കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് നടൻ ദിലീപ് ജോഷിയുടെ മകളുടെ വിവാഹം വാർത്തയിൽ നിറഞ്ഞത്. നരച്ച തലമുടി മറയ്ക്കാതെ വധുവായൊരുങ്ങി വേദിയിലെത്തിയതിന്റെ പേരിലാണ് നിയതി ശ്രദ്ധിക്കപ്പെട്ടത്. അഭിനന്ദനങ്ങൾക്കൊപ്പം ട്രോളുകളും നിയതിയെ തേടിയെത്തിയിരുന്നു. ചിലരെല്ലാം വധുവിന്റെ അമ്മയാണോ എന്നു വരെ വിവാഹ ചിത്രങ്ങൾക്ക് കീഴെ കമന്റുകൾ പങ്കുവെച്ചു. ഇപ്പോഴിതാ വിവാഹദിനത്തിൽ മകൾ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കിയതിനെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ദിലീപ് ജോഷി. 

പരമ്പരാ​ഗത ​ഗുജറാത്തി ആചാര പ്രകാരമാണ് നിയതി വിവാഹിതയായത്. എന്നാൽ തന്റെ നരച്ച മുടിയിഴകൾ മറയ്ക്കുകയോ കളർ ചെയ്യുകയോ ചെയ്യാതെയാണ് നിയതി വധുവായി ഒരുങ്ങിയത്. വിമർശകർക്കൊപ്പം നിയതിയുടെ തീരുമാനത്തെ അഭിനന്ദിച്ചവരും ഉണ്ടായിരുന്നു. നര മറയ്ക്കാതെ ന്യൂനതകളെ പുൽകിയതിന് നന്ദി എന്നും അവനവനിൽ‌ വിശ്വസിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുക എന്നതാണ് യഥാർഥ സൗന്ദര്യമെന്ന് നിയതി തെളിയിച്ചു എന്നുമൊക്കെ നിയതിയെ പ്രശംസിച്ചവരുണ്ട്. തങ്ങളുടെ വീടിനുള്ളിൽ നിയതിയുടെ നര ഒരു വിഷയമേ ആയിരുന്നില്ലെന്നും അതുകൊണ്ടാണ് വിവാഹദിനത്തിലും അതു മറയ്ക്കാതിരുന്നതെന്നും ദിലീപ് ജോഷി പറയുന്നു. 

വിവാഹത്തിന്  നരമറയ്ക്കണം എന്നൊരു സംസാരമേ വീട്ടിൽ ഉണ്ടായിട്ടില്ല. വിവാഹദിനത്തിലും നിയതി നരയോടെ വരുന്നത് ഞങ്ങൾക്കൊരു പ്രശ്നമായിരുന്നില്ല. ആളുകൾ ഇങ്ങനെ പ്രതികരിക്കുമെന്നൊന്നും ഞങ്ങൾ കരുതിയില്ല. ഒരുകാലത്തും ഞങ്ങളുടെ വീട്ടിൽ ഇതേക്കുറിച്ച് ഒരു ചർച്ചയുണ്ടായിട്ടില്ല. - ദിലീപ് ജോഷി പറയുന്നു.

ആളുകൾ ഒരു മറയിടുന്നതിന് പകരം അവനവനായി ഇരിക്കുന്നതാണ് ഏറ്റവും നല്ലത് എന്നും അദ്ദേഹം പറയുന്നു. എല്ലാവരും വളരെ പോസിറ്റീവായാണ് പ്രതികരിച്ചത്. നിയതി ഒരുപാടുപേരെ പ്രചോദിപ്പിച്ചു എന്നോർക്കുമ്പോൾ സന്തോഷമുണ്ട്. നമ്മൾ എങ്ങനെയാണോ അങ്ങനെയായിരിക്കുന്നതാണ് നല്ലത്- ദിലീപ് ജോഷി പറഞ്ഞു.

പേരോ പ്രശസ്തിയോ ഇല്ലാതെ തീർത്തും ഒതുങ്ങിക്കൂടാൻ ആ​ഗ്രഹിക്കുന്നയാളാണ് മകൾ എന്നും ദിലീപ് ജോഷി പറയുന്നു. പക്ഷേ സമൂഹമാധ്യമം എന്നത് നമുക്ക് നിയന്ത്രിക്കാനാവുന്നതിലും അതീതമാണ്. എന്തായാലും ഇതൊരു പോസിറ്റീവ് കാര്യമാണ്. ഇതാരെയെങ്കിലും പ്രചോദിപ്പിച്ചിട്ടുണ്ടെങ്കിൽ അതു വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: breaking stereotypes, indian wedding, dileep joshi daughter niyati wedding, wedding rituals