മാസംതികയാതെ പ്രസവിച്ചുവീഴുന്ന കുഞ്ഞുങ്ങൾക്ക് മുലപ്പാലിന്റെ മാധുര്യം പകർന്നുനൽകി ജീവിതത്തിലേക്ക് തിരികെയെത്തിക്കുകയാണ് ചെന്നൈയിലെ ഒരുപറ്റം അമ്മമാർ. കുരുന്നുജീവൻ രക്ഷിക്കാൻ മുലപ്പാൽ അവശ്യം വേണ്ടിവരുന്ന ഘട്ടങ്ങളിൽ ഈ അമ്മമാർ സഹായത്തിനെത്തും. മുലപ്പാൽ നൽകാൻ സന്നദ്ധതയുള്ള അമ്മമാരെ ഉൾപ്പെടുത്തി ഇവർ ഫെയ്‌സ്ബുക്ക് ഗ്രൂപ്പും രൂപപ്പെടുത്തിയിട്ടുണ്ട്.

നാച്വറൽ പാരന്റിങ് കമ്യൂണിറ്റി എന്ന ഈ ഗ്രൂപ്പിൽ 3400 അംഗങ്ങളുണ്ട്. 2003-ൽത്തന്നെ ഫെയ്‌സ്ബുക്ക് കൂട്ടായ്മ തുടങ്ങിയെങ്കിലും കഴിഞ്ഞവർഷമാണ് പ്രവർത്തനം ശക്തിപ്പെടുത്തിയത്. ‘ചെന്നൈ ആസ്ഥാനമാക്കിയാണ് ഞങ്ങളുടെ പ്രവർത്തനം. ഭാവിയിൽ രാജ്യത്തെ എല്ലായിടങ്ങളിലും സേവനമെത്തിക്കാനാണ് ലക്ഷ്യം’- ഗ്രൂപ്പിന് നേതൃത്വംനൽകുന്ന വഹീദ സതീഷ്‌കുമാർ പറയുന്നു. 

വഹീദയും സുഹൃത്തുക്കളായ ശരണ്യ വിജയകുമാർ, ഐശ്വര്യ ജയരാമൻ, ഭാരതി കല്യാൺ എന്നിവർ ചേർന്നാണ്  ഈ സംരംഭത്തിന് തുടക്കംകുറിച്ചത്. മാസംതികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ മുലപ്പാലിനപ്പുറം മികച്ച ഔഷധമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. പലകാരണങ്ങളാൽ പ്രസവിച്ച ഉടനെ പല അമ്മമാർക്കും മുലപ്പാൽ ചുരത്താൻ സാധിക്കാറില്ല. ഇതുമൂലം അപകടത്തിലാവുക കുഞ്ഞിന്റെ ജീവനായിരിക്കും. ഇവിടെയാണ് മുലപ്പാലിന്റെ മാധുര്യം പകർന്നുനൽകുന്ന ഈ അമ്മമാരുടെ പ്രസക്തി. ചെന്നൈയിലെ പല ഡോക്ടർമാർക്കും ഗ്രൂപ്പിനെക്കുറിച്ചറിയാമെന്നും മുലപ്പാൽ ആവശ്യം വരുമ്പോൾ തങ്ങളെ അറിയിക്കാറുണ്ടെന്നും വഹീദ പറയുന്നു.

Mothers
സിനിമാ സംവിധായികയും നടിയുമായ ലക്ഷ്മി രാമകൃഷ്ണന്‍ നാച്വറല്‍ പാരന്റിങ് കമ്യൂണിറ്റി അമരക്കാര്‍ക്കൊപ്പം

‘‘നവജാതശിശുക്കൾക്ക് ചിലപ്പോൾ കൈപ്പത്തിയുടെ വലിപ്പമേ കാണൂ. തൂക്കം വളരെ കുറവായിരിക്കും. അമ്മമാർക്കാണെങ്കിൽ മുലപ്പാൽ ചുരത്താൻപറ്റാത്ത അവസ്ഥയായിരിക്കും. ഈ ഘട്ടത്തിൽ, മുലപ്പാൽ നൽകിയാൽമാത്രമേ കുരുന്നുജീവൻ രക്ഷിച്ചെടുക്കാനാവൂ. ഡോക്ടർമാർ അറിയിച്ചാൽ ഗ്രൂപ്പിലെ ഏതെങ്കിലും ഒരാൾ പോയി കുഞ്ഞിന് പാൽ നൽകും. ആഴ്ചയിൽ എല്ലാദിവസവും 24 മണിക്കൂറും ഞങ്ങളുടെ സേവനം ലഭിക്കും. കൂടാതെ, മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് നഗരത്തിൽ ബോധവത്കരണ പരിപാടികളും നടത്താറുണ്ട്. മാസത്തിലൊരിക്കൽ അമ്മമാർ ഒത്തുചേർന്ന് അഭിപ്രായങ്ങൾ പങ്കുവെയ്ക്കും.’’- നാച്വറൽ പാരന്റിങ് കമ്യൂണിറ്റിയുടെ പ്രവർത്തനങ്ങളെപ്പറ്റി വഹീദ വിശദീകരിക്കുന്നു. 

