തങ്ങളുടെ സ്വകാര്യജീവിതത്തില്‍ സംഭവച്ച പല മോശപ്പെട്ട കാര്യങ്ങളും പ്രശസ്തരായ ആളുകള്‍ പിന്നീട് തുറന്നു പറയാറുണ്ട്. വര്‍ഷങ്ങളോളം നീണ്ടുനിന്ന മദ്യപാനം തന്നെ അടിമുടി തകര്‍ത്തുകളഞ്ഞിരുന്നുവെന്നും എന്നാല്‍ സ്വയം സ്‌നേഹിച്ചുതുടങ്ങിയതോടെ ആ അടിമത്വത്തില്‍ നിന്ന് കരകയറാന്‍ കഴിഞ്ഞുവെന്നും പോപ് ഗായിക ജെസീക്ക സിംപ്‌സണ്‍  അടുത്തകാലത്ത് തുറന്ന് പറഞ്ഞിരുന്നു.

സമാനമായ തുറന്നുപറച്ചില്‍ നടത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് അമേരിക്കന്‍ പാട്ടുകാരിയും ഗ്രാമി പുരസ്‌കാര ജേതാവുമായ ബില്ലി എലിഷ്. പതിനൊന്നാം വയസ്സില്‍ താന്‍ അശ്ലീല വീഡിയോകള്‍ കാണാന്‍ തുടങ്ങിയതായി താരം വെളിപ്പെടുത്തി. സൈറിയസ് എക്‌സ് എം. റേഡിയോയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹോവാഡ് സ്‌റ്റേണ്‍ ഷോയിലാണ് ബില്ലി തുറന്ന് പറച്ചില്‍ നടത്തിയത്. ആ ശീലം തന്നെ 'മസ്തിഷ്‌കത്തെ തകര്‍ത്തു കളഞ്ഞെന്നും' പേടി സ്വപ്‌നങ്ങള്‍ മാത്രമാണ് നല്‍കിയതെന്നും അവര്‍ പറഞ്ഞു. 'അശ്ലീല ദൃശ്യങ്ങള്‍ മാനക്കേട് ഉണ്ടാക്കുന്ന ഒരു കാര്യമായാണ് എനിക്ക് തോന്നുന്നത്. സത്യം പറയാമല്ലോ, ഞാന്‍ ഒരുപാട് പോണ്‍ ദൃശ്യങ്ങള്‍ കണ്ടിട്ടുണ്ട്. 11 വയസ്സ് പ്രായമുള്ളപ്പോള്‍ മുതല്‍ ഞാന്‍ പോണ്‍ കണ്ടുതുടങ്ങിയിരുന്നു'-19-കാരിയായ എല്ലിഷ് മനസ്സ് തുറന്നു.

'അത് എന്റെ മസ്തിഷ്‌കത്തെ തകര്‍ത്തു കളഞ്ഞു. ഒരുപാട് പോണ്‍ദൃശ്യങ്ങള്‍ കണ്ടതിനാല്‍ എനിക്ക് അവിശ്വസനീയമാംവിധത്തില്‍ നാശം സംഭവിച്ചതായി തോന്നുന്നു. പോണ്‍ ദൃശ്യങ്ങളിലെ അക്രമാസക്തമായ ഉള്ളടക്കം പേടി സ്വപ്‌നങ്ങള്‍ മാത്രമാണ് നല്‍കിയത്'-താരം പറഞ്ഞു.

ഇക്കാര്യത്തെക്കുറിച്ച് തന്റെ അമ്മയോട് പറഞ്ഞപ്പോള്‍ അവര്‍ ഭയപ്പെട്ടുപോയതായും ബില്ലി പറഞ്ഞു. 

 ലോസ് ആഞ്ജലിസില്‍ ജനിച്ച ബില്ലി എലിഷ് ഏഴ് ഗ്രാമി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 2016-ല്‍ പുറത്തിറങ്ങിയ 'ഓഷ്യന്‍ ഐസ്' എന്ന ഗാനത്തിലൂടെയാണ് ബില്ലി ശ്രദ്ധ നേടുന്നത്.

Content highlights: billie eilish started watching porn, when she was elevan, how porn affected her