ചേലാകര്‍മം നിയമം മൂലം നിരോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദാവൂദി ബൊഹ്‌റ സമുദായത്തിലെ സ്ത്രീ എഴുതിയ തുറന്ന കത്ത് ശ്രദ്ധേയമാകുന്നു. ഇതു സംബന്ധിച്ച് വി സ്പീക്ക് ഔട്ട് എന്ന പേരില്‍ നവംബര്‍ 18-ന് ഒരു ഓണ്‍ലൈന്‍ കാമ്പെയ്‌നും ഇവര്‍ ആരംഭിച്ചിരുന്നു.

കത്തിലെ പ്രസക്തഭാഗങ്ങള്‍ വായിക്കാം

സ്വാതന്ത്ര്യദിനത്തില്‍ സ്ത്രീവിരുദ്ധമായ മുത്തലാഖ് മൂലം കഷ്ടപ്പെടുന്ന മുസ്ലീം സ്ത്രീകളുടെ നിര്‍ഭാഗ്യകരമായ അവസ്ഥയെ കുറിച്ച് അങ്ങ് സംസാരിച്ചത് ഹൃദയത്തില്‍ തൊടുന്നതായിരുന്നു. 

സമ്പ്രദായങ്ങളുടെയും പാരമ്പര്യത്തിന്റെയും മതത്തിന്റെയും പേരുപറഞ്ഞ് സ്ത്രീകളെ പീഡിപ്പിക്കുകയും അവളെ കീഴ്‌പ്പെടുത്തുകയും ബലാത്സംഗത്തിന് ഇരയാക്കുകയും കത്തിച്ചുചാമ്പലാക്കുകയും ചെയ്യുന്നിടത്തോളം കാലം നമ്മുടെ സ്വാതന്ത്ര്യം അപൂര്‍ണമാണ്. നമ്മുടെ ഭരണഘടന എല്ലാവര്‍ക്കും തുല്യത ഉറപ്പുനല്‍കുന്നുണ്ട്, പക്ഷേ യാഥാര്‍ഥത്തില്‍ അതെല്ലായ്‌പ്പോഴും നിരാകരിക്കപ്പെടുന്നു. പെണ്‍ഭ്രൂണങ്ങള്‍ നശിപ്പിക്കുന്നു, സ്ത്രീധനത്തിന്റെ പേരില്‍ അവള്‍ക്ക് പീഡനങ്ങളും മര്‍ദനങ്ങളും ഏല്‍ക്കേണ്ടി വരുന്നു, ചിലപ്പോള്‍ കത്തിച്ചുതന്നെ കളയുന്നു. എല്ലായ്‌പ്പോഴും പെണ്‍കുട്ടികളാണ് ശാരീരികമായും മാനസികമായും ഉപദ്രവിക്കപ്പെടുന്നത്. 

ശരിയാണ്, മുത്തലാഖ് അന്യായമാണ്. എന്നാല്‍, ഈ രാജ്യത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നം അതുമാത്രമല്ല. തിരഞ്ഞെടുപ്പിനുള്ള അവകാശം പോലും ഇല്ലാത്ത പെണ്‍കുഞ്ഞുങ്ങളില്‍ ചെയ്യുന്ന ചേലാകര്‍മമെന്ന ആചാരത്തെ കുറിച്ചാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്. ലോകം മുഴുവനും ഇതിനെതിരായി മുറവിളി കൂട്ടുമ്പോള്‍ അവരുടെ ശരീരം പൂര്‍വസ്ഥിതിയിലാക്കാന്‍ സാധിക്കാത്ത വിധം ഭംഗപ്പെടുകയാണ്. 

നൂറ്റാണ്ടുകളായി ഞങ്ങളുടെ ബൊഹ്‌റ സമുദായത്തില്‍ നിലനില്‍ക്കുന്ന ഭീതിതമായ ചേലാകര്‍മത്തിലേക്ക് ഈ അവസരത്തില്‍ ഞാന്‍ താങ്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. ഷിയ ഇസ്ലാമിയ വിഭാഗത്തിലുള്ളവരാണ് ബൊഹ്‌റ സമുദായക്കാര്‍. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഇവര്‍ കൂടുതലായി താമസിക്കുന്നത്‌. രാജ്യത്ത് ഏകദേശം 20 ലക്ഷം ബൊഹ്‌റ സമുദായക്കാരുണ്ട്. 

