മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും ലോകത്തിലെ ഏറ്റവും വലിയ കോടിശ്വരരായ ദമ്പതികള്‍ എന്നതു മാത്രമല്ല ലോകത്തിനേറെ നന്മ ചെയ്ത ദമ്പതികളായും അറിയപ്പെടുന്നവരാണ്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ചാരിറ്റി സംഘടനയായ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ മുതല്‍ ബില്‍ഗേറ്റ്‌സിന്റെ ജീവിതത്തിലെ ഓരോ ചുവടുവയ്പിലും മെലിന്‍ഡയും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടാണ്  ഇരുവരും ഇരുപത്തിയേഴ് വര്‍ഷത്തെ വിവാഹജീവിതത്തിന് വിരാമമിടാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്ന വാര്‍ത്ത പുറത്തു വിട്ടത്.
തങ്ങളുടെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ഒപ്പം വളരാനാവില്ലെന്നു മനസ്സിലാക്കിയതാണ് വിവാഹ മോചനത്തിനു കാരണമെന്ന് ബില്‍ഗേറ്റ്‌സ് പറഞ്ഞിരുന്നു.  മാതാപിതാക്കളുടെ വേര്‍പിരിയലിനെ പറ്റി മൂത്തമകള്‍ ജെന്നിഫര്‍ ഗേറ്റ്‌സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് സ്റ്റോറി വൈറലാകുകയാണ് ഇപ്പോള്‍.

ഇരുപത്തഞ്ചുകാരിയായ മകള്‍ തന്റെ ഫോളോവേഴ്‌സിനോട് തന്റെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് എല്ലാ പിന്തുണയും നല്‍കണമെന്നും ആവശ്യപ്പെടുന്നുണ്ട്. 

jenniferkgates

'എന്റെ മാതാപിതാക്കളുടെ വിവാഹമോചനത്തെ പറ്റി നിങ്ങള്‍ അറിഞ്ഞുകാണുമല്ലോ. കുടുംബം വെല്ലുവിളി നിറഞ്ഞ ഒരു ഘട്ടത്തിലൂടെ കടന്നു പോവുകയാണ്. എന്റെ മാറ്റങ്ങള്‍ക്കും വികാരങ്ങള്‍ക്കും ഞാന്‍ തന്നെ പിന്തുണനല്‍കാനുള്ള വഴികള്‍ ഇനി സ്വയം കണ്ടെത്തേണ്ടി വരും, അതുപോലെ മറ്റ് കുടുംബാംഗങ്ങള്‍ക്കും. അവരുടെ വേര്‍പിരിയലിനെ പറ്റി ഞാന്‍ അഭിപ്രായങ്ങളൊന്നും പറയുന്നില്ല. എന്നാല്‍ നിങ്ങളുടെ ആശ്വാസവാക്കുകളും പിന്തുണയും എനിക്ക് വലുതാണ്. ഞങ്ങളുടെ ജീവിതത്തിലെ അടുത്ത തലത്തിലേക്കുള്ള യാത്രയില്‍ ഞങ്ങളുടെ സ്വകാര്യതയെ നിങ്ങള്‍ മാനിക്കുന്നതിന് നന്ദി അറിയിക്കുന്നു.' എന്നാണ് ജെന്നിഫര്‍ കുറിക്കുന്നത്.

Content Highlights; Bill And Melinda Gates' Daughter Calls Parents' Divorce challenging Stretch Of Time