മുപ്പത്തൊന്ന്കാരിയായ തൃശ്ശൂര്‍ സ്വദേശിനിയുടെ ആദ്യ ഗര്‍ഭം അവര്‍ ആഗ്രഹിച്ചുണ്ടായതല്ല. ഗര്‍ഭിണിയാവണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം പോലും അന്നവര്‍ക്ക് ദാമ്പത്യത്തിലുണ്ടായിരുന്നില്ല. എന്നാല്‍ സ്വയമാഗ്രഹിച്ച ഗര്‍ഭമായിരുന്നു അവരെ സംബന്ധിച്ച് രണ്ടാമത്തേത്. എന്നാല്‍ ഭര്‍ത്താവിനോ ഭര്‍തൃവീട്ടുകാര്‍ക്കോ താത്പര്യമുണ്ടായിരുന്നില്ല. ആര്‍ക്കും താത്പര്യമില്ലാത്തതിനാല്‍ തന്നെ ഒറ്റയ്ക്കാണ് അവര്‍ ഡോക്ടറെ കണ്ടിരുന്നതും മൂത്തകുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കിയിരുന്നതുമെല്ലാം.
രണ്ടാം പ്രസവത്തിനുശേഷം പ്രസവം നിര്‍ത്താമെന്ന തീരുമാനമെടുത്തപ്പോള്‍ ഭര്‍ത്താവിന്റെ സമ്മതം കൂടി വേണമെന്നായിരുന്നു ആശുപത്രിക്കാരുടെ നിലപാട്. പ്രസവിക്കാനുള്ള മാനസികമായ ഒരു സാഹചര്യവും ഒരുക്കിത്തരാത്ത, ഗര്‍ഭ കാലത്ത് ഡോക്ടറെ കാണിക്കാന്‍ ഒരിക്കല്‍ പോലും തന്നോടൊപ്പം വരാത്ത ഭര്‍ത്താവിന് തന്റെ പ്രസവം നിര്‍ത്തലിന് തന്നേക്കാള്‍ അധികാരം എങ്ങനെയാണ് കൈവന്നതെന്നാണ് ഇവരുടെ ചോദ്യം.''പ്രസവം നിര്‍ത്താന്‍ ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭര്‍ത്താവാണ് തീരുമാനിക്കേണ്ടതെന്ന തരത്തില്‍ എന്റെ മുന്നില്‍ വെച്ച് ഡോക്ടര്‍മാര്‍ പറഞ്ഞത് അപമാനകരമായാണ് അനുഭവപ്പെട്ടത്. എന്റെ ശരീരത്തില്‍ എനിക്ക് സ്വയം നിര്‍ണ്ണയാവകാശമില്ലെന്ന തരത്തിലുള്ള പെരുമാറ്റമായിരുന്നു അത്. എത്രയെത്രയോ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് എന്റെ ശരീരത്തില്‍ ഒരു തീരുമാനമെടുക്കാനുള്ള സമ്മതം ലഭിക്കുന്നത്. ആ കലഹം വിവാഹമോചനത്തില്‍ വരെ കൊണ്ടുചെന്നെത്തിച്ചു.'' കേരളത്തിലെ ചില ആശുപത്രികളില്‍ ഇപ്പോഴും പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയ ചെയ്തു നല്‍കുന്നില്ലെന്നും മതവിശ്വാസവുമായി ബന്ധപ്പെടുത്തിയാണ് ചെയ്യാതിരിക്കുന്നതെന്നും ഇവര്‍ പറയുന്നു.
ഒരു സ്ത്രീക്ക് തന്റെ പ്രസവം നിര്‍ത്താന്‍ ഭര്‍ത്താവിന്റെ സമ്മതം വേണ്ടതില്ലെങ്കിലും പൊതുവെ കുടുംബകലഹങ്ങള്‍ ഒഴിവാക്കാന്‍ തങ്ങള്‍ ഭര്‍ത്താവിന്റെ സമ്മതം ഒപ്പിട്ടു വാങ്ങാറുണ്ടെന്നാണ് കേരളത്തിലങ്ങോളമിങ്ങോളമുള്ള ഡോക്ടര്‍മാരോടു സംസാരിച്ചപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്.
