ന്‍പത്തിയൊന്‍പത് വര്‍ഷത്തെ തങ്ങളുടെ ദാമ്പത്യത്തിന്റെ മധുരം ഈ കാലിഫോര്‍ണിയന്‍ ദമ്പതികള്‍ ആഘോഷമാക്കിയത് അല്‍പം വ്യത്യസ്തമായ രീതിയിലാണ്. വിവാഹദിനം പുനരവതരിപ്പിച്ച ഈ ദമ്പതികള്‍ വൈറലാകുകയാണ് ഇപ്പോള്‍. എഴുപത്തൊമ്പതുകാരായ കരണും ഗ്രേ റയാനും തങ്ങളുടെ വിവാഹദിനത്തിലെ അതേ വസ്ത്രങ്ങള്‍ തന്നെയണിഞ്ഞ് അന്നു പകര്‍ത്തിയതുപോലെ തന്നെ ചിത്രങ്ങള്‍ പകര്‍ത്തി ആഘോഷങ്ങളും നടത്തിയാണ് വാര്‍ഷിക ദിനം വ്യത്യസ്തമാക്കിയത്. 

'ഇന്നലെ എന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും 59-ാം വിവാഹ വാര്‍ഷികമായിരുന്നു. കഴിഞ്ഞവര്‍ഷം ഇരുവര്‍ക്കും ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു, അന്ന് ആഘോഷങ്ങള്‍ നടന്നില്ല. അതുകൊണ്ട് ഈ വര്‍ഷം അല്‍പം വ്യത്യസ്തമാകട്ടെ എന്ന് കരുതി. 1962 ലെ വിവാഹ ദിനം ഇന്നത്തെ വിവാഹത്തില്‍ നിന്ന് എത്ര വ്യത്യസ്തമാണ് എന്ന് കൂടി പരിചയപ്പെടുത്തുകയാണ് ഈ ആഘോഷത്തിന്റെ ലക്ഷ്യം.' കൊച്ചുമകള്‍ നിക്കി റിയാന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഇരുവരുടെയും പഴയ വിവാഹചിത്രം പങ്കുവച്ചു കൊണ്ട് കുറിച്ചു. 

'1962 ല്‍ പോഷെല്ലോയില്‍ വച്ചായിരുന്നു ഞങ്ങളുടെ വിവാഹം. വളരെ ലളിതമായ ചടങ്ങുകളായിരുന്നു. ചടങ്ങിന് ശേഷം പള്ളിയുടെ അടിയിലുള്ള ചെറിയ ഹാളിലായിരുന്നു വിവാഹ വിരുന്ന്. കരണ്‍ ഗുഡ്‌മോര്‍ണിങ് അമേരിക്കയോട് പറയുന്നത് ഇങ്ങനെ. 

ഇരുവരുടെയും മരുമകളും കൊച്ചുമകളും വെഡ്ഡിങ് ഫോട്ടോഗ്രാഫര്‍മാരാണ്. ഇവര്‍ തന്നെയാണ് മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ചിത്രങ്ങള്‍ പകര്‍ത്തിയത്. ആഘോഷങ്ങളും ഇവരുടെ തന്നെ പ്ലാനായിരുന്നു.

Content highlights : 59th anniversary, California couple recreates wedding photoshoot