ജനുവരി 27 - ന് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ബിജു ഫെയ്‌സ്ബുക്കില്‍ ഒരു ഫോട്ടോ ഷെയര്‍ ചെയ്തു. ബിജുവിന്റെ ഭാര്യ അമൃത ഒമ്പതുദിവസം പ്രായമായ കുഞ്ഞിനെ മുലയൂട്ടുന്നതിന്റെ ചിത്രമായിരുന്നു അത്. മുലയൂട്ടേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള വിശദീകരണവും കൂടെ കൊടുത്തു. എന്നാല്‍ പലരുടെയും സദാചാരക്കണ്ണ് പതിഞ്ഞത് അമൃതയുടെ തുറന്ന മാറിടത്തിലേക്കാണ്. കുറേപ്പേര്‍ ബിജുവിനെയും അമൃതയേയും വിമര്‍ശിച്ചു. ചിലര്‍ അഭിനന്ദിച്ചു. ചിലര്‍ ഇത് കുറച്ചുകൂടിപ്പോയില്ലേ എന്നാശങ്കപ്പെട്ടു. പൊതിഞ്ഞുകെട്ടിയും മറച്ചുവച്ചുമാണ് കുഞ്ഞിനെ മുലയൂട്ടേണ്ടതെന്ന പൊതുബോധത്തെ, അമൃതയുടേയും കുഞ്ഞിന്റെയും ചിത്രം പൊള്ളിച്ചു. 

ഫോട്ടോ ഫെയ്‌സ്ബുക്കിലിടുമ്പോള്‍ ഒരു ചര്‍ച്ചയാകുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അമൃത പറഞ്ഞു. '' തോര്‍ത്തുകൊണ്ടോ ഷാളുകൊണ്ടോ ഒന്നും മറയ്ക്കാതെയാണ് മുലയൂട്ടിയത്. മുലയൂട്ടലിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞിനെ വേണ്ട രീതിയില്‍ മുലയൂട്ടാതിരിക്കുന്ന പ്രവണത കൂടിവരുന്നുണ്ട്. പലതരം തിരക്കുകള്‍, അമ്മമാരുടെ സൗന്ദര്യം കുറയുമോ എന്ന പേടിയൊക്കെ അതിന് കാരണമാണ്. പക്ഷെ, ഏറ്റവും വലിയ പേടി സമൂഹത്തേയാണ്. തുറിച്ചുനോട്ടം, കുറ്റപ്പെടുത്തലുകള്‍...ഇതിനെയൊക്കെ പേടിച്ചുവേണം പൊതുസ്ഥലങ്ങളില്‍ മുലയൂട്ടാന്‍. ''മുലയൂട്ടുന്ന ചിത്രം പങ്കുവെച്ചതിനെ തുടര്‍ന്ന് ബിജുവിന്റെയും അമൃതയുടേയും ഇന്‍ബോക്‌സിലേക്ക് നിരവധി മെസ്സേജുകള്‍ വന്നു. 

''ഫോട്ടോയ്ക്ക് വന്ന കമന്റുകളെല്ലാമൊന്നും ഞാന്‍ വായിച്ചുനോക്കിയില്ല. മെസ്സേജുകള്‍ വായിച്ചുനോക്കി. മിക്കവരും അഭിനന്ദിച്ചുകൊണ്ടാണ് മെസ്സേജയച്ചത്. പക്ഷെ, ചിലരൊക്കെ ചോദിച്ചു, ഇങ്ങനെ പബ്ലിക്കായി ഫോട്ടോ ഇടണോയെന്ന്. മുലയൂട്ടലിന്റെ പ്രാധാന്യം മനസിലാക്കിക്കാനാണെങ്കില്‍ നെറ്റില്‍ നിന്നെടുത്ത വല്ല റെപ്രസന്റേറ്റീവ് ഇമേജും ഇട്ടൂടേ എന്നാണ് ചിലരൊക്കെ ചോദിച്ചത്. '' 

സാമൂഹ്യമാധ്യമത്തിലെ കമന്റുകളില്‍ നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല പുറത്തുനിന്നുള്ളതും. വിചിത്രമായിരുന്നു അക്കാലത്തെ അമൃതയുടെ അനുഭവം. ''പ്രസവിച്ച് ഹോസ്പിറ്റലില്‍ കഴിയുമ്പോഴും ഞാന്‍ മാറ് മറയ്ക്കാതെയാണ് കുഞ്ഞിന് മുല കൊടുത്തിരുന്നത്. അന്നും കുറേപ്പേര്‍ വന്ന് അങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞു. കുറച്ചുപ്രായമായവരൊക്കെ മാറ് മറയ്ക്കാതെ മുലയൂട്ടിയാല്‍ മുല വറ്റിപ്പോകുമെന്നാണ് പറഞ്ഞത്. അതിലൊന്നും ഒരു സത്യവുമില്ല. ചില ചെറുപ്പക്കാരും വന്നിട്ട് പറഞ്ഞു, ഇങ്ങനെ തുറന്നു മുലയൂട്ടരുതെന്ന്. ചിലരൊക്കെ വന്ന് തോര്‍ത്തെടുത്ത് മേലേക്കിട്ടിട്ട് പോകും. എന്നിട്ട് മറഞ്ഞുനിന്ന് നോക്കും നമ്മളതെടുത്ത് മാറ്റുന്നുണ്ടോയെന്ന്.'' 

ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തരബിരുദക്കാരിയാണ് അമൃത. ഇത്തരം അന്ധവിശ്വാസങ്ങളെയും ആരോഗ്യമേഖലയിലെ തെറ്റിദ്ധാരണകളെയും തിരുത്താന്‍ സാമൂഹ്യമാധ്യമത്തെയടക്കം ഉപയോഗിക്കാറുണ്ട്. ''അമ്മമാര്‍ക്ക് സ്വസ്ഥവും സമാധാനവുമായി മുലയൂട്ടാന്‍ വേണ്ടത് ബ്രെസ്റ്റ് ഫീഡിങ് മുറികളല്ല. കുറ്റപ്പെടുത്തലുകളും തുറിച്ചുനോട്ടവുമില്ലാതെ എവിടെവെച്ചും മുലയൂട്ടാവുന്ന അവസ്ഥയാണ്. എന്റെയും മോളുടെയും ഫോട്ടോ ഒരു തുടക്കമാകട്ടെ എന്ന് കരുതുന്നു. '' മകള്‍ സിയന്ന കരഞ്ഞു, അമൃത അവളെ മാറോട് ചേര്‍ത്തുപിടിച്ച് മുലയൂട്ടി. വിശപ്പുമാറിയ കുഞ്ഞിന്റെ കണ്ണുകള്‍ ഉറക്കത്തിലേക്ക് വീണു. 

Content Highlights: Breast Feeding in Public, Grihalakshmi Breastfeeding campaign