കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചു 50 പേര്‍ മാത്രമേ വിവാഹത്തില്‍ പങ്കെടുക്കുന്നുള്ളൂവെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും വിവാഹസമ്മാനം തരണം, ഇതാണ് ശ്രീദേവി ഒളപ്പമണ്ണയുടെയും ജയദേവ് കൃഷ്ണന്റെയും ഡിമാന്‍ഡ്. സമ്മാനം എന്താണെന്നല്ലേ, ഒരു മരം. 

സമ്മാന മരങ്ങള്‍ക്കായി ഗ്രോ ട്രീസ് എന്ന വെബ്സൈറ്റില്‍ ശ്രീദേവി ഒരു ഗ്രൂവ് തുടങ്ങി. വിവാഹം, ജന്മദിനം, നേട്ടങ്ങള്‍, മരണം തുടങ്ങിയ വിശേഷാവസരങ്ങളില്‍ ഈ വെബ്സൈറ്റിലൂടെ ഒറ്റയ്ക്കോ, ഗ്രൂവ് തുടങ്ങി കൂട്ടായോ മരങ്ങള്‍ നടുന്നതില്‍ പങ്കാളിയാകാം. ഈ സമ്മാനത്തിലൂടെ പ്രകൃതിക്കൊരു സാന്ത്വനമൊരുക്കുന്നതോടൊപ്പം അവിടുത്തെ ഗ്രാമീണമേഖലയിലെ സ്ത്രീകള്‍ക്ക് തൊഴിലും ലഭിക്കും. ഓരോ ഇരുപത് മരം പരിപാലിക്കാന്‍ ഒരാള്‍ എന്ന് രീതിയിലാണ് തൊഴില്‍ നല്‍കുക. 1025 മരങ്ങള്‍ ഇതിനകം ശ്രീദേവിക്കും ജയദേവിനും ഇതുവരെ സമ്മാനമായി ലഭിച്ചു. ഒരു മരം നടുന്നതിനും പരിപാലനത്തിനുമായി 85 രൂപയാണ് ചെലവ്. ഇവരുടെ വിവാഹദിനമായ ഡിസംബര്‍ 11-നാണ് ഈ മരങ്ങള്‍ നടുക.

1025 മരങ്ങള്‍ വളര്‍ന്നു വരുമ്പോള്‍ 20,500 കിലോ കാര്‍ബണ്‍ ഡൈയോക്‌സൈഡിനെ ആഗിരണം ചെയ്യാന്‍ സഹായിക്കും. 51പേര്‍ക്ക് തൊഴിലും നല്‍കും. ശ്രീദേവിയുടെയും ജയദേവിന്റെയും ആഗ്രഹം 40,000 കിലോ കാര്‍ബണ്‍ ഡൈയോക്‌സൈഡ് ആഗിരണം ചെയ്യാനുള്ള മരങ്ങള്‍ നടാനും 100 ആളുകള്‍ക്ക് ജോലി കിട്ടണമെന്നതുമാണ്.

ബംഗാളിലെ സുന്ദര്‍ബന്‍സ് ദേശീയോദ്യാനത്തില്‍ ട്രീസ് ഫോര്‍ ടൈഗേഴ്സ് എന്ന പദ്ധതിയിലേക്കാണ് തുടക്കത്തില്‍ ഇവര്‍ മരങ്ങള്‍ സംഭാവന നല്‍കിയത്. ആ പദ്ധതിയിലേക്ക് ആവശ്യമായ എണ്ണം തികച്ചപ്പോള്‍ ചുഴലിക്കാറ്റ് പിടിച്ചുലച്ച ഒഡീഷയിലെ ബാലുഖണ്ഡ് കൊണാര്‍ക്ക് വന്യജീവി സങ്കേതത്തിലേക്കായി ഒരു ഗ്രൂവ് സൃഷ്ടിച്ചു. ഇതിനുമുമ്പും ശ്രീദേവി ഗ്രോ ട്രീസ് വഴി ആന്ധ്രയിലെ ആനന്ദ്പൂരില്‍ ഗ്രാമീണര്‍ക്കായും (ട്രീസ് ഫോര്‍ വില്ലേജേഴ്സ്) ജാര്‍ഖണ്ഡിലെ സിങ്ബം ആന സംരക്ഷണ കേന്ദ്രത്തിനുമായി (ട്രീസ് ഫോര്‍ എലിഫന്‍സ്) എന്നീ പദ്ധതികളില്‍ പങ്കാളിയായിരുന്നു. അച്ഛന്റെ സഹോദരന്റെ ജന്മദിനത്തിലും സുഹൃത്തിന്റെ വിവാഹത്തിനും മരങ്ങള്‍ നടുന്ന പദ്ധതിയുടെ ഭാഗമായി ശ്രീദേവി. അതിന്റെ തുടര്‍ച്ചയെന്നോണമാണ് സ്വന്തം വിവാഹത്തിനും പത്തുമരങ്ങള്‍ സംഭാവന ചെയ്തത്. അമ്മ ബിന്ദുവും പ്രതിശ്രുത വരന്‍ ജയദേവും പൂര്‍ണപിന്തുണ നല്‍കി. ബിന്ദു താന്‍ പഠിച്ച സ്‌കൂള്‍, കോളേജ് വാട്സാപ്പ് കൂട്ടായ്മകളില്‍ ഷെയര്‍ ചെയ്ത് ഈ സംരംഭത്തിന് നല്ല പ്രചാരം നല്‍കി. 50 മരങ്ങള്‍ വരെ നടാന്‍ തുക സംഭാവന ചെയ്തവരുണ്ടെന്ന് ശ്രീദേവി പറയുന്നു. ഐക്യരാഷ്ട്ര സഭയുടെ നൂറുകോടി മരങ്ങള്‍ നടുന്ന പദ്ധതിയുടെ ഔദ്യോഗിക പങ്കാളിയാണ് ഗ്രോട്രീസ്. ഒരുമരം നട്ടാല്‍ പോലും സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

