ഞായറാഴ്ചയായിരുന്നു ബെയ്‌ലിയുടെ 21-ാം പിറന്നാള്‍. പതിവുപോലെ അവളെത്തേടി ആ ബൊക്കെ എത്തി. ഇനിയൊരിക്കലും അവളെ തേടിയെത്താത്ത അച്ഛന്‍ അവസാനമായി അവള്‍ക്ക് കരുതി വെച്ച സമ്മാനം. കഴിഞ്ഞ നാലുവര്‍ഷമായി ബെയ്‌ലിയുടെ പിറന്നാളിന് ബൊക്കേയെത്തും. നിറങ്ങളിലൂടെ കഥ പറയുന്ന പൂക്കളും അച്ഛനെഴുതിയ കുറിപ്പുകളുമായി..

2013 ആഗസ്റ്റ് 25-നാണ് പാന്‍ക്രിയാസ് കാന്‍സര്‍ മൂലം ബെയ്‌ലിയുടെ പിതാവ് മൈക്കിള്‍ സെല്ലര്‍ മരണപ്പെടുന്നത്. ബെയ്‌ലിയുടെ 17-ാം പിറന്നാളിന് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ്. എന്നാല്‍ താനില്ലാത്ത കുറവ് മകള്‍ സ്വന്തം കാലില്‍ നില്‍ക്കാനാകുന്ന വരെ അറിയരുതെന്ന വാശി ആ പിതാവിനുണ്ടായിരുന്നു. ജീവിതത്തിലെ നിര്‍ണായകമെന്ന് ആ പ്രായത്തില്‍ മകള്‍ കരുതുന്ന പിറന്നാളുകള്‍ക്ക് താനില്ലെങ്കിലും സമ്മാനമെത്തിച്ച് തന്റെ സാന്നിധ്യം അറിയിക്കുകയാണ് അതിനുള്ള പ്രതിവിധിയായി അച്ഛന്‍ കണ്ടത്. അതിനായി 21-ാം പിറന്നാള്‍ വരേക്കുള്ള പിറന്നാള്‍ സമ്മാനങ്ങള്‍ അദ്ദേഹം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തുവെച്ചു. എല്ലാ പിറന്നാളിനും മുടങ്ങാതെ അദ്ദേഹം പറഞ്ഞ നിറത്തിലുള്ള പൂക്കള്‍ കൊണ്ടുള്ള അതിമനോഹരമായ ബൊക്കേകളായിരുന്നു അത്. ഓരോ പിറന്നാളിനും ഓരോ കുറിപ്പുകളും അദ്ദേഹം തയ്യാറാക്കി വെച്ചിരുന്നു. 

പിങ്ക് നിറത്തിലുളള പൂക്കളാല്‍ തയ്യാറാക്കിയ ബൊക്കെയാണ് 18 വയസ്സിന് ബെയ്‌ലിക്ക് ലഭിച്ച സമ്മാനം, 19-ാം വയസ്സില്‍ ചുവന്ന പൂക്കള്‍ നിറഞ്ഞ ബൊക്കെ, പിങ്കും വെളുപ്പും നിറത്തിലുള്ള പൂക്കള്‍ കൊണ്ടുള്ളത് 20-ാം വയസ്സില്‍..പര്‍പ്പിളിന്റെ വിവിധ ഷേഡുകളിലുള്ള പൂക്കളാല്‍ നിര്‍മിച്ച അതിമനോഹരമായ ബൊക്കേ 21-ാം വയസ്സില്‍. പാന്‍ക്രിയാസ് കാന്‍സറിനെ കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ അടയാളമായാണ് അവസാനത്തെ ബൊക്കെ പര്‍പ്പിള്‍ നിറത്തിലുള്ള പൂക്കള്‍ കൊണ്ട് തയ്യാറാക്കാന്‍ അച്ഛന്‍ ആവശ്യപ്പെട്ടത്. 

'ഇതാണ് എന്റെ അവസാനത്തെ സ്‌നേഹക്കുറിപ്പ്..ഇനി നമ്മള്‍ വീണ്ടും കണ്ടുമുട്ടും വരേയ്ക്കുമുള്ളത്. എനിക്ക് വേണ്ടി നീ കണ്ണീര്‍ പൊഴിക്കരുത്..ഞാന്‍ നല്ലൊരിടത്താണ് ഇപ്പോഴുള്ളത്.. നിനക്കൊപ്പം നിന്റെ ജീവിതത്തിലെ എല്ലാ സുപ്രധാന ഘട്ടങ്ങളിലും ഞാനുണ്ടാകും. നീ ചുറ്റും നോക്കൂ..ഞാനിവിടത്തന്നെയുണ്ട്..' ബൊക്കേക്കൊപ്പമുള്ള അവസാനത്തെ കത്തില്‍ ബെയ്‌ലിയുടെ പിതാവ് കുറിച്ചു. 

എന്നത്തേയും പോലെ തന്റെ പിതാവിന്റെ സമ്മാനം ഇത്തവണയും അവള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. അച്ഛനൊപ്പം നില്‍ക്കുന്ന ചിത്രവും. കൂടി വന്നാല്‍ പത്തു ലൈക്കുകളാണ് സാധാരണഗതിയില്‍ അവളുടെ ചിത്രങ്ങള്‍ക്ക് ലഭിക്കാറ്. പക്ഷേ ഇത്തവണ ബെയ്‌ലിയെപ്പോലും ഞെട്ടിച്ചുകൊണ്ട് അവളുടെ കഥ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. 

മൈക്കിളിന്റെ രണ്ടാം വിവാഹത്തിലെ കുട്ടിയാണ് ബെയ്‌ലി. ആദ്യ വിവാഹത്തില്‍ രണ്ടുമക്കളുണ്ട് മൈക്കിളിന്. ടെന്നിസി സ്റ്റേറ്റ് സര്‍വകാലാശാലയില്‍ സൈക്കോളജി വിദ്യാര്‍ത്ഥിനിയാണ് ബെയ്‌ലി.


Courtesy: ndtv