കൊച്ചി: നിങ്ങളുടെ സ്വപ്‌നത്തിലേക്കുള്ള ദൂരമെത്രയായിരുന്നു? ചോദ്യം കൃഷ്ണേന്ദുവിനോടാണെങ്കിൽ വെറും ആറുമാസമെന്ന് ചങ്കുറപ്പോടെ ചിരിച്ചുകൊണ്ടു പറയും. ബോഡി ബിൽഡിങ് അസോസിയേഷൻ ഓഫ് കേരള 2021-ൽ സംഘടിപ്പിച്ച മത്സരത്തിൽ ഫിസിക് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ കൊച്ചിക്കാരിയാണ് എം.കെ. കൃഷ്ണേന്ദു. ദേശീയതല മത്സരത്തിലേക്കായുള്ള തയ്യാറെടുപ്പിലാണ് അവളിപ്പോൾ.സ്‌കൂളിലും കോളേജിലും പഠനത്തെക്കാൾ പ്രിയങ്കരമായി സ്പോർട്സ് തലയ്ക്കുപിടിച്ച പെൺകുട്ടിയായിരുന്നു കൃഷ്ണേന്ദു. അത്‌ലറ്റിക്സിലും ആം റസ്‌ലിങ്ങിലും ഹോക്കിയിലുമൊക്കെയായി അവളുടെ സ്പോർട്സ് പ്രേമത്തെയെല്ലാവർക്കുമറിയാം.

അത്ഭുതമായി ആ ആറു മാസം

സെയ്ന്റ് ആൽബർട്‌സ് കോളേജിലെ മൂന്നാം വർഷ ബി.വോക് ഫിറ്റ്‌നസ് മാനേജ്‌മെന്റ് ആൻഡ് പേഴ്‌സണൽ ട്രെയിനിങ് വിദ്യാർഥിനിയാണ് എം.കെ. കൃഷ്ണേന്ദു. കഴിഞ്ഞ ആറു മാസത്തിനിടെ അവളുടെ ജീവിതം മാറിമറിഞ്ഞു. പഠനത്തിന്റെ ഭാഗമായുള്ള ഇന്റേൺഷിപ്പാണ് കൃഷ്ണേന്ദുവിനെ പുതിയൊരു സ്വപ്‌നത്തിന്റെ വഴിയിലേക്ക് വിരൽ പിടിച്ചു നടത്തിച്ചത്. ഫിറ്റ്‌നസും ബോഡി ബിൽഡിങ്ങും മനസ്സിലേക്ക് കയറിക്കൂടി. അതിന്റെ അടയാളമായി അഭിമാനത്തിളക്കമുള്ള ട്രോഫികൾ വീടിന്റെ ഷെൽഫിലുണ്ട്.

ബോഡി മാജിക്‌

ആറുമാസം മുമ്പ് തോന്നിയൊരാഗ്രഹത്തിന്റെ കരളുറപ്പിലാണ് തീവ്രമായി അവൾ വർക്കൗട്ടുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്പോർട്‌സ് എന്നും ഉള്ളിലുള്ളതുകൊണ്ട്‌ ഇത് ഒട്ടും ആയാസമായി തോന്നിയില്ലെന്ന് ആത്മവിശ്വാസത്തോടെ അവൾ പറയുന്നു. കോച്ച് അനൂപ് സജീവ് പറഞ്ഞതനുസരിച്ചാണ് ഫിസിക് വിഭാഗത്തിലേക്ക് മത്സരത്തിനു തയ്യാറെടുക്കുന്നത്. രാവിലെ കൃത്യമായുള്ള രണ്ടു മണിക്കൂർ ജിം വർക്കൗട്ട്. ചോറും പാലുമൊക്കെ ഒഴിവാക്കിയുള്ള കടുത്ത ഡയറ്റ് പ്ലാനും. ഒന്നിലും വിട്ടുവീഴ്ചയില്ലാതെയുള്ള തുടർച്ചയായ പരിശീലനവും. ഇതെല്ലാം അവളെയെത്തിച്ചതു വിജയപാതയിലാണ്. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും അവൾ മെഡലുകൾ നേടി.

കമോൺ ലേഡീസ്

പൊതുവെ പെൺകുട്ടികൾ കുറവായ ഒരു മേഖലയാണ് ബോഡി ബിൽഡിങ്ങും ഫിറ്റ്‌നസ് ട്രെയിനിങ്ങും. “കൂടുതൽ പെൺകുട്ടികൾ ഇതിലേക്കെത്താൻ ഞാനൊരു പ്രചോദനമായിത്തീരണം. അതിനുമപ്പുറം നല്ലൊരു ഫിറ്റ്‌നസ് കോച്ചാകണം. ഇപ്പോൾ പെൺകുട്ടികൾ ഫിറ്റ്‌നസിലേക്ക് വരുന്നുണ്ട്. എന്നാൽ ഗൗരവമായി ഇതിനെ സമീപിക്കുന്നില്ല. അതിനൊരു മാറ്റം വരണം” - കൃഷ്ണേന്ദു പറയുന്നു. ദേശീയതലത്തില മത്സരത്തിനായി ഇപ്പോഴത്തെ കോച്ച് ജയറാം സജീവിനൊപ്പം കടുത്ത പരിശീലനത്തിലാണ് കൃഷ്ണേന്ദു. വരാപ്പുഴ സ്വദേശികളായ എം.ആർ. കലാധരന്റേയും സിന്ധുവിന്റേയും മകളാണ്. സഹോദരി: കൃഷ്ണവേണി.

Content Highlights: bodybuilder krishnendu sharing experience