കൊച്ചി: കുഞ്ഞുങ്ങൾ വളരാതിരുന്നെങ്കിൽ എന്ന് ഒരുവട്ടമെങ്കിലും ചിന്തിക്കാത്ത മാതാപിതാക്കളുണ്ടോ? ഒരിക്കലും തിരികെ ലഭിക്കാത്ത ആ നിമിഷങ്ങൾ ‘ഫ്രീസ്’ ചെയ്യാൻ സാധിച്ചിരുന്നെങ്കിലോ?. ഈ പുതിയകാലത്ത് അതും സാധ്യമാണ്. വിദേശത്ത് കുഞ്ഞുങ്ങളുണ്ടായാൽ അവരുടെ കൈയുടെയും കാലിന്റെയുമെല്ലാം രൂപങ്ങൾ മോൾഡ് ചെയ്ത് ഫ്രെയിം ചെയ്ത് സൂക്ഷിക്കാറുണ്ട്. ‘കാസ്റ്റിങ്‌’ എന്നാണ് ഇതിനു പേര്.

കൊച്ചിയിൽ രണ്ട് സുഹൃത്തുക്കൾ ചേർന്ന് ഈ ആശയം അവതരിപ്പിക്കുകയാണ് ‘സോൾസ്’ എന്ന പേരിൽ. തൃപ്പൂണിത്തുറ സ്വദേശിനിയായ അശ്വതി സുജിത്തും വൈറ്റില സ്വദേശിനിയായ ചിത്ര സുമലുമാണ് ഇതിനു പിന്നിൽ. ‘കുഞ്ഞുങ്ങളുണ്ടായ സമയത്താണ് ഈ ആശയത്തെക്കുറിച്ചു ചിന്തിച്ചത്. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മംഗളൂരുവിൽ അന്വേഷിച്ചപ്പോൾ 15,000-25,000 രൂപവരെയായിരുന്നു വില. അത് സാധാരണക്കാർക്കു താങ്ങുന്നതല്ലെന്നു മനസ്സിലായി. അങ്ങനെ കേരളത്തിൽ ഇതിന്റെ മാർക്കറ്റിനെ കുറിച്ച് പഠിച്ചു’ - ചിത്ര പറഞ്ഞു. ഒരു വർഷത്തോളം കാസ്റ്റിങ്ങിനെ കുറിച്ചും ചെയ്യുന്ന രീതികൾ, അതിനുവേണ്ട ഉത്പന്നങ്ങൾ, ബിസിനസ് തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും പഠിക്കുകയും ചെയ്തു. പിന്നീട് SOULS എന്ന പേരിൽ കാസ്റ്റിങ്‌ എന്ന ആശയത്തിനു തുടക്കമിട്ടു. ആത്മാവ് എന്ന അർത്ഥത്തിലല്ല മറിച്ച് ‘സുവനീയേഴ്‌സ് ഓഫ് യുവർ ലൈഫ്’ എന്നതിന്റെ ചുരുക്കെഴുത്താണ് ഈ പേരിലൂടെ ഉദ്ദേശിച്ചത്. പിന്നീട് സോൾസ് കൊച്ചിൻ എന്ന പേരിലായി പ്രവർത്തനങ്ങൾ.

രൂപങ്ങളുടെ വളരെ ചെറിയ വിവരങ്ങൾപോലും അത്രയും ശ്രദ്ധയോടെയാണ് ഒരു മോൾഡിൽ ചെയ്യുക. ശരീരത്തിന്റെ അതേ കോപ്പിയാണ് ഈ മോൾഡുകൾ. ഫോട്ടോകൾ പോലെയല്ല, കഴിഞ്ഞുപോയ കാലംതൊട്ട് അനുഭവിക്കാൻ പറ്റുമെന്നതാണ് കാസ്റ്റിങ്ങിന്റെ പ്രത്യേകത. കുഞ്ഞുങ്ങളുണ്ടായാൽ ചിലർ ദിവസങ്ങൾക്കുള്ളിൽ വിളിക്കും. വീട്ടിൽവെയ്ക്കാൻ എല്ലാ കുടുംബാംഗങ്ങളുടെയും കൈകളുടെ മോൾഡുകൾ സെറ്റാക്കുന്നവരുമുണ്ട്. ആറുപേരുടെ വരെ ഒരു ഫ്രെയിമിൽ ഉൾപ്പെടുത്താൻ സാധിക്കും.

ഫ്രെയിം ചെയ്തും രൂപമായും ഇവ ചെയ്തെടുക്കാം. 3,000 രൂപയ്ക്ക് മുകളിലാണ് നിരക്ക്. ഒരു കുഞ്ഞിന്റെ കൈയോ, കാലോ മാത്രമായി ചെയ്യുന്നതിനാണ് ഈ തുക. ഇരുന്നൂറോളം കാസ്റ്റിങ്ങുകൾ ഇവർ തയ്യാറാക്കി. ഭാവിയിൽ 2-ഡി പ്രിന്റ് കൂടി ഉൾപ്പെടുത്തണമെന്ന ആഗ്രഹത്തിലാണ് ഈ കൂട്ടുകാർ.

എന്താണ് കാസ്റ്റിങ്‌

ഇംപ്രഷൻ മെറ്റീരിയൽ ഉപയോഗിച്ചാണ് കാസ്റ്റിങ്‌ ചെയ്യുന്നത്. ഇതിൽ കൈയോ കാലോ മുക്കി ഇംപ്രഷൻ എടുക്കും. ഓരോ ചെറിയ വരയും ഒപ്പിയെടുക്കും.

ഇതിന് 30 സെക്കൻഡ്‌ മാത്രമാണ് വേണ്ടത്. ഇതിലേക്ക് കാസ്റ്റിങ്‌ പൗഡർ അടങ്ങുന്ന കൂട്ട് ചേർക്കും. രണ്ടു മണിക്കൂർകൊണ്ട് ഇവ ഉണക്കിയെടുക്കും. വെയിലിലാണ് ഉണക്കുന്നത്.

പിന്നീട് ശ്രദ്ധയോടെ പൊട്ടിച്ച് ഇംപ്രഷൻ രൂപങ്ങൾ പുറത്തെടുക്കാം. പിന്നീട് ഇഷ്ടമുള്ള നിറത്തിൽ, ഉപഭോക്താവിന്റെ ആവശ്യപ്രകാരമുള്ള ആശയത്തിൽ നിറങ്ങളിൽ സെറ്റ് ചെയ്ത് ഫ്രെയിമോ രൂപമോ ആക്കി നൽകുകയാണ് ചെയ്യുന്നത്.

Content Highlights: casting frame for baby, casting frames, casting frame clay