തിരുവനന്തപുരം: ‘‘നീ ചുമ്മാ ഇടികൊള്ളാനൊന്നും പോകണ്ട’’- കൂട്ടുകാരികളുടെ ഈ വാക്കു കേട്ട് ഇരുന്നിരുന്നെങ്കിൽ കെ.സി.ലേഖ എന്ന ഇന്ത്യ കണ്ട മികച്ച ബോക്സറെ നമുക്കു കാണാൻ കഴിയില്ലായിരുന്നു. തുടക്കത്തിൽ അത്‌ലറ്റിക്സിൽ കേന്ദ്രീകരിച്ച ലേഖയുടെ കരിയർ മാറ്റിവിട്ടത് കൊല്ലത്തു നടന്ന എട്ടു ദിവസത്തെ ബോക്സിങ് ക്യാമ്പാണ്. ഇപ്പോൾ ധ്യാൻചന്ദ് ആജീവനാന്ത പുരസ്‌കാരം നേടി മലയാളികൾക്കു വീണ്ടും അഭിമാനമാവുകയാണ് ലേഖ.

നാലഞ്ചു വർഷമായി ധ്യാൻചന്ദ് പുരസ്കാരത്തിന് അപേക്ഷിക്കുന്നുണ്ട്. ഇപ്പോഴാണ് ആ ഭാഗ്യം തേടിയെത്തിയത്. വളരെ സന്തോഷമുണ്ട്; അഭിമാനവും -ലേഖയുടെ വാക്കുകളിലുണ്ട് ആഹ്ളാദം. എന്നെ സ്പോർട്‌സിലേക്കു മാറ്റിവിട്ടത്‌ കണ്ണൂർ പെരുമ്പടവ് ഹൈസ്കൂളിലെ സെബാസ്റ്റ്യൻ മാഷാണ്. അന്ന് വീടിനടുത്തുള്ള ഒരു കൂട്ടുകാരി അതിരാവിലെ സ്കൂളിലെ സ്പോർട്‌സ് ക്യാമ്പിൽ പങ്കെടുക്കുമായിരുന്നു. ഞാനാണ് അവൾക്കു കൂട്ടുപോയിരുന്നത്. നേരത്തേ സ്കൂളിൽ പോയിരുന്നതിനാൽ സ്പോർട്‌സിൽ ലേഖയും കൂടി പങ്കെടുക്കാൻ മാഷ് ആവശ്യപ്പെട്ടു. സെബാസ്റ്റ്യൻ മാഷിന്റെ നിർബന്ധത്തിൽ ഞാൻ ഷോട്ട്പുട്ടിലും ഡിസ്‌കസിലും പരിശീലനം തുടങ്ങി. സ്കൂളിനായി മത്സരിച്ച്‌ ജില്ലാ, സംസ്ഥാന തലങ്ങളിൽ മെഡൽ വാരിക്കൂട്ടിയെന്നും മുൻ ഇന്ത്യൻ താരം പറയുന്നു.

ക്യാമ്പിൽ വന്നതോടെ ട്വിസ്റ്റ്...

2001-ലാണ് ബോക്സിങ്ങിലേക്ക് ഞാൻ എന്റെ കരിയർ മാറ്റുന്നത്. അതും അപ്രതീക്ഷിതമായി. ഞാൻ ടി.വി.യിൽപ്പോലും അന്നൊന്നും ബോക്സിങ് കണ്ടിട്ടില്ല. അന്നാണ് രാജ്യത്താദ്യമായി വനിതാ ബോക്സിങ് തുടങ്ങുന്നതുതന്നെ. അന്നു ഞാൻ പഠിച്ച തോട്ടട എസ്.എൻ. കോളേജിൽനിന്ന് കൊല്ലത്തെ സംസ്ഥാന ക്യാമ്പിലേക്ക് എനിക്കു സെലക്ഷൻ കിട്ടി. ബോക്സിങ് പാഠങ്ങളൊക്കെ ക്യാമ്പിൽനിന്നു മനസ്സിലാക്കി. ഞാനുൾപ്പെടെ എട്ടു പേരെയാണ് കേരള ടീമിലേക്കു തിരഞ്ഞെടുത്തത്. പിന്നീട് എനിക്ക് ചെന്നൈയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ കിട്ടി. അന്ന് ഇവിടെനിന്നു പോയ എനിക്കു മാത്രമാണ് സ്വർണം ലഭിച്ചത്. ഞാൻ പൂർണമായും ബോക്സിങ്ങിലേക്കു തിരിയുന്നത് അന്നു മുതലാണ്. എട്ടു തവണ തുടർച്ചയായി ദേശീയ ചാമ്പ്യനായി. ലോക, ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തു. 2006 ലോക ചാമ്പ്യൻഷിപ്പിൽ ലൈറ്റ് മിഡിൽ വെയ്റ്റ് വിഭാഗത്തിൽ സ്വർണവും നേടി. അന്ന് ഞാൻ തോൽപ്പിച്ച ജിൻസ്‌ലീ 2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലം നേടിയിരുന്നു. 2005-ൽ ഇന്ത്യയിലെ മികച്ച ബോക്സറായും എന്നെ തിരഞ്ഞെടുത്തിരുന്നു -ലേഖ ഓർമിക്കുന്നു.

മേരികോം, സരിത, ജെനി, ലേഖ....

ഒരുകാലത്ത് ഇന്ത്യൻ ബോക്സിങ്ങിന്റെ പേര് ലോകനെറുകയിലെത്തിച്ച താരമാണ് ലേഖ. ഇപ്പോഴും മേരികോമിനും സരിതദേവിക്കും ജെനിക്കുമൊപ്പം ലേഖയ്ക്കും സ്ഥാനമുണ്ട്. കഴിഞ്ഞദിവസം എനിക്ക് അവാർഡ് കിട്ടിയ കാര്യമറിഞ്ഞ് സരിത വിളിച്ചിരുന്നു. ലൗവ്‌ലിനയെ നന്നായി അറിയാം. അവരുടെ കോച്ച് സന്ധ്യയുമായി നല്ല അടുപ്പമുണ്ട്. ഇപ്പോൾ ഖേൽരത്ന ലഭിച്ച ശ്രീജേഷിനെ 20 വർഷമായി അറിയാം. പുതിയ കായികതാരങ്ങളെ വളർത്തിയെടുക്കാൻ അക്കാദമി തുടങ്ങണമെന്നാണ് ആഗ്രഹമെന്നും സർക്കാർ പ്രോത്സാഹനമുണ്ടെങ്കിൽ അതു സാധ്യമാക്കാമെന്നും ലേഖ പറഞ്ഞു. സെക്രട്ടേറിയറ്റിലെ ധനകാര്യവിഭാഗത്തിൽ അക്കൗണ്ട്‌സ്‌ ഓഫീസറാണ് അവർ ഇപ്പോൾ. കണ്ണൂർ സ്വദേശിയായ ലേഖ, സെക്രട്ടേറിയറ്റിൽ ജോലികിട്ടിയതോടെയാണ് തിരുവനന്തപുരത്തു വരുന്നത്. ഭർത്താവ് കരുണാകരൻ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പി.യാണ്. പോലീസ് ട്രെയിനിങ് കോളേജിനു സമീപമാണ് താമസം. കരുൺജിത്ത്, കീർത്തന എന്നിവരാണ് മക്കൾ.

Content Highlights: boxer lekha, khel ratna, sports woman, woman boxer, woman in sports