ന്യൂഡല്‍ഹി: മക്കളുടെ പിറന്നാളുകള്‍ മാതാപിതാക്കള്‍ക്ക് ഏറ്റവും സന്തോഷം നിറഞ്ഞദിവസങ്ങളിലൊന്നാണ്. അവര്‍ക്ക് പ്രിയപ്പെട്ട സമ്മാനങ്ങള്‍ വാങ്ങി നല്‍കി ചിലര്‍ മക്കളെ 'ഞെട്ടിക്കും'. അങ്ങനെ തന്റെ ഭിന്നശേഷിക്കാരായ മകന് പിറന്നാള്‍ സമ്മാനമായി സ്മാര്‍ട്ട്‌ഫോണ്‍ സമ്മാനിക്കുന്ന ഒരമ്മയുടെ വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിറഞ്ഞുനില്‍ക്കുന്നത്. 

കേക്ക് മുറിച്ചശേഷം അമ്മ മകന് ഒരു പൊതി സമ്മാനിക്കുന്നതാണ് വീഡിയോയില്‍ ആദ്യം കാണുക. ആകാംക്ഷയോടെ പൊതി വാങ്ങി തിരിച്ചുമറിച്ചും നോക്കുന്ന മകനോട് അത് അഴിച്ചു നോക്കാന്‍ അമ്മ ആവശ്യപ്പെടുന്നുണ്ട്. പൊതി ശ്രദ്ധാപൂര്‍വം അഴിച്ചുനോക്കുന്നതിനിടെ സമ്മാനം ഫോണാണെന്നു മനസ്സിലാക്കുന്ന മകന്‍ സന്തോഷം പ്രകടിപ്പിക്കുന്നത് ആരുടെയും കണ്ണുനിറയ്ക്കും.

വളരെ ശ്രദ്ധയോടെയാണ് മകന്‍ ഫോണ്‍ കവറിനുള്ളില്‍നിന്നെടുക്കുന്നത്. പൊതി അഴിച്ച് ഫോണ്‍ കയ്യിലെടുത്ത് അവന്‍ അതില്‍ ഉമ്മ വെക്കുന്നതും വീഡിയോയില്‍ കാണാം. അതിനുശേഷം അമ്മയെകെട്ടിപ്പിടിച്ചും മകന്‍ ഉമ്മ വെക്കുന്നു. പിറന്നാളാഘോഷത്തിനെത്തിയ ബന്ധുക്കളെ അടുത്ത് വിളിച്ച് മകന്‍ തന്റെ സമ്മാനം സന്തോഷത്തോടെ കാണിക്കുന്നുണ്ട്. സമ്മാനം കിട്ടിയ ഫോണില്‍ എല്ലാവരും നിന്ന് സെല്‍ഫിയെടുക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

Content highlights: cant see this birthday video without tear viral video