വിവാഹദിനത്തിൽ സ്വന്തം വീട്ടുകാരോട് യാത്ര പറയുമ്പോൾ കണ്ണീരൊഴുക്കുന്ന വധുക്കളുടെ വീഡിയോകൾ നിരവധി കണ്ടിട്ടുണ്ടാവും. എന്നാൽ വിവാഹദിനത്തിൽ സൂപ്പർ കൂളായി നിന്ന് തനിക്കിപ്പോൾ കരയാൻ പറ്റില്ലെന്ന് പറയുന്ന വധുവിന്റെ വീഡിയോ ആണ് സമൂഹമാധ്യമത്തിൽ നിറയുന്നത്. 

വിവാഹ ചടങ്ങുകളെല്ലാം പൂർത്തിയായി വീട്ടുകാരോട് യാത്ര പറയുന്ന വധുവാണ് വീഡിയോയിലുള്ളത്. ഇഷിത തുക്രാൽ എന്ന യുവതിയാണ് രസകരമായി തന്റെ യാത്രപറച്ചിൽ നടത്തിയത്. 

യാത്ര പറയവേ നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്ന അമ്മയോട് സംസാരിക്കുകയാണ് ഇഷിത. ഇതിനിടേ ഇഷിത പറഞ്ഞ വാക്കുകളാണ് രസകരമായത്. തനിക്കിപ്പോൾ കരയാൻ പറ്റില്ലെന്നും മേക്അപ് ഉണ്ടെന്നും ഫോട്ടോകൾ എടുക്കാനുണ്ടെന്നുമാണ് ഇഷിത അമ്മയോട് പറയുന്നത്. കരച്ചിലിന്റെ വക്കോളമെത്തിയ അമ്മയെ ആശ്വസിപ്പിക്കുന്നുമുണ്ട് ഇഷിത. 

ഏറ്റവും മനോഹരമായ യാത്ര പറച്ചിൽ എന്നാണ് വീഡിയോക്ക് കീഴെ പലരും കമന്റ് ചെയ്യുന്നത്. വിവാഹജീവിതം തുടങ്ങുമ്പോൾ ഇതുപോലെ ആനന്ദിക്കുകയാണ് വേണ്ടതെന്നും ഇതുവരെ കണ്ടതിൽ വച്ച് ക്യൂട്ടായ വധു എന്നുമൊക്കെ പോകുന്നു കമന്റുകൾ. 

Content Highlights: bride's viral video