ലൈവ് റിപ്പോർ‌ട്ടി‌ങ്ങിനിടയിൽ നിന്നുള്ള രസകരമായ നിരവധി കാഴ്ച്ചകൾ കാണാറുണ്ട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നതും അത്തരമൊരു വീഡിയോ ആണ്.  പൂച്ച ശല്യപ്പെടുത്തുന്നത് വകവെക്കാതെ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകയുടെ വീഡിയോ ആണത്. 

ലെബണനിലെ ബെയ്റൂതിൽ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. സ്കൈ ന്യൂസ് അറേബ്യയുടെ സീനിയർ റിപ്പോർട്ടറായ ലാരിസാ ഔൺ ആണ് വീഡിയോയിലുള്ളത്.

ബെയ്റൂത് സ്ഫോടനം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് അവതരിപ്പിക്കുകയായിരുന്നു ലാരിസാ. ഇതിനിടയിൽ ലാരിസയുടെ സമീപത്തെത്തിയ പൂച്ച ലാരിസയുടെ കോട്ടിൽ നിന്ന് താഴേക്കു കിടക്കുന്ന ബെൽറ്റിൽ കളിക്കുന്നതാണ് വീഡിയോയിലുള്ളത്. 

റിപ്പോർട്ട് അവസാനിക്കുവോളം പൂച്ച ലാരിസയുടെ ബെൽറ്റിൽ കളിക്കുന്നത് കാണാം. എന്നാൽ ഇതൊന്നും തന്നെ ബാധിക്കാത്ത മട്ടിൽ ​ഗൗരവത്തോടെ റിപ്പോർട്ട് ചെയ്യുകയാണ് ലാരിസ. റിപ്പോർട്ട് കഴിഞ്ഞ് ക്യാമറ ഓഫ് ആയെന്ന് ഉറപ്പായതോടെ പൂച്ചയെ സ്നേഹത്തോട‌െ സമീപിക്കുന്നതും കാണാം.

' എന്റെ ഏറ്റവും കൂറുള്ള അനുയായി' എന്ന ക്യാപ്ഷനോടെയാണ് ലാരിസ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പൂച്ച തന്റെ റിപ്പോർട്ടിങ് തടസ്സപ്പെടുത്തുന്നതിനേക്കാൾ ആസ്വാദ്യകരമാക്കുകയാണ് ചെയ്തതെന്ന് ലാരിസ്സ പറയുന്നു. 

നിരവധി പേരാണ് വീഡിയോക്ക് കീഴെ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഇത്രത്തോളം തടസ്സപ്പെ‌‌ടുത്തിയിട്ടും കൂസാതെ ജോലി തുടർന്ന് ലാരിസ്സയെ സമ്മതിക്കണമെന്നും ആ പൂച്ചയെ ദത്തെടുത്തുകൂടേ എന്നും ഇതുവരെ കണ്ടതിൽ വച്ചേറ്റവും ക്യൂട്ടായ റിപ്പോർട്ടിങ് എന്നുമൊക്കെ പോകുന്നു കമന്റുകൾ. 

Content Highlights: Cat interrupts Beirut journalist reporting from streets Viral Video