Jilu Joseph
Image: Grihalakshmi

ല യാത്രകളിലും സ്ത്രീകള്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാന്‍ ദുരിതമനുഭവിക്കുന്നത് കണ്ടിട്ടുണ്ട്. ഞാന്‍ മനസ്സിലാക്കിയിടത്തോളം, സ്ത്രീകള്‍ക്ക് കിട്ടുന്ന ഒരു പ്രിവിലേജാണത്. അമ്മമാര്‍ക്ക് മാത്രം അറിയാവുന്നൊരു ആനന്ദം. നിലാവെളിച്ചത്തില്‍ കാറ്റുകൊണ്ട് കടല്‍ത്തീരത്തിരുന്ന് മറ്റൊന്നിനെയും പേടിക്കാതെ കുഞ്ഞിനെയൂട്ടുന്നൊരു അമ്മയുടെ സന്തോഷം എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ട്. സ്വന്തം വീട്ടിലിരുന്നാല്‍ പോലും ഒരു സ്ത്രീ സ്വതന്ത്രയായിരുന്ന് മുലയൂട്ടുന്നത്, വീട്ടിലെ മുതിര്‍ന്ന സ്ത്രീകള്‍ കാണുമ്പോള്‍ ഒരു തോര്‍ത്തുമുണ്ടെങ്കിലും മുകളിലൂടെ ഇട്ടിട്ട് പോവുന്നത് എല്ലാ അമ്മമാര്‍ക്കും അനുഭവമുള്ളതാണ്. എന്തിനാണത്? 

പണ്ടൊക്കെ പ്രേമിക്കുന്നതൊരു തെറ്റായിരുന്നു. ഇന്നിപ്പൊ കാലം മെല്ലെ മാറി, പ്രണയമില്ലാത്തവര്‍ ആരും തന്നെ ഇല്ലാതായി. അത് കാലഘട്ടത്തിന്റെ മാറ്റമാണ്. പ്രേമിച്ചാല്‍ ഉണ്ടാവുന്ന ടൈപ്പ് ചീത്തപ്പേരൊക്കെ ഇപ്പൊ മാറിക്കിട്ടി. മോശമായിരുന്ന ഒരു കാര്യം മെല്ലെ നല്ലതായി. അതു പോലെയാണ് മുലയൂട്ടലും, മാസമുറയും. 

ഞാന്‍ വിവാഹം കഴിച്ചിട്ടില്ല. കുഞ്ഞുമില്ല. 'ഗൃഹലക്ഷ്മി ക്യാമ്പെയി'ന്റെ അസൈന്‍മെന്റ് വന്നപ്പോള്‍ സമ്മതം മൂളാന്‍ എനിക്ക് സംശയമോ, മടിയോ ഉണ്ടായിരുന്നില്ല. ഞാന്‍ ചെയ്യുന്നത് തെറ്റല്ലെന്ന ബോധ്യം ഉണ്ടായിരുന്നു. പേരുദോഷം പേടിച്ച്, അല്ലെങ്കില്‍ ആരെങ്കിലും എന്തെങ്കിലും പറയുമെന്ന് പേടിച്ച്, എനിക്ക് പൂര്‍ണ്ണ ബോധ്യമുള്ള ഒരു കാര്യം ചെയ്യാതിരിക്കരുതെന്ന് മനസ്സ് പറയുന്നു. ഞാന്‍ അത് അനുസരിക്കുന്നു. ഈ ഒരു ക്യാമ്പെയിനോ ഈ ചിത്രമോ മൂലം എനിക്ക് വരാന്‍ സാധ്യതയുള്ള എല്ലാ പേരുദോഷങ്ങളെയും, സന്തോഷത്തോടെ ഏറ്റുവാങ്ങി ഞാന്‍ ആഘോഷിക്കും. 

grihalakshmi cover
Image: Grihalakshmi

സ്വന്തം കുഞ്ഞിനെ സകല സ്വാതന്ത്ര്യത്തോടെയും അഭിമാനത്തോടെയും മുലയൂട്ടാന്‍ കൊതിക്കുന്ന എല്ലാ അമ്മമാര്‍ക്കും വേണ്ടി...നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ആ നിമിഷത്തെ എന്നും ഒരു ചിത്രത്തില്‍ കാത്തുസൂക്ഷിക്കാന്‍ ചങ്കുറപ്പുള്ള അമ്മമാര്‍ക്കുവേണ്ടി! തീരുമാനങ്ങളുടെയും താത്പര്യങ്ങളുടെയും പേരില്‍ ധാരാളം ചീത്തപ്പേരുകള്‍ സമ്പാദിച്ച തോന്ന്യവാസി തന്നെയാണ് ഞാന്‍. പക്ഷേ എനിക്ക് ഇഷ്ടമുള്ള രീതിയില്‍, ആരെയും പരമാവധി ബുദ്ധിമുട്ടിക്കാതെ സന്തോഷത്തോടെ ജീവിക്കുന്നതില്‍, അങ്ങനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതില്‍ എനിക്ക് എത്ര തോന്ന്യവാസി അഥവാ തന്റേടി ആവാമോ അത്രക്ക് ഞാന്‍ തയാറാണ്.