എന്തുകൊണ്ട് വിവാഹത്തിന് വീട്ടില്‍ മരം നടുന്നില്ല

'ഓരോ പ്രദേശത്തിനും കാലാവസ്ഥയ്ക്കും ഇണങ്ങിയ മരങ്ങള്‍ നടണം. അതിന് വിശദമായ പഠനം വേണം. അതിനു പുറമെ വിവാഹചടങ്ങിന്റെ തിരക്കുകള്‍ക്കിടെ മരംനടല്‍ പ്രായോഗികമാകില്ല.' - ശ്രീദേവി പറയുന്നു. എന്നാല്‍ ഭാവിയില്‍ ജയദേവിന്റെ വീടിന്റെ പരിസരത്ത് അനുയോജ്യമായ മരങ്ങള്‍ നേരിട്ട് നട്ടുപിടിപ്പിക്കാന്‍ ഉദ്ദേശമുണ്ട്.

ഡോഡോ പക്ഷി

പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ താത്പര്യമുളള ശ്രീദേവി ഒളപ്പമണ്ണയ്ക്ക് അതിനായി യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ട്. ഇവയ്ക്കായി തിരഞ്ഞെടുത്ത തുലികാ നാമമാണ് ഡോഡോ പക്ഷി. കൈത്തറി വസ്ത്രങ്ങളും മുള കൊണ്ടുളള ബ്രഷും മറ്റും ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം ഈ അക്കൗണ്ടുകളിലൂടെ ഫോളോവേഴ്സിനു മുമ്പില്‍ അവതരിപ്പിക്കാറുണ്ട്. കൂടാതെ പ്രകൃതി ചൂഷണങ്ങള്‍ക്കെതിരായ സമരങ്ങളിലും പങ്കെടുക്കാറുണ്ട്. മഹാകവി ഒളപ്പമണ്ണ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിപ്പാടിന്റെ മകന്‍ ഹരിയുടെ മകളാണ് ശ്രീദേവി.

വരനും വ്യത്യസ്തന്‍

ബെംഗളൂരുവില്‍ ഫാര്‍മസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജയദേവ് വസ്തുക്കളുടെ പുനരുപയോഗത്തിന് ഏറെ പ്രാധാന്യം നല്‍കുന്നയാളാണ്. മൊബൈല്‍ ഫോണ്‍ സെക്കന്‍ഡ് ഹാന്‍ഡാണ് വാങ്ങുക. യാത്ര മിക്കവാറും പൊതുഗതാഗതസംവിധാനങ്ങളില്‍. കഴിയുന്നതും പുതിയ വസ്ത്രങ്ങള്‍ വാങ്ങാതെ ജ്യേഷ്ഠന്റെയുംമറ്റും പഴയത് ഉപയോഗിക്കാനാണ് താത്പര്യം. മലപ്പുറം പെരിന്തല്‍മണ്ണ കുന്നക്കാവ് പുതുമന  പുരുഷോത്തമന്റെയും ഗായത്രിയുടെയും മകനാണ് ജയദേവ്.

വിവാഹത്തിലും പ്രത്യേകത

ഡിസംബര്‍ 11-ന് നടക്കാന്‍ പോകുന്ന ഇവരുടെ വിവാഹത്തിനും ഏറെ സവിശേഷതകളുണ്ട്. വിവാഹവേദി അലങ്കരിക്കുന്നത് തെങ്ങോലയും നാട്ടിലെ പൂക്കളും വെച്ചാണ്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് 50 പേരാണ് പങ്കെടുക്കുക. വെളളം കുടിക്കാനുളള ഗ്ലാസുമുതല്‍ എല്ലാം സ്റ്റീല്‍ പാത്രങ്ങളാണ് ഉപയോഗിക്കുക. സദ്യ നല്‍കുന്നത് വാഴയിലയില്‍. അധികം വരുന്ന ഭക്ഷണവസ്തുക്കള്‍ അതിഥികള്‍ക്ക് വീട്ടിലേക്ക് എടുക്കാം. ഭക്ഷണാവശിഷ്ടങ്ങള്‍ ബയോഗ്യാസാക്കും.

മേക്കപ്പണിയാതെയാണ് വധു വേദിയിലെത്തുക. ധരിക്കുന്നത് വളരെ കുറച്ച് ആഭരണങ്ങളും, അതും അമ്മയുടെയും മുത്തശ്ശിയുടെയും പഴയത്. ബാക്കിയുളളവ സമീപപ്രദേശങ്ങളിലെ സ്വര്‍ണപ്പണിക്കാരെകൊണ്ട് പണിയിച്ചവയും. കല്യാണപന്തലില്‍ കാണുന്ന പതിവ് യൂണിഫോം, ഒരേ കളര്‍ കോഡ് വേഷങ്ങളുണ്ടാകില്ല. വരുന്നവര്‍ ഈ വിവാഹത്തിനായി പുതുവസ്ത്രങ്ങള്‍ വാങ്ങരുതെന്നും ഇവര്‍ അഭ്യര്‍ഥിക്കുന്നു. ഇ-വിവാഹക്ഷണക്കത്തുകള്‍ ഇ-മെയില്‍, സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് അയയ്ക്കുക.

Content Highlights: bride and groom requested to relatives and friends should give wedding gift as trees