എന്റ സമുദായത്തില്‍ ഒരോ ദിവസവും സംഭവിക്കുന്ന കാര്യങ്ങള്‍ ഞാന്‍ താങ്കളോട് പറയാം. ഒരു പെണ്‍കുട്ടിക്ക് ഏഴു വയസ്സായി കഴിഞ്ഞാല്‍ അവളെ അമ്മയോ അമ്മൂമ്മയോ ചേര്‍ന്ന് നാട്ടിന്‍പുറത്തുള്ള ഡോക്ടറുടെയോ വയറ്റാട്ടുയുടെയോ അടുത്ത് എത്തിക്കുന്നു. അതും കുഞ്ഞിനോട് സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് ഒരു സൂചന പോലും നല്‍കാതെ അതീവരഹസ്യമായി. അവളെ പറഞ്ഞുവഞ്ചിച്ച്.. അവിടെ വച്ച് അവര്‍ അവളുടെ യോനിദളത്തിന്റെ ഒരു ഭാഗം മുറിച്ചുമാറ്റുന്നു. ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന  അത്യധികം വേദയനുളവാക്കുന്ന ശാരീരികവും മാനസികവും ലൈംഗികവും വൈകാരികവുമായ  ആഘാതത്തിന് അത് കാരണമാകുന്നു. 

മനുഷ്യത്വരഹിതമായ ആ പ്രവൃത്തിക്ക് പിറകിലുള്ള കാരണം ഒന്നുമാത്രമാണ്-  ഒരു സ്ത്രീയുടെ, പെണ്‍കുട്ടിയുടെ ലൈംഗിക താല്പര്യങ്ങള്‍ താറുമാറാക്കുക. 

WHO പറയുന്നത് പ്രകാരം, ' ചേലാകര്‍മം എന്നുപറയുന്നത് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മനുഷ്യാവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ്.  ആഴത്തില്‍ വേരു പിടിച്ച ലിംഗ അസമത്വത്തിന്റെയും സ്ത്രീകളോട് കാണിക്കുന്ന വിവേചനത്തിന്റെയും പ്രതിഫലനമാണിത്. ഇത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളിലാണ് നടത്തുന്നത്. കുട്ടികളുടെ അവകാശലംഘനമാണിത്. ആരോഗ്യത്തോടെയിരിക്കാനും സുരക്ഷിതരായിരിക്കാനും പൂര്‍ണശരീരത്തോടെ ഇരിക്കാനുമുള്ള ഒരു വ്യക്തിയുടെ അവകാശത്തിന് മേല്‍, ക്രൂരവും അധ:പതിച്ചതും മനുഷ്യത്വരഹിതവുമായ പെരുമാറ്റങ്ങളില്‍ നിന്നും സ്വതന്ത്രനായിരിക്കാനുള്ള അവകാശത്തിന് മേല്‍, ഇത്തരം പ്രവൃത്തികള്‍ മരണത്തിലേക്ക് നയിക്കുന്നുവെങ്കില്‍ ജീവിച്ചിരിക്കാനുള്ള അവകാശത്തിന് മേല്‍ എല്ലാമുള്ള കടന്നുകയറ്റമാണിത്.'

നൂറുകണക്കിന് വര്‍ഷങ്ങളായി, ഈ അനാചാരം അത്യന്തം രഹസ്യമായി ബൊഹ്‌റ സമുദായത്തില്‍ തുടര്‍ന്നുപോരുന്നു. സമുദായത്തിന് പുറത്തുള്ള ഒരാള്‍ക്കുപോലും ഇങ്ങനെയൊന്ന് നിലനില്‍ക്കുന്നതായി പോലും അറിവില്ലായിരുന്നു, 2015 നവംബറില്‍ ബൊഹ്‌റ സമുദായത്തിലെ ഞങ്ങള്‍ കുറച്ചുസ്ത്രീകള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തുന്നതുവരെ. ചേലാകര്‍മത്തിനെതിരെ ഞങ്ങള്‍ ശബ്ദമുയര്‍ത്തും എന്ന് പ്രഖ്യാപിച്ച് ഞങ്ങള്‍ സംഘടിച്ചത് ഞങ്ങളനുഭവിക്കുന്ന വിഷമങ്ങളെ, വേദനകളെ കുറിച്ച് പരസ്പരം സംസാരിക്കുന്നതിന് വേണ്ടിയാണ്. ഒന്നിച്ചുനിന്നപ്പോള്‍ ഞങ്ങള്‍ക്ക് ഇതിനെതിരെ പൊരുതാനുള്ള കരുത്തും ധൈര്യവും കൈവന്നു. അന്ന് ഞങ്ങള്‍ ഇതിനെതിരെ പോരാടുമെന്ന് തന്നെ ഉറച്ചു. 