എല്ലാവര്‍ക്കും അറിയാം മാസമുറ ഒരു തെറ്റല്ലെന്ന്. എങ്കിലും നമ്മള്‍ സ്ത്രീകള്‍ അതിനെ ഒരു തെറ്റു പോലെ കാണുന്നു. ആദ്യം നമ്മളല്ലേ ഈ ചിന്താഗതി മാറ്റേണ്ടത് ? ആദ്യം നമ്മളല്ലേ കടക്കാരനോട് ചെന്ന്, 'ചേട്ടാ ഒരു സ്റ്റേഫ്രീ ' എന്ന് പറഞ്ഞ് പൊതിഞ്ഞു കെട്ടാതെ മേടിച്ച് അന്തസ്സോടെ നടന്ന് പോവേണ്ടത്?  എത്ര അച്ഛന്മാര്‍ക്ക് പെണ്മക്കളോട് 'നിനക്കിതു വരെ പീരിയഡ്‌സ് ആയില്ലേ' എന്ന് അഭിമാനത്തോടെ ചോദിക്കാനാവും? എത്ര സ്‌കൂളുകളില്‍ സെക്‌സ് എജ്യുക്കേഷന്‍ ഉണ്ട് ? എത്ര ആണ്‍കുട്ടികള്‍ സ്വന്തം തുണിയലക്കാന്‍ ശീലിച്ചിട്ടുണ്ട് ?
  
ആണ്‍കുട്ടികള്‍ /പെണ്‍കുട്ടികള്‍ എന്ന വേര്‍തിരിവ് നമ്മള്‍ ഉണ്ടാക്കുന്നതാണെന്ന് തോന്നുന്നു. രാത്രിയില്‍ ഒറ്റയ്ക്ക് സഞ്ചരിച്ചാല്‍ നമ്മളെ ആരെങ്കിലും പീഡിപ്പിക്കുമെന്ന് 'പേടിച്ച് ' നമ്മള്‍ ഒളിച്ചിരിക്കുകയാണ്. എത്ര തവണ പേടിയില്ലാതെ ആരെങ്കിലും എന്നെ നോക്കുന്നുണ്ടോ എന്നറിയാന്‍ വേണ്ടിയല്ലാതെ രാത്രിയില്‍ വെറുതെ ഒരു ബസില്‍ സുന്ദരമായി സഞ്ചരിച്ചിട്ടുണ്ട് ? ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്. അനേകം തവണ. സുരക്ഷിതയായി. എന്നെ ആരെങ്കിലും നോക്കുന്നുണ്ടോ എന്ന ചിന്തയെനിക്കില്ലായിരുന്നു. അതുകൊണ്ട് തന്നെ യാത്രകളില്‍ ഒരു അപായ സൂചനയും ഉണ്ടായിട്ടില്ല. 

മറ്റെന്തിനെക്കാളും, എന്നെ സ്‌നേഹിക്കുന്ന ആളാണ് ഞാന്‍. എനിക്ക് പൂര്‍ണാവകാശത്തോടെ എന്റെ കയ്യിലുള്ളത് എന്റെ ശരീരം മാത്രമാണ്. അതിലെ ഒരു ഇഞ്ച് പോലും ഞാന്‍ വെറുക്കുന്നില്ല. എന്റെ ശരീരത്തെപ്പറ്റി എനിക്ക് നാണക്കേടുമില്ല. കണ്ണും, മൂക്കും, കയ്യും പോലെ തന്നെയാണ് എനിക്ക് എന്റെ മറ്റവയവങ്ങളും. ഇത് ഇത്രയൊന്നും കാര്യമാക്കേണ്ട കാര്യമില്ല. എല്ലാര്‍ക്കും അറിയാവുന്ന, എല്ലാര്‍ക്കും ശരിയായ, ഒരു കാര്യം ചെയ്യുന്നതിന് ആരെ പേടിക്കാനാണ് ? ഏതു പാതാളത്തില്‍ കൊണ്ടിട്ടാലും നമുക്ക് അതും ആഘോഷിക്കാന്‍ പറ്റണം. അപ്പോഴല്ലേ മരിക്കുമ്പോ, ശരിക്കും ജീവിച്ചെന്ന് തോന്നൂ.

Content Highlights: Breastfeeding Campaign, Breastfeeding in Public