നെല്ലായി (തൃശ്ശൂർ): ഈറ്റപ്പായയിൽ വരയ്ക്കുന്ന ചിത്രങ്ങളായിരുന്നു ബിന്ദുവിനെ ഇതുവരെ ജീവിപ്പിച്ചത്. പക്ഷേ, ഇപ്പോൾ അവയുടെ നിറം ചോർന്നുതുടങ്ങി. ‘‘ഇനി വരച്ചിട്ടും കാര്യമില്ലെന്ന് അവർ പറഞ്ഞു. ഞാനും മക്കളും എങ്ങനെ ജീവിക്കും?’’ കോവിഡ് തുടങ്ങിയ നാൾമുതൽ നെല്ലായി കൊളത്തൂരിൽ കിഴക്കേപുരയ്ക്കൽ വീട്ടിൽ ബിന്ദു ആധിയിലാണ്. പാതിവഴിയിൽ ഒറ്റയ്ക്കായിപ്പോയ ഈ അമ്മ 25 കൊല്ലമായി വരച്ചുതുടങ്ങിയ ജീവിതചിത്രമാണ് ഈ കോവിഡ് കാലം കീറിക്കളയുന്നത്. ‘‘മോന് രണ്ടരവയസ്സുള്ളപ്പോൾ മക്കളുടെ അച്ഛൻ ഉപേക്ഷിച്ചുപോയതാണ്. അന്നുമുതൽ ചിത്രംവരച്ച് വിറ്റാണ് ജീവിക്കുന്നത്. അവനിപ്പോ പതിനാറു കഴിഞ്ഞു. കുട്ടികളെ നോക്കണമെന്നതിനാൽ വേറെ ജോലിക്ക് പോകാനായില്ല.’’ -ബിന്ദു പറഞ്ഞു.
പത്തൊൻപതാം വയസ്സിൽ വീട്ടുകാർക്ക് ഇഷ്ടമില്ലാഞ്ഞിട്ടും ചിത്രകല പഠിച്ച ബിന്ദു, പിന്നീട് ജീവിതം വഴിമുട്ടിയപ്പോൾ കല ഉപജീവനമാർഗമാക്കുകയായിരുന്നു. കുട്ടികളെ പരിപാലിക്കുന്നതിനിടയിൽ വീട്ടിലിരുന്നുതന്നെ ചിത്രങ്ങൾ വരച്ചു. ബിരുദം പൂർത്തിയാക്കിയ മകൾ ദേവഗംഗയെയും പ്ലസ് വൺ കഴിഞ്ഞ മകൻ ദേവഹർഷനെയും പഠിപ്പിച്ചത് 13 വർഷമായി ചെയ്യുന്ന പെയിൻറിങ് കൊണ്ടാണ്. സ്വന്തമായി വീടില്ല ഇപ്പോഴും. നിശ്ചയദാർഢ്യം മാത്രമുണ്ട് കൂട്ടിന്.
ഒരു ചിത്രം വരച്ചുകൊടുത്താൽ 130 രൂപയാണ് കിട്ടുക. ഒരു മാസം അമ്പതിലേറെ ചിത്രങ്ങൾ വരയ്ക്കും. കേരളീയ ശൈലിയിലുള്ള സ്ത്രീരൂപങ്ങളും ദൈവരൂപങ്ങളുമാണ് വരയ്ക്കുന്നത്. ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള ഒരു സ്ഥാപനത്തിന് വേണ്ടിയാണ് ചിത്രങ്ങൾ. സ്ഥാപനത്തിൽനിന്ന് ഈറ്റപ്പായകൾ കൊണ്ടുവന്ന് വരച്ചശേഷം തിരികെക്കൊടുക്കും. എറണാകുളത്തെയും തൃശ്ശൂരിലെയും കരകൗശലവിൽപ്പന ശാലകൾക്കാണ് ചിത്രങ്ങൾ കൈമാറുന്നത്. അർഹിക്കുന്ന പ്രതിഫലം കിട്ടുന്നില്ലെങ്കിലും പട്ടിണിയില്ലായിരുന്നു.
അതിനിടയിലാണ് കോവിഡും ലോക്ഡൗണും. വിൽപ്പനയില്ലാത്തതിനാൽ ചിത്രങ്ങൾ ഇനിമുതൽ വേണ്ടെന്നാണ് സ്ഥാപനമുടമ പറയുന്നത്. അതോടെ ഏപ്രിൽ മുതൽ വര നിർത്തി. അരി റേഷൻകടയിൽനിന്ന് കിട്ടുന്നതുകൊണ്ട് പട്ടിണികൂടാതെ കഴിയുന്നു. കൊടകര കാവുംതറയിലെ കനാൽപുറമ്പോക്കിൽ ഒറ്റമുറി കൂരയിലായിരുന്നു ബിന്ദുവും മക്കളും. വാടക വേണ്ടെന്ന കാരുണ്യത്തിൽ കൊളത്തൂരിലെ ഒരു വീട്ടിലാണ് ഇപ്പോൾ. സഹായിക്കാൻ മനസ്സുകാണിച്ച ഒരു ഡോക്ടറുടെ നന്മയിലാണ് ഇത്. നിരാശ്രയരായ വീട്ടമ്മമാർക്കുള്ള പെൻഷനുവേണ്ടിയും സ്വന്തമായി ഭൂമിക്കും വീടിനും വേണ്ടിയും കൊടുത്ത അപേക്ഷകൾ അധികൃതർ ഇതുവരെ പരിഗണിച്ചില്ല.
Content Highlights: Bindu an artist, bamboo mat painter in corona crisis seeks help, Nellayi Thrissur