പാലക്കാട്: ബോക്‌സിങ് റിങ്ങിനുള്ളിലെത്തിയാല്‍പ്പിന്നെ എതിരാളിയെ വീഴ്ത്തുന്നതിലായിരിക്കണം മുഴുവന്‍ ശ്രദ്ധയും. ഒറ്റയ്ക്കുള്ള പോരാട്ടമാണ്, പ്രതിരോധത്തിനിടെ തളര്‍ന്നാലും വീഴാതെ പിടിച്ചുനില്‍ക്കണം. മുന്നിലുള്ള തടസ്സങ്ങളെ മികച്ച പഞ്ചിലൂടെ മറികടക്കണമെന്ന ദൃഢനിശ്ചയവും വേണം.വര്‍ഷങ്ങള്‍ക്കുമുമ്പ് മൂന്നാംക്ലാസുകാരിയുടെ മനസ്സില്‍ത്തോന്നിയ ബോക്‌സിങ് സ്വപ്നത്തിനും ആ ശ്രദ്ധയും ദൃഢനിശ്ചയവും ഉണ്ടായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയര്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ ആ പാലക്കാട്ടുകാരിക്ക് വിജയം പുതിയപാതയിലേക്കുള്ള ചവിട്ടുപടി മാത്രമായിരുന്നു. ബോക്‌സിങ്താരം കൊട്ടേക്കാട് എണ്ണപ്പാടം മന്ദത്തുവീട്ടില്‍ എസ്. അലോക ഒന്നാം ക്ലാസുമുതല്‍ എലപ്പുള്ളി ജി.എ.പി.എച്ച്.എസ്.എസ്സിലായിരുന്നു പഠിച്ചത്. 2018-ല്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന സമയത്ത് ടെന്നീസായിരുന്നു പങ്കെടുത്ത മത്സരയിനം. അപ്പോഴാണ് സ്‌പോര്‍ട്‌സ് സ്‌കൂളിലേക്കുള്ള സെലക്ഷന്‍ വരുന്നത്. കഠിനമായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ജില്ലയില്‍നിന്ന് കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലേക്ക് (വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍) തിരഞ്ഞെടുക്കപ്പെട്ടു. ഒമ്പതാം ക്ലാസ് മുതലുള്ള പഠനം ഇവിടെ തുടങ്ങി. ഇതോടൊപ്പം കായികമേഖലയിലെ ഉയരങ്ങള്‍ തേടിയുള്ള യാത്രയും.

ബോക്‌സിങ് ചാന്പ്യന്‍ഷിപ്പിലും തിളങ്ങി, ഒപ്പം പത്താംക്ലാസ് പരീക്ഷയിലും

:പുതിയ സ്‌കൂളില്‍ ഫുട്‌ബോള്‍ ടീമിലെ ഗോള്‍ കീപ്പറായാണ് അരങ്ങേറ്റം കുറിച്ചത്. ലക്ഷ്യം ബോക്‌സിങ്ങായതിനാല്‍ അടുത്ത സെലക്ഷനില്‍ത്തന്നെ ബോക്‌സിങ് ടീമിലുമെത്തി. പരിശീലകന്‍ എം.എസ്. സിജിന്റെ നേതൃത്വത്തില്‍ പിന്നീടങ്ങോട്ട് കഠിനാധ്വാനത്തിലായിരുന്നു. രാവിലെ ആറുമുതല്‍ ഒമ്പതുവരെയും വൈകുന്നേരം 4.30 മുതല്‍ ആറുവരെയും പരിശീലനം. പഠിക്കാനും സമയം കണ്ടെത്തി. ആ യാത്ര ചെന്നെത്തിയത് സംസ്ഥാന ജൂനിയര്‍ ബോക്‌സിങ് ചാമ്പ്യനിലേക്കായിരുന്നു. സംസ്ഥാനതലത്തിലെ ആദ്യ മത്സരത്തില്‍തന്നെ ഒന്നാംസ്ഥാനംനേടി സ്വര്‍ണ മെഡലുമായാണ് അലോക തിരിച്ചെത്തിയത്.
എസ്.എസ്.എല്‍.സി. പരീക്ഷയിലും എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടി വീണ്ടും അഭിമാനമായിമാറി.

പ്രതിസന്ധിയില്‍ തളരാതെ
:അലോകയ്ക്ക് കൂട്ടായുണ്ടായിരുന്നത് ആത്മവിശ്വാസം മാത്രമായിരുന്നു. ഉന്നതനിലവാരമുള്ള പരിശീലനം തേടിപ്പോകാന്‍ കഴിയുമോയെന്ന ആശങ്കയായിരുന്നു എപ്പോഴും. കൊട്ടേക്കാട്ടിലെ തറവാട്ടുവീട്ടില്‍ മുത്തശ്ശന്‍ മാണിക്യനും മുത്തശ്ശി മീനാക്ഷിയും ബന്ധുക്കളുമെല്ലാം അലോകയുടെ സ്വപ്നങ്ങള്‍ക്ക് തണലേകി. സ്‌പോര്‍ട്‌സ് സ്‌കൂളിലേക്ക് സെലക്ഷന്‍കിട്ടാന്‍ കായികാധ്വാനം വേണം. വലിയ സാമ്പത്തികം മുടക്കിയുള്ള പരിശീലനത്തിന് ശേഷിയില്ല. എങ്കിലും തന്നെക്കൊണ്ട് പറ്റുംവിധം കായികക്ഷമത നിലനിര്‍ത്തി. ആ പരിശ്രമത്തിന്റെ ഫലമാണ് സ്‌പോര്‍ട്‌സ് സ്‌കൂളിലേക്കെത്തിച്ചത്.

സ്വര്‍ണമെഡല്‍ നേടിയെങ്കിലും കോവിഡ് പ്രതിസന്ധികാരണം നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് കേരളത്തില്‍നിന്ന് പങ്കെടുക്കാനായില്ല. പ്ലസ്വണ്ണിനും കണ്ണൂരിലെ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ത്തന്നെ തുടര്‍ന്നും പഠിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. കൊട്ടേക്കാട്ടെ വീട്ടിലെ അവധിക്കാലത്തും ഓണ്‍ലൈന്‍ ക്ലാസിലൂടെ പരിശീലനം തുടരുന്നുണ്ട്.

Content Highlights: boxing champion aloka from palakkad