വി സ്പീക്ക് ഔട്ട് ഓണ്‍ എഫ് ജി എം എന്ന പേരിലുള്ള ഞങ്ങളുടെ കൂട്ടായ്മ മതപുരോഹിതനായ സയിദ്‌നാ മുഫാദലുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. കത്തുകളിലൂടെ ഞങ്ങളുടെ ആവശ്യങ്ങള്‍ അറിയിക്കാനും സമുദായത്തില്‍ നിലനില്‍ക്കുന്ന ഈ അനാചാരം ഇല്ലാതാക്കാന്‍ സഹായിക്കാനും ആവശ്യപ്പെട്ടു. പക്ഷേ ഞങ്ങളുടെ ശബ്ദം അവര്‍ ചെവികൊണ്ടില്ല. ചേലാകര്‍മം നിര്‍ബാധം തുടരുകയും ചെയ്തു. 1400 വര്‍ഷങ്ങള്‍ പഴക്കമുള്ള ആചാരമാണത്, എന്തുവിലകൊടുത്തും അത് തുടരുക തന്നെ ചെയ്യുമെന്നാണ് അവര്‍ പ്രഖ്യാപിച്ചത്. ഓരോ ബൊഹ്‌റ വനിതയും പെണ്‍കുട്ടിയും കടന്നു പോകുന്ന മാനസിക ശാരീരിക ആഘാതങ്ങളിലേക്ക്, കുട്ടികളുടെ അവകാശ ലംഘനങ്ങളിലേക്ക് അവര്‍ അല്പമെങ്കിലും ശ്രദ്ധ കൊടുത്തിരുന്നെങ്കില്‍..

ബഹുമാനപ്പെട്ട പ്രധാനമന്ത്രി, മുസ്ലീം സ്ത്രീകളും സംരക്ഷിക്കപ്പെടണമെന്നും അവര്‍ക്കും ഇന്ത്യന്‍ ഭരണഘടന അനുശാസനം ചെയ്യുന്ന തുല്യാവകാശം നല്‍കണമെന്നും ഒരവസരത്തില്‍ താങ്കള്‍ പറയുന്നത് കേട്ടിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടന പ്രകാരം മുസ്ലീം സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിക്കുന്നു, അത് സര്‍ക്കാരിന്റെയും ജനങ്ങളുടെയും ഉത്തരവാദിത്തമാണ്. താങ്കളുടെ ആ വാക്കുകള്‍ എനിക്ക് വല്ലാത്ത ആശ്വാസമായിരുന്നു. 

താങ്കള്‍ മറ്റൊന്ന് കൂടി പറഞ്ഞു, 'ജനാധിപത്യത്തില്‍ ചര്‍ച്ചകള്‍ അനിവാര്യമാണ്.' അതുകൊണ്ട് അങ്ങയോട് ഞാന്‍ അപേക്ഷിക്കുകയാണ്. ഈ അനാചാരത്തിനെതിരെ നില്‍ക്കുന്ന, ഇതിലൂടെ കടന്നുപോകേണ്ടി വന്ന ഞങ്ങള്‍ ബൊഹ്‌റ സ്ത്രീകളുടെ വാക്കുകള്‍ അങ്ങ് കേള്‍ക്കാന്‍ തയ്യാറാകണം. 

2015 ഡിസംബറില്‍ വി സ്പീക്ക് ഔട്ട് ഓണ്‍ എഫ് ജി എം എന്ന ഒപ്പുശേഖരണ കാമ്പെയ്ന്‍ ഞങ്ങള്‍ നടത്തിയിരുന്നു. 90,000ത്തിലധികം ഒപ്പുകളാണ് അന്ന് ശേഖരിച്ചത്. പക്ഷേ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ സര്‍ക്കാരില്‍നിന്ന് ഞങ്ങള്‍ക്ക് അനുകൂലമായ ഒരു നടപടിയും ഉണ്ടായില്ല. 

ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ഞങ്ങള്‍ ബൊഹ്‌റ വനിതകള്‍ തുല്യാവകാശത്തിനും ലിംഗസമത്വത്തിനും വേണ്ടിയുളള യുദ്ധമാണ് നയിക്കുന്നത്. അല്ലാതെ അതിന് മതവുമായി യാതൊരു ബന്ധവുമില്ല. ഖുറാനില്‍ ചേലാകര്‍മത്തെ കുറിച്ച് പറയുന്നില്ല, മാത്രമല്ല ബൊഹ്‌റകളും കേരളത്തിലുള്ള ചില സമുദായങ്ങളുമല്ലാതെ ഇന്ത്യയില്‍ ഭൂരിഭാഗം മുസ്ലീങ്ങളും ഇത് ആചരിക്കുന്നുമില്ല. നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന ഒരു സാംസ്‌കാരിക പാരമ്പര്യമാണിത്. നമ്മളിപ്പോള്‍ 21-ാം നൂറ്റാണ്ടിലാണ്, ലോകം മാറിക്കഴിഞ്ഞു. ലൈംഗികചോദനയെ കടിഞ്ഞാണിടുന്നതിന് വേണ്ടി ശരീരത്തിലെ ഏതെങ്കിലും ഭാഗങ്ങള്‍ മുറിച്ചുനീക്കാന്‍ കഴിയുന്ന ആരുടെയെങ്കിലും വ്യക്തിഗത സ്വത്തല്ല സ്ത്രീ. ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഇത് അവസാനിപ്പിക്കുന്നതിനായി നടപടിയെടുക്കണമെന്നും ഞങ്ങള്‍ സര്‍ക്കാരിനോട് താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു.'

ലോകത്ത് ഇരുപത്തഞ്ചോളം രാജ്യങ്ങളില്‍ ചേലാകര്‍മം നിരോധിച്ചു കഴിഞ്ഞു, ശിക്ഷാര്‍ഹമായ കുറ്റമായാണ് അവര്‍ ഇതിനെ കണക്കാക്കുന്നത്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ആസ്‌ടേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവരെ ശിക്ഷിക്കുകയും പെണ്‍കുട്ടികളെ ഇത് എത്രത്തോളം ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് ബോധവല്‍ക്കരണം നടത്തുകയും ചെയ്യുന്നുണ്ട്. 2013-ലെ യുനിസെഫ് റിപ്പോര്‍ട്ട് പ്രകാരം 24 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇതിനെതിരെ നിയമങ്ങളും കോടതിവിധികളുമുണ്ട്. 2015-ല്‍ ഗാംബിയയും ഇത് നിരോധിച്ചു. ഇന്ത്യയും ഇതുപോലെ ചെയ്യണം. 

ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഈ അനാചാരത്തിനെതിരെ ആവശ്യമായ കവറേജ് നല്‍കിയിരുന്നു, എന്നാല്‍ ഇപ്പോള്‍ നമുക്കാവശ്യം സംസ്ഥാനത്തുനിന്നുള്ള അതിശക്തമായ ഇടപെടലുകളാണ്. 

അവസാനമായി ഒരുകാര്യം ഞാന്‍ താങ്കളുടെ ശ്രദ്ധയില്‍ പെടുത്താന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ മതപ്രമാണങ്ങളെയോ അവകാശങ്ങളെയോ ആചാരങ്ങളെയോ പാരമ്പര്യത്തേയോ ഒരുതരത്തിലും ബാധിക്കാതെ തന്നെ ഞങ്ങളുടെ ആവശ്യം നടത്തിത്തരാനാവും. യുഎസ്എ, യുകെ, ഫ്രാന്‍സ്, ഓസ്‌ട്രേലിയ തുടങ്ങി നിരവധി രാജ്യങ്ങള്‍ ലോകത്തുണ്ട്. അവിടെയെല്ലാം ബൊഹ്‌റകള്‍ ചേലാകര്‍മം നടത്തുന്നത് നിരോധിച്ചിട്ടുണ്ട്, നിയമങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ അവര്‍ നിയമപരമായ നടപടികള്‍ നേരിടേണ്ടി വരാറുണ്ട്. ഇന്ത്യയിലും ഇത് നന്നായി ചെയ്യാന്‍ സാധിക്കും, അങ്ങേയറ്റം അപകടരമായ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ആചാരം അങ്ങയുടെ നെടുനായകത്വത്തിന് കീഴില്‍ അവസാനിപ്പിക്കാവുന്നതാണ്. 

ദയവുചെയ്ത് ചേലാകര്‍മം നിരോധിക്കൂ, അതിലൂടെ ബൊഹ്‌റ പെണ്‍കുട്ടിയെ രക്ഷിക്കൂ..

വിശ്വസ്തതയോടെ,
മസൂമ റണാല്‍വി
വി സ്പീക്ക്ഔട്ട് ഓണ്‍ എഫ്ജിഎം കണ്‍വീനര്‍

Content Highlights: Female Genital Mutilation, Narendra Modi, Open Letter, Bohra Community, FGM, We Speak Out On FGM, Masooma Ranalwi, Sex Crime

Courtesy:indianexpress.com