ഭര്‍ത്താവ് അറിയാതെ പ്രസവം നിര്‍ത്തിയാല്‍ അത് പിന്നീട് വിവാഹമോചനത്തിനുള്ള കാരണമാവുന്നതിനാലാണ് തങ്ങള്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും സമ്മതം വാങ്ങാന്‍ കാരണമെന്ന് തൃശ്ശൂര്‍ കോപ്പറേറ്റീവ് ഹോസ്പിറ്റല്‍ ഗൈനക്കോളജിസ്റ്റ് ആയ ഡോ.നിജി ജസ്റ്റിന്‍ പറയുന്നു.വിദേശത്തുള്ള ഭര്‍ത്താവാണെങ്കില്‍ മെയില്‍ വഴിയോ വാട്‌സാപ്പ് വഴിയോ തങ്ങള്‍ സമ്മതപത്രം ഭര്‍ത്താവില്‍ നിന്ന് വാങ്ങിക്കാറുണ്ടെന്നും അവര്‍ പറയുന്നു.
കട്ടപ്പനക്കാരിയായ ക്രിസ്ത്യന്‍ യുവതിക്ക് 28 വയസ്സാണ്. മൂന്നാമത്തെ കുഞ്ഞിനെ പ്രസവിച്ചപ്പോള്‍ പ്രസവം നിര്‍ത്തുന്നതിനെ കുറിച്ചാലോചിച്ചിരുന്നെങ്കിലും ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും എതിര്‍ത്തു. ക്രിസ്ത്യന്‍ മാനേജ്മെന്റിന്റെ കീഴിലുള്ള ആശുപത്രിയായതിനാല്‍ ഡോക്ടര്‍മാര്‍ക്കും താത്പര്യമുണ്ടായിരുന്നില്ല.പ്രസവം നിര്‍ത്താന്‍ ഭര്‍ത്താവും ആശുപത്രിക്കാരും അനുമതി നല്‍കാത്തതിനാല്‍ തന്നെ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളാണ് ഇവര്‍ സ്വീകരിച്ചിരുന്നത്.
തുടര്‍ച്ചയായുള്ള ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം ഇവരില്‍ വൈകാരിക വിക്ഷോഭങ്ങളുണ്ടാക്കി. നാലാമതും ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭമലസിപ്പിക്കാന്‍ പല ആശുപത്രികളെയും സമീപിച്ചെങ്കിലും കുട്ടിശാപം കിട്ടുമെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ പിന്തിരിപ്പിച്ചു. ഒടുവില്‍ പോയ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞത് ഇങ്ങനെ പട്ടികളെ പോലെ പെറ്റുകൂട്ടരുതെന്നാണ്. തീരുമാനങ്ങളെന്നത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമാണെന്ന തലത്തിലാണ് അവിടുത്തെ ഡോക്ടര്‍മാര്‍ ആ സ്ത്രീയോട് പെരുമാറിയത്. ഒരു വിഭാഗം പുരുഷന്‍മാരും ഡോക്ടര്‍മാരും പ്രസവം നിര്‍ത്താനുള്ള തീരുമാനമെടുക്കാന്‍ സ്ത്രീക്ക് അവകാശമില്ലെന്ന് കരുതുമ്പോള്‍ മറു വിഭാഗം തുടര്‍ച്ചയായി പ്രസവിക്കുന്ന സ്ത്രീയുടെ മേല്‍ മാത്രമാണ് കുറ്റം ചാരുന്നത്.

