭിക്കുന്നുണ്ട്.

Content Highlights: Celina Jaitley felt very weak after giving birth to twins overcame with workouts, Women, Fitness