മാതാപിതാക്കളുടെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നാണ് മക്കളുടെ വിവാഹം. എന്നാല്‍, വിവാഹസമയത്ത് മാതാപിതാക്കളുടെ സാന്നിധ്യം ഇല്ലാതെ വരുന്നത് വളരെ വേദനാജനകമായ ഒന്നാണ്. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണമടഞ്ഞ അമ്മയുടെ ചിത്രം നെഞ്ചോട് അടക്കിപ്പിടിച്ച് വിവാഹവേദിയിലേക്ക് എത്തുന്ന പാകിസ്താനി വധുവിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കണ്ണുകളെ ഈറനണിയിപ്പിക്കുന്നത്. വിവാഹ വസ്ത്രത്തില്‍ പിതാവിന്റെ കരംപിടിച്ച, അമ്മയുടെ ചിത്രം നെഞ്ചോട് ചേര്‍ത്ത് വിതുമ്പലടക്കിക്കൊണ്ടാണ് വിവാഹവേദിയിലേക്ക് വധു നടന്നെത്തുന്നത്.

ഫോട്ടോഗ്രാഫറായ മാഹാ വജാഹത് ഖാന്‍ ആണ് ദൃശ്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. അമ്മ മരണപ്പെട്ടുപോയ എല്ലാ പെണ്‍മക്കള്‍ക്കുമായി സമര്‍പ്പിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

വധുവിന്റെ പിതാവുള്‍പ്പടെ വിവാഹത്തിന് എത്തിയ ബന്ധുക്കളും കരയുന്നതും കണ്ണുകള്‍ തുടയ്ക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. വിവാഹച്ചടങ്ങള്‍ക്കുശേഷം വധു തന്റെ പിതാവിനെ കെട്ടിപ്പിടിച്ച് യാത്രപറയുന്നതോടെയാണ് 57 സെക്കന്‍ഡ് നീളുന്ന വീഡിയോ അവസാനിക്കുന്നത്.

 

മൂന്ന് ദിവസം മുമ്പ് പങ്കുവെച്ച വീഡിയോ ഇതുവരെ മൂന്ന് ലക്ഷത്തില്‍ അധികം പേരാണ് കണ്ടത്. 45,000-ല്‍ പരം ലൈക്കുകളും നൂറുകണക്കിന് കമന്റുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചത്. വീഡിയോ കണ്ട് കരഞ്ഞുപോയെന്ന് പലരും വീഡിയോയ്ക്ക് കമന്റു ചെയ്തു.

Content highlights: bride entering her wedding venue,  a portrait of her late mother in hand, viewers emotional