''പ്രീമാരിറ്റല്‍ കൗണ്‍സിലിങ്ങില്‍ ഗര്‍ഭനിരോധനം നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം ണ്ട. ചില സമുദായങ്ങളില്‍ പ്രിമാരിറ്റല്‍ കൗണ്‍സിലിങ്ങ് നല്‍കുന്നതില്‍ പലപ്പോഴും കോപ്പര്‍ ടീ ഉപയോഗത്തിന് എതിരെ വരെ സംസാരിച്ചു കേള്‍ക്കുന്നുണ്ട്. അതിനാല്‍ തന്നെ സര്‍ക്കാരിന്റെ പിന്തുണയോടെ സമാന്തരമായി പ്രീമാരിറ്റല്‍ കൗണ്‍സലിങ് സെന്ററുകള്‍ തുടങ്ങണ്ടേതുണ്ട്,''ഒരു സ്ത്രീക്ക് പ്രസവം നിര്‍ത്താന്‍ ഭര്‍ത്താവിന്റെ സമ്മതമില്ലെന്നാണ് മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ പറയുന്നത്. എന്നാല്‍ ആ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് കടകവിരുദ്ധമായ നിലപാടാണ് പല ഗൈനക്കോളജിസ്റ്റുകളും ആശുപത്രികളും പിന്തുടരുന്നതെന്ന് ഫോറന്‍സിക് സര്‍ജനായ ഡോ. വീണ ജെ.എസ് പറയുന്നു.
''രണ്ട് ആരോഗ്യമുള്ള കുട്ടികളായാല്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും ഞങ്ങള്‍ പ്രസവം നിര്‍ത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരണം നല്‍കാറുണ്ട്. വന്ധ്യകരണത്തിന് ഭാര്യയെ അനുമതിക്കാതെ 10% ക്കാര്‍ എപ്പോഴുമുണ്ട്. ആറാമത്തെ സിസേറിയന്‍ ചെയ്താലും കുഴപ്പമില്ലാത്ത യൂട്രസ് പൊട്ടിയാലും കുഴപ്പമില്ലാത്ത വിഭാഗക്കാര്‍ എല്ലാ മതത്തിലുമുണ്ട്. മൂന്നും നാലും പ്രസവം കഴിഞ്ഞിട്ടും പ്രസവം നിര്‍ത്താത്തത് കുട്ടികളെ നോക്കാന്‍ കഴിവുണ്ട് ഞങ്ങള്‍ക്കെന്ന തീര്‍ത്തും സാധാരണമായ മറുപടി കൊണ്ട് മറികടക്കാറാണ് പതിവ് ,'' ഡോ.ദീപ്തി.എം പറയുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് തന്റെ എട്ടാമത്തെ പ്രസവത്തിലെ സങ്കീര്‍ണ്ണതകള്‍ മൂലം മരിച്ച കോട്ടയത്തുകാരിയായ സ്ത്രീയുടെ വാര്‍ത്ത നാം ഇതോടെല്ലാം ചേര്‍ത്ത് വായിക്കേണ്ടതാണ്. മരിക്കുമ്പോള്‍ വെറും 46 വയസ്സ് മാത്രമായിരുന്നു അവരുടെ പ്രായം. കുട്ടികള്‍ മണ്ണ് വാരി തിന്നതിന്റെ പേരില്‍ വാര്‍ത്തകളിലിടം നേടിയ അമ്മയെ പ്രസവം നിര്‍ത്താന്‍ സമ്മതിക്കാതിരുന്ന ഭര്‍ത്താവിന്റെ നിലപാടും ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്.
ദാമ്പത്യത്തിലെ ലൈംഗികതയില്‍ പലപ്പോഴും സ്ത്രീക്ക് തീരുമാനമെടുക്കാന്‍ കഴിയാതെ വരുന്നതുപോലെ തന്നെ ഗൗരവതരമാണ് പ്രസവം നിര്‍ത്തലില്‍ ഒരു സ്ത്രീക്ക് സ്വന്തമായി അഭിപ്രായം സ്വീകരിക്കാന്‍ കഴിയാതെ പോകുന്ന സ്ഥിതിവിശേഷവും.
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
Content Highlight: Birth Control, women issues