വിവാഹ വേദിയിലേക്ക് നാണംകുണുങ്ങി എത്തിയിരുന്ന വധുക്കളുടെ കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ തകർപ്പൻ നൃത്തച്ചുവടുകളോടെയും ​ഗാനങ്ങളുടെ അകമ്പടിയോടെയുമൊക്കെയാണ് പലരും വേദിയിലേക്കെത്തുന്നത്. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നതും ഒരു വധുവിന്റെ വീഡിയോ ആണ്. വിവാഹ വേദിയിലേക്ക് സ്വയം വാഹനമോടിച്ചു പോകുന്ന വധുവാണ് വീഡിയോയിലുള്ളത്. 

ആകൃതി സേതി എന്ന പെൺകുട്ടിയുടെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. ആകൃതിയുടെ മേക്അപ് ആർട്ടിസ്റ്റായ പരുൾ ​ഗാർ​ഗ് ആണ് വീ‍ഡിയോ പങ്കുവെച്ചത്. ചുവപ്പു നിറത്തിലുള്ള ലെഹം​ഗയും പരമ്പരാ​ഗത ശൈലിയിലുള്ള ആഭരണങ്ങളും ധരിച്ച് വാഹനത്തിലിരിക്കുന്ന ആകൃതിയാണ് വീഡിയോയിലുള്ളത്. ഒട്ടും വൈകാതെ പാട്ടിനൊപ്പം ആടിപ്പാടി വാഹനമോടിക്കുകയാണ് ആകൃതി. 

വേദിയിൽ എത്താൻ കാത്തിരിക്കാൻ ആവാതെ വന്ന വധു സ്വയം കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചപ്പോൾ എന്ന ക്യാപ്ഷനോടെയാണ് പരുൾ വീഡിയോ പങ്കുവെച്ചത്. 

നിരവധി പേരാണ് പരുളിനെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ഇങ്ങനെയായിരിക്കണം വധു എന്നും ഇത്തരത്തിൽ സ്വയംപര്യാപ്തരായിരിക്കണം സ്ത്രീകൾ എന്നുമൊക്കെ പറഞ്ഞാണ് പലരും വീഡിയോ പങ്കുവെക്കുന്നത്. 

Content Highlights: bride drives to wedding venue in viral video