നഗരത്തിലെ ചില ആസ്പത്രികളിൽ മുലപ്പാൽ ബാങ്ക് പ്രവർത്തിക്കുന്നുണ്ട്. ഇവിടേയ്ക്കും പാൽ നൽകാൻ തങ്ങൾ തയ്യാറാണെന്നും ഇവർ പറയുന്നു. തമിഴ്‌നാട്ടിൽ നിലവിൽ സർക്കാർ ആസ്പത്രിയിൽ ഒമ്പതു മുലപ്പാൽ ബാങ്കുൾ പ്രവർത്തിക്കുന്നുണ്ട്. എഗ്മൂറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിലാണ് ആദ്യം തുടങ്ങിയത്. കുഞ്ഞുങ്ങൾക്ക്‌ പാൽ നൽകുക മാത്രമല്ല, ഇവരുടെ പരിപാലനം സംബന്ധിച്ചും നാച്ച്വറൽ പാരന്റിങ് കമ്യൂണിറ്റി ആവശ്യക്കാർക്ക് വിവരം നൽകുന്നുണ്ട്.

ശിശുപരിപാലനംമുതൽ വിദ്യാഭ്യാസംവരെ
കുഞ്ഞുങ്ങൾക്ക് എങ്ങനെ ഡയപ്പർ കെട്ടിക്കൊടുക്കണം, പാൽ നൽകുന്നതെങ്ങനെ, കുട്ടിയുടുപ്പുകൾ തയ്ക്കുന്നതെങ്ങനെ, കുട്ടികളെ നല്ലരീതിയിൽ എങ്ങനെ വളർത്താം, ഏതൊക്കെ മികച്ച സ്കൂളുകളിൽ ഇവരെ ചേർക്കാം തുടങ്ങിയ കാര്യങ്ങളിൽ നാച്വറൽ പാരന്റിങ് കമ്യൂണിറ്റി ഉപദേശം നൽകാറുണ്ട്. കൂടാതെ, ഗർഭിണികൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ, വ്യായാമമുറകൾ തുടങ്ങിയ കാര്യങ്ങളിലും വേണ്ടപ്പെട്ട നിർദേശങ്ങൾ നൽകാറുണ്ട്. ‘‘പ്രകൃതിദത്തമായ രീതികൾക്കാണ് പ്രാമുഖ്യം നൽകാറുള്ളത്. ലോകാരോഗ്യസംഘടനയുടെ മാർഗനിർദേശങ്ങൾ മുഖവിലയ്ക്കെടുത്താണ് ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഇടപെടുന്നത്’’- വഹീദ പറയുന്നു.

ഗ്രൂപ്പിൽ തെറ്റായവിവരങ്ങൾ ആരെങ്കിലും നൽകിയെന്നുകണ്ടെത്തിയാൽ വഹീദയും കൂട്ടരും ചേർന്ന് ഇതേക്കുറിച്ച് ആഴത്തിൽ പഠിച്ച് തെറ്റുകൾ തിരുത്തി പോസ്റ്റ് ഇടും. ‘വളരെ ഗൗരവപരമായാണ് ഈ ഗ്രൂപ്പിനെ ഞങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. അനാവശ്യ ഇടപെടൽ നടത്തുന്നവർ അകറ്റിനിർത്തുകയാണ് ചെയ്യുന്ന’തെന്നും ഇവർ വ്യക്തമാക്കുന്നു. ഗ്രൂപ്പിലെ അംഗങ്ങളുടെ ഭർത്താക്കൻമാരുടെ പ്രോത്സാഹനവും ഇവർക്ക് ഏറെ ഗുണം ചെയ്യുന്നുണ്ട്. മാസത്തിലൊരിക്കൽ വിളിച്ചുചേർക്കുന്ന യോഗത്തിൽ സ്ത്രീകൾക്കൊപ്പം ഭർത്താക്കന്മാരും എത്തുന്നുണ്ട്.