ഇന്ത്യയില്‍ വനിതാ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് 50 ശതമാനമാണ്. കഴിവുണ്ട്, യോഗ്യതയുണ്ട് എന്നിട്ടും പെണ്ണായതുകൊണ്ടുമാത്രം വീട്ടിലിരിക്കേണ്ടി വരുന്നു. കുടുംബത്തിന് വേണ്ടി ജോലിയില്‍ നിന്ന് കുറച്ചുകാലം വിട്ടുനിന്ന് വീണ്ടും ജോലി തേടുന്നവര്‍ക്ക് മുമ്പില്‍ എല്ലാ വാതിലുകളും അടയുകയാണോ ? മിടുക്കുകൊണ്ട് അതിനെ മറികടക്കുന്നവരുണ്ടോ? പുതിയ കാര്യങ്ങള്‍ പഠിച്ച് തൊഴില്‍ മേഖലയിലേക്ക് തിരിച്ചെത്തുകയാണ് വേണ്ടത്. കരിയറില്‍ ഇടവേള വന്നാല്‍ തിരിച്ചെത്തുമ്പോഴുള്ള പ്രശ്നങ്ങള്‍ മറികടക്കാന്‍ വഴികളുണ്ട്. അവ നോക്കാം.
1) എത്ര ഇടവേള വരുന്നോ അത്രയും തന്നെ ബുദ്ധിമുട്ടായിരിക്കും പുതിയ ജോലി ലഭിക്കാനും. ജോലി അന്വേഷിച്ച് തുടങ്ങുമ്പോള്‍ അറിവുകളെ അപ്ഡേറ്റ് ചെയ്യണം.
2) ചിലര്‍ക്ക് പഠിച്ച ജോലി തന്നെ ചെയ്യണമെന്നാകും ആഗ്രഹം. അവര്‍ക്കാവശ്യം അപ് സ്കില്ലിങ് ആണ്. പഠിച്ച തൊഴിലിലെ പുതിയ ട്രെന്‍ഡുകള്‍, ടൂള്‍സ്, അതുമായി ബന്ധപ്പെട്ട പുതിയ കോഴ്സുകള്‍ എന്നിവ അന്വേഷിച്ച് പഠിക്കാം, മറ്റൊരു ജോലിയാണ് എങ്കില്‍ റീ സ്കില്ലിങ്ങാണ് വേണ്ടത്. ഇഷ്ടമുള്ള രംഗം അത് കണ്ടെത്തി അതിന്റെ കോഴ്സുകള്‍ പഠിക്കാം. prayaana.org പോലുള്ള സൈറ്റുകളില്‍ സ്ത്രീകള്‍ക്ക് ഇത്തരം പരിശീലനം നല്‍കുന്നുണ്ട്.
3) ഫാഷന്‍, സോഷ്യല്‍ മീഡിയ, പൊതുവിവരം, ലൈഫ്സ്റ്റൈല്‍..എല്ലാം അപ്ഡേറ്റ് ചെയ്യണം. സോഷ്യല്‍ മീഡിയയിലെ സാന്നിധ്യം, ലിങ്ക്ഡ്ഇന്‍ പോലെ പ്രൊഫഷണല്‍ പ്ലാറ്റ്ഫോമിലെ അക്കൗണ്ട് ഇവയൊക്കെ പ്രാധാനമാണ്.
4) കരിയറില്‍ ഒരു ഇടവേള വന്നത് കുറ്റമോ അബദ്ധമോ ആയി കാണേണ്ട. ഏതൊരു ഇന്റര്‍വ്യൂവിന പോയാലും ഇടവേളയില്‍ നിങ്ങള്‍ എന്ത് ചെയ്തു എന്ന ചോദ്യം ഉറപ്പാണ്. ആ സമയത്ത് എന്തെങ്കിലും കോഴ്സ് പഠിച്ചെന്നോ, ഫ്രീലാന്‍സ് വര്‍ക്കുകള്‍ നോക്കിയെന്നോ പറഞ്ഞാല്‍ സ്കോര്‍ കൂടും. അതുപോലെ ഇടവേള എന്തുകൊണ്ടുവന്നു എന്ന ചോദ്യവും ഉറപ്പാണ്. അപ്പോള്‍ അതിവൈകാരികത കാണിക്കാതെ ആവശ്യമുള്ള കാര്യങ്ങള്‍ മാത്രം പറയുക.
5) പ്രായത്തെ പറ്റി ടെന്‍ഷന്‍ വേണ്ട. ജീവിതാനുഭവങ്ങള്‍ പ്രാധാനമാണ്.
6) ഇന്റര്‍വ്യൂവിന് പോകുന്നതിന് മുമ്പ് തന്നെ കമ്പനിയെ പറ്റിയുള്ള വിവരങ്ങള്‍ അറിയാം. കമ്പനിയുടെ വെബ്സൈറ്റോ, സോഷ്യല്‍ മീഡിയ പേജോ നോക്കിയാല്‍ മതി
7) ഇന്റര്‍വ്യൂവിന്റെ സമയത്ത് നിങ്ങളുടെ സംശയങ്ങളും ആവശ്യങ്ങളും കൂടി പറയണം. ജോലി സമയവും ലീവും സാലറിയുടെ വിവരങ്ങളും കൃത്യമായി ചോദിച്ച് മനസ്സിലാക്കുക. ഓഫീസില്‍ നിന്ന് വൈകി പോകാന്‍ സാധിക്കില്ലെങ്കില്‍ അത് അവരെ കൃത്യമായി അറിയിക്കുക. ഒരിക്കലും പറ്റാത്ത കാര്യങ്ങള്‍ പറഞ്ഞ് ജോലി നേടരുത്.
8) ഇന്റര്‍വ്യൂവിന് പോകുമ്പോള്‍ ജോലിയും ശമ്പളവും എന്തെങ്കിലും കിട്ടിയാല്‍ മതി എന്ന രീതി വേണ്ട. പകരം കരിയറില്‍ വളരണമെന്നാണ് ആഗ്രഹമെന്ന് പറയാം.
വിവരങ്ങള്‍ക്ക് കടപ്പാട് - പിവി രവീന്ദ്രന്, ഫൗണ്ടര്‍ ആന്‍ഡ് ഡയറക്ടര്‍, അസ്ട്രോവിഷന്‍ ഫ്യൂച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: How to get a job after a career break