വിവാഹത്തിന് പട്ടുടയാടകളും ആഭരണങ്ങളുമൊക്കെ അണിഞ്ഞു വരുന്ന സ്ഥിരം കാഴ്ചകളെ വിട്ടുപിടിച്ചാണ് ആ വധു പാന്റ്സ്യൂട്ട് ധരിച്ച് വിവാഹവേദിയിലെത്തിയത്. സഞ്ജന റിഷി എന്ന വധുവായിരുന്നു തന്റെ വിവാഹത്തിന് ആരും കരുതാത്ത രീതിയിൽ ഒരുങ്ങിയെത്തിയത്. എന്നാൽ പിന്നാലെ സഞ്ജനയ്ക്കെതിരെ സൈബർ ആക്രമണം ഉയരുകയും ചെയ്തു. ഇന്ത്യൻ വിവാഹത്തിനും സംസ്കാരത്തിനും ചേരാത്ത വസ്ത്രം ധരിച്ചു എന്ന പേരിലായിരുന്നു സഞ്ജന വിമർശനങ്ങൾക്കിരയായത്. അത് നടന്നത് ഒരു വർഷം മുമ്പാണെങ്കിൽ ഇപ്പോഴിതാ തന്റെ ​ഗർഭകാല ഫോട്ടോഷൂട്ടിന് അതേ വസ്ത്രം ധരിച്ച് വീണ്ടും മറുപടി നൽകുകയാണ് സഞ്ജന. 

ഇളംനീലനിറത്തിലുള്ള പാന്റ്സ്യൂട്ട് ധരിച്ചാണ് അന്ന് സഞ്ജന വിവാഹവേദിയിലെത്തിയത്. അത്തരത്തിൽ അണിഞ്ഞൊരുങ്ങാൻ തീരുമാനിച്ചതിനെക്കുറിച്ച് കുറിപ്പ് പങ്കുവെക്കുകയും ചെയ്തിരുന്നു. വധുവിന്റെ രൂപം സംസ്‌കാരമോ മറ്റെന്തെങ്കിലുമോ ആയല്ല അവനവന്റെ ശരീരവും അതുകഴിഞ്ഞാല്‍ വ്യക്തിത്വവുമായാണ് യോജിക്കേണ്ടതെന്നാണ് സഞ്ജന കുറിച്ചത്. ജിയാന്‍ഫ്രാങ്കോ ഫെറി ഡിസൈനേഴ്‌സിന്റെ മുമ്പുപയോഗിക്കപ്പെട്ട പാന്റ്‌സ്യൂട്ട് ആണ് സഞ്ജന തിരഞ്ഞെടുത്തത്. വിവാഹ വസ്ത്രത്തിന് പണം വാരിയെറിയുന്നതിലുള്ള താല്‍പര്യമില്ലായ്മ കൂടി ഇതിനു പിന്നിലുണ്ടായിരുന്നു. അന്ന് ഇന്ത്യൻ സംസ്കാരത്തെ ഇഷ്ടമല്ലെങ്കിൽ എന്തിന് ഇന്ത്യൻ യുവാവിനെ വിവാഹം കഴിച്ചു എന്നു വരെ സഞ്ജന ചോദ്യങ്ങൾ നേരിട്ടിരുന്നു. ഇപ്പോഴിതാ അവർക്കൊക്കെ ​ഗർഭകാലഫോട്ടോ ഷൂട്ടിലൂടെ വീണ്ടും മറുപടി നൽകുകയാണ് സഞ്ജന.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sanjana Rishi (@sanjrishi)

വിവാഹദിനത്തിലെ ലുക്ക് പുനരവതരിപ്പിക്കുകയായിരുന്നു സഞ്ജന. ഒപ്പം ഒരു ട്വിസ്റ്റ് കൂടി നൽകി. അന്ന് സാരി ധരിക്കാത്തതിന്റെ പേരിലായിരുന്നു പലരുടേയും വിമർശനം. ഇക്കുറി അലസമായി ധരിച്ച സാരിയും ബ്ലേസറുമാണ് സഞ്ജന ധരിച്ചത്. മെറ്റേണിറ്റി ഫോട്ടോഷൂട്ടിനൊപ്പവും സഞ്ജന കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പലരും തന്റെ വിവാഹ വസ്ത്രം ഇന്ത്യൻ രീതിക്ക് വിരുദ്ധമാണെന്നാണ് പറഞ്ഞത്. അതുകൊണ്ട് നിങ്ങൾക്കായി ഇക്കുറി ഒരു സാരി ധരിച്ചിരിക്കുന്നു എന്നു പറഞ്ഞാണ് സഞ്ജന ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. പ്രശംസ നിറഞ്ഞ കമന്റുകൾ മാത്രമാണ് താൻ പ്രതീക്ഷിക്കുന്നതെന്നും സഞ്ജന കുറിച്ചു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sanjana Rishi (@sanjrishi)

എന്തായാലും സഞ്ജനയെ പ്രശംസിച്ച് നിരവധി പേർ കമന്റ് ചെയ്യുന്നുമുണ്ട്. വസ്ത്രധാരണം അവനവനെ മാത്രം ബാധിക്കുന്ന കാര്യമാണെും സ്വന്തം വിവാഹത്തിന് എന്ത് ധരിക്കണം എന്നതിൽ അപരൻ അഭിപ്രായം പ്രകടിപ്പിക്കേണ്ടതില്ലെന്നുമൊക്കെ കമന്റ് ചെയ്യുന്നവരുണ്ട്. 

Content Highlights: Bride Got Trolled For Wedding Outfit, Ended Up Wearing The Same For Her Pregnancy Shoot