ത്തെടുക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് ആദ്യം ഓര്‍മ വരുന്നത് കുട്ടികളെ പറ്റിയാവും. എന്നാല്‍ ഈ കനേഡിയന്‍ ദമ്പതികള്‍ ദത്തെടുത്തത് കുട്ടികളെ അല്ല. പ്രായമായ സ്ത്രീയെ ദത്തെടുത്ത അവരുടെ നന്മയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. 

മാരിക്കി ഫിന്‍ലെയും അവരുടെ പങ്കാളിയായ കാരിന്‍ കോപ്പും തങ്ങളുടെ റിട്ടയര്‍മെന്റ് ജീവിതം ആഘോഷമാക്കാന്‍ വേണ്ടിയാണ് നോവാ സ്‌കോട്ടിയയിലേക്ക് പോകാന്‍ തീരുമാനിച്ചത്. അവരുടെ സുഹൃത്തും 86-കാരിയുമായ എലിസബത്ത് ബിഗ്രാസിനെയും തങ്ങള്‍ക്കൊപ്പം പോരാന്‍ ഇവര്‍ ക്ഷണിക്കുകയായിരുന്നു. ലോകം മുഴുവനും വൃദ്ധസദനങ്ങള്‍ പലരൂപങ്ങളില്‍ വളര്‍ന്നു വരുമ്പോഴാണ് ഒറ്റയ്ക്കായ ഒരു സ്ത്രീക്ക് വീണ്ടും കുടുംബത്തിനൊപ്പം ജീവിക്കാനുള്ള അവസരം ദമ്പതികള്‍ ഒരുക്കിയത്. 

മക്ഗില്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസര്‍മാരായിരുന്ന ദമ്പതികളുമായി എലിസബത്തിന് കുറച്ച് കാലത്തെ പരിചയമേ ഉള്ളൂ. തന്റെ ഭര്‍ത്താവിന്റെ മരണശേഷം ഒറ്റയക്കായ എലിസബത്ത് ഇവരുമായി ഏറെ അടുക്കുന്നത് ഒരു സെയ്‌ലിങ് ട്രിപ്പിന് ശേഷമാണ്. ആ അടുപ്പമാണ് എലിസബത്തിനെ ഇവരുടെ കുടുംബത്തിന്റെ ഭാഗമാക്കിയതും. 

എലിസബത്ത് മാനസികാരോഗ്യ വിദഗ്ധയായി ജോലി ചെയ്യുകയായിരുന്നു. എലിസബത്തിനും ഭര്‍ത്താവിനും മക്കള്‍ ഉണ്ടായിരുന്നില്ല. ഭര്‍ത്താവിന്റെ മരണശേഷം  ബന്ധുക്കളും എലിസബത്തിനെ അന്വേഷിക്കാതായി. ഫിന്‍ലെയും കാരിനും ദത്തെടുത്തില്ലായിരുന്നെങ്കില്‍ എലിസബത്തിന്റെ ജീവിതം ഏതെങ്കിലും വൃദ്ധസദനത്തില്‍ അവസാനിച്ചേനെ. എന്നാല്‍ എലിസബത്തിനെ ഇവര്‍ ഒപ്പം കൂട്ടിയതോടെ ചില അകന്ന ബന്ധുക്കള്‍ പ്രശ്‌നവുമായി എത്തി. എന്നാല്‍ 'അധികൃതര്‍ക്ക് പ്രായമായവര്‍ക്ക് കുടുംബം എത്ര പ്രധാനപ്പെട്ടതാണ്  അറിയാമായിരുന്നു ' എന്ന് ദമ്പതികള്‍ പറയുന്നു. 

എലിസബത്തിന് പ്രായത്തിന്റേതായ ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഇപ്പോള്‍ ചെറിയ ഓര്‍മ്മക്കുറവും കേള്‍വിശക്തിക്കുറവും ഉണ്ട്. പാട്ടുകേള്‍ക്കുകയായിരുന്നു ഇഷ്ടവിനോദം. കേള്‍വിശക്തി കുറഞ്ഞതോടെ ഫോട്ടോഗ്രാഫിയിലാണ് എലിസബത്ത് ഇപ്പോള്‍ ആനന്ദം കണ്ടെത്തുന്നത്. ഏതായാലും നോവാ സ്‌കോട്ടിയയിലെ തങ്ങളുടെ ചെറിയ വീട്ടില്‍ ജീവിതം ആഘോഷമാക്കുകയാണ് ഇവര്‍.

Content Highlights: Canadian couple adopts